പനയം പാടം അപകടം: ലോറി ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കുമെന്ന് മന്ത്രി, ഔദ്യോഗിക വാഹനം ഓടിച്ച് റോഡിൽ പരിശോധന നടത്തി
പാലക്കാട്: പനയംപാടത്ത് അപകടം ഉണ്ടാക്കിയ ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കുമെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ്‌കുമാർ. റോഡുമായി ബന്ധപ്പെട്ട നാട്ടുകാരുടെ ആശങ്കകൾ പരിശോധിച്ച് ഉടൻ നടപടി ആവശ്യപ്പെടുമെന്നും മന്ത്രി അറിയിച്ചു. അപകടം സംഭവിച്ച പനയംപാടം സന്ദർശിച്ച ഗണേഷ് കുമാർ, ഔദ്യോഗിക വാഹനം ഓടിച്ച് റോഡിൽ പരിശോധന നടത്തി.drivers
ലോറി ഡ്രൈവർമാരായ കാസര്‍കോട് സ്വദേശി മഹേന്ദ്രപ്രസാദ്, മലപ്പുറം സ്വദേശി പ്രജിന്‍ ജോണ്‍ എന്നിവരുടെ ലൈസൻസ് ആണ് റദ്ദാക്കുക. “വിദഗ്ദ അഭിപ്രായങ്ങളും നാട്ടുകാരുടെ അഭിപ്രായങ്ങളും എല്ലാം പരിഗണിച്ച് ചർച്ച നടത്തും. തീരുമാനം എടുത്തതിന് ശേഷം ദേശീയപാത അതോറിറ്റിയോട് ഫണ്ട് ആവശ്യപ്പെടും. കിട്ടിയില്ലെങ്കിൽ റോഡ് സേഫ്റ്റി അതോറിറ്റിയിൽ നിന്ന് തുക ചെലവാക്കും. റോഡിൽ കോൺക്രീറ്റ് ഡിവൈഡർ സ്ഥാപിക്കും. സുരക്ഷ ഉറപ്പാക്കാൻ NHAI അധികൃതരായി ചർച്ച ചെയ്ത് നടപടികൾ സ്വീകരിക്കും. മുണ്ടൂർ, തച്ചമ്പാറ മേഖലയിലെ പ്രശ്നങ്ങളും പരിഹരിക്കും,” ഗണേഷ് കുമാർ വ്യക്തമാക്കി.
രണ്ട് ദിവസം മുൻപാണ് പാലക്കാട് കരിമ്പയിൽ ലോറി മറിഞ്ഞ് നാല് പെൺകുട്ടികൾ മരിച്ചത്. സിമന്റ് കയറ്റിവന്ന ലോറി മറ്റൊരു ലോറിയിൽ ഇടിച്ച് കുട്ടികളുടെ മുകളിലേക്ക് മറിയുകയായിരുന്നു. കരിമ്പ ഹയര്‍ സെക്കന്ററി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥികളാണ് മരിച്ച നാല് പേരും. സംഭവത്തിൽ രണ്ട് ഡ്രൈവർമാരെയും മണ്ണാര്‍ക്കാട് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു.