ഡിഗ്രി പാസാകാത്തവർക്ക് പിജി പ്രവേശനം; കാലടി സർവകലാശാലയോട് വിശദീകരണം തേടി ഓഡിറ്റ് വകുപ്പ്

 

കൊച്ചി: ഡിഗ്രി പാസാകാത്ത വിദ്യാർഥികൾക്ക് പിജി പ്രവേശനം നൽകിയ സംഭവത്തിൽ കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയോട് വിശദീകരണം തേടി സംസ്ഥാന ഓഡിറ്റ് വകുപ്പ്. എംഎഫ്എ പാസായ കലേഷ്, എംഎ മലയാളം പാസായ നിവേദിത രാജ് എന്നിവരുടെ പ്രവേശനവുമായി ബന്ധപ്പെട്ടാണ് പരാതി ഉയർന്നിരിക്കുന്നത്.

ഇരുവരും ബിരുദപഠനം പൂർത്തിയാക്കിയിരുന്നെങ്കിലും പരീക്ഷ പാസായിരുന്നില്ലെന്നാണ് വിവരം. ഒരാൾ കാലടി സർവകലാശാലയിലും മറ്റൊരാൾ തുറവൂർ സെന്ററിലുമാണ് ഡിഗ്രിക്ക് പഠിച്ചത്. എന്നാൽ ബിരുദയോഗ്യതയില്ലാതിരുന്നിട്ടും ഇരുവർക്കും പിജിക്ക് പ്രവേശനം ലഭിക്കുകയും കോഴ്‌സ് പൂർത്തിയാക്കുകയും ചെയ്തു.

സംഭവത്തിൽ സംസ്ഥാന ഓഡിറ്റ് വകുപ്പ് നൽകിയ നോട്ടീസിന്റെ പകർപ്പ് മീഡിയവണ്ണിന് ലഭിച്ചു. സർവകലാശാലയിലെ അധ്യാപക നിയമനങ്ങളിൽ മാത്രമല്ല, വിദ്യാർഥി പ്രവേശനങ്ങളിലും ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്ന സംശയവും ഇതോടെ ഉയരുന്നുണ്ട്.

2021ൽ എംഎഫ്എ ഫൈൻ ആർട്സ് ന്യൂറൽ പെയിന്റിങ് വിഭാഗത്തിൽ പ്രവേശനം നേടിയ കലേഷ് 2023ലാണ് കോഴ്‌സ് പാസായത്. പിന്നീട് ജോലിക്കായി ഡിഗ്രി സർട്ടിഫിക്കറ്റിന് അപേക്ഷിച്ചപ്പോഴാണ് ബിരുദപരീക്ഷ പാസായിട്ടില്ലെന്ന വിവരം സർവകലാശാല അറിയിച്ചത്. നിവേദിത രാജിന്റെ കാര്യത്തിലും സമാനമായ സാഹചര്യമാണുണ്ടായത്.

പിജി പ്രവേശനത്തിനുള്ള എൻട്രൻസ് പരീക്ഷ എഴുതാൻ ഡിഗ്രിയുടെ നാലാം സെമസ്റ്റർ പാസായാൽ മതി. എന്നാൽ പ്രവേശനം നൽകിയശേഷം ആവശ്യമായ ബിരുദയോഗ്യതയുണ്ടെന്ന് സർട്ടിഫിക്കറ്റുകൾ പരിശോധിച്ച് ഉറപ്പുവരുത്തേണ്ടത് സർവകലാശാലയുടെ ഉത്തരവാദിത്തമാണ്. ഈ നടപടിയിൽ വീഴ്ചയുണ്ടായോ എന്നതടക്കമുള്ള കാര്യങ്ങളിലാണ് വിശദീകരണം തേടിയിരിക്കുന്നത്.

ഇരുവർക്കും എസ്എഫ്ഐ പശ്ചാത്തലമുണ്ടായിരുന്നുവെന്ന വിവരവും പുറത്തുവരുന്നുണ്ട്. സംഭവത്തിലെ ക്രമക്കേടുകൾ സംബന്ധിച്ച് വിശദീകരണം ആവശ്യപ്പെട്ട് ഈ മാസം 17നാണ് ഓഡിറ്റ് വകുപ്പ് സർവകലാശാലയ്ക്ക് നോട്ടീസ് നൽകിയത്.

Leave a Reply

Your email address will not be published. Required fields are marked *