പരിവാർ പകരം വെക്കാനില്ലാത്ത മഹൽ സംഘടന; സയ്യിദ് പി എം എസ് ഇമ്പിച്ചി കോയ തങ്ങൾ
കാവനൂർ പഞ്ചായത്ത് പരിവാർ കമ്മറ്റിയുടെ വാർഷിക ജനറൽ ബോഡി യോഗവും മെമ്പർഷിപ് ക്യാമ്പയിനും നടത്തി. പരിപാടി സയ്യിദ് പി എം സ് ഇമ്പിച്ചി കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. മാനസിക വെല്ലുവിളി നേരിടുന്നവർക്ക് വേണ്ടി പരിവാറിനോളം സേവന നിരതരായ മറ്റൊരു സംഘടനയെ ദേശീയ – സംസ്ഥാന തലത്തിലും പ്രത്യേകിച്ച് മലബാറിലും കാണാൻ കഴിയില്ലന്നും, തനിക്ക് ശേഷം എൻ്റെ കുട്ടിക്ക് ആര് എന്ന ആകുലതക്ക് പരിവാർ എന്ന് ഉത്തരം കണ്ടത്താൻ മാത്രം രക്ഷിതാക്കളുടെ മനസിന് സന്തോഷം നൽകുന്ന പ്രവർത്തനമാണ് പരിവാർ നേതാക്കളിൽ നിന്നും പ്രവർത്തകരിൽ നിന്നും കാണാൻ കഴിയുന്നതന്നും സയ്യിദ് പി എം സ് തങ്ങൾ പറഞ്ഞു.
സ്വന്തം അവകാശങ്ങളോ, ആവശ്യങ്ങളോ തിരിച്ചറിയാൻ സാധിക്കാത്ത, മാനസിക വെല്ലുവിളി നേരിടുന്ന ഈ മക്കളും ഈ സമൂഹത്തിന്റെ ഭാഗമാണെന്നും, അവർക്കും അവരുടെ കുടുംബത്തിനും പരിവാർ എന്നും താങ്ങും തണലുമാണെന്നും തങ്ങൾ പറഞ്ഞു. ആയതിനാൽ പരിവാറിനും അതിന്റെ പ്രവർത്തകർക്കും എല്ലാവിധ ശക്തിയും സഹായവും, പിന്തുണയും നൽകണമെന്ന് പൊതു സമൂഹത്തോട് തങ്ങൾ ഓർമിപ്പിച്ചു. പരിവാർ ജില്ലാ കോ – ഓർഡിനേറ്ററും, സംസ്ഥാന ഉപാധ്യക്ഷനുമായ ജാഫർ ചാളക്കണ്ടി, പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ മാരായ ഇബ്രാഹിം മാസ്റ്റർ, സൈഫു തുടങ്ങിയവർ പരിവാർ മെമ്പർമാർക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്ത്, ആശംസകളർപ്പിച്ചു സംസാരിച്ചു.
സൈനുദ്ധീൻ പൊന്നാട് “പരിവാർ എന്ത്, എന്തിന്, പരിവാറിന്റെ പ്രവർത്തന മേഖലലകൾ” എന്ന വിഷയവതരണത്തിന് ശേഷം, പരിവാർ ബ്ലോക്ക്‌സെക്രട്ടറി സലാം കിഴശ്ശേരിയുടെയും സൈനുദ്ധീൻ പൊന്നാടിന്റെയും നേതൃത്വത്തിൽ പുതിയ കമ്മിറ്റി രൂപീകരിച്ചു. പരിവാർ പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ അധ്യക്ഷം വഹിച്ച സദസ്സിന് അബ്ദുള്ള മൗലവി സ്വാഗതവും, വാസു നന്ദിയും പറഞ്ഞു.