ഓടുന്ന ട്രെയിനിൽ ഫോൺ നോക്കിക്കൊണ്ടിരിക്കെ തട്ടിപ്പറിച്ച് പുറത്തേക്ക് ചാടുന്ന വിരുതൻ പിടിയിൽ

കൊച്ചി: ഓടുന്ന ട്രെയിനുകളിൽനിന്ന് യാത്രക്കാരുടെ മൊബൈൽ ഫോണുകൾ തട്ടിപ്പറിച്ച് പുറത്തേക്ക് ചാടി രക്ഷപ്പെടുന്ന അന്തർസംസ്ഥാന മോഷ്ടാവിനെ എറണാകുളം സൗത്ത് റെയിൽവേ പൊലീസും ആർ.പി.എഫും ചേർന്ന് പിടികൂടി. ഇരുനൂറിലധികം സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്.
കഴിഞ്ഞ ശനിയാഴ്ച രാവിലെ 8.25ഓടെ തിരുവനന്തപുരം-മുംബൈ ട്രെയിൻ (16332) എറണാകുളം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപം എത്തിയപ്പോഴായിരുന്നു ഒരു മോഷണം. യാത്രക്കാരൻ ഉപയോഗിച്ചുകൊണ്ടിരുന്ന മൊബൈൽ ഫോൺ തട്ടിപ്പറിച്ച പ്രതി ഓടുന്ന ട്രെയിനിൽനിന്ന് ചാടി രക്ഷപ്പെടുകയായിരുന്നു.
സെപ്റ്റംബർ 16നും സമാനരീതിയിൽ മോഷണം നടന്നിരുന്നു. തിരുവനന്തപുരത്തുനിന്ന് മംഗളൂരുവിലേക്ക് പോയ ട്രെയിനിൽ (16347) കയറിയ പ്രതി എറണാകുളം പുല്ലേപ്പടി ഭാഗത്തെത്തിയപ്പോൾ യാത്രക്കാരന്റെ മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ട്രെയിനിൽനിന്ന് ചാടി രക്ഷപ്പെടുകയായിരുന്നു.
രണ്ട് സംഭവങ്ങളിലും എറണാകുളം സൗത്ത് റെയിൽവേ പൊലീസ് കേസുകൾ രജിസ്റ്റർ ചെയ്തു. തുടർന്ന് റെയിൽവേ പൊലീസും എറണാകുളം സൗത്ത് ആർ.പി.എഫും സി.പി.ഡി.എസ് സ്ക്വാഡും സംയുക്തമായി പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചു. ഇരുനൂറിലധികം സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിലൂടെ രണ്ട് മോഷണങ്ങൾക്കു പിന്നിലും ഒരേ പ്രതിയാണെന്ന് തിരിച്ചറിഞ്ഞു. തുടർന്നുള്ള വിശദമായ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
ആർ.പി.എഫ് സീനിയർ ഡിവിഷനൽ സെക്യൂരിറ്റി കമീഷണർ മുഹമ്മദ് ഹനീഫ്, റെയിൽവേ എസ്.പി കൃഷ്ണകുമാർ എന്നിവരുടെ നിർദേശപ്രകാരം റെയിൽവേ ഡി.വൈ.എസ്.പി ജോർജ് ജോസഫ്, ആർ.പി.എഫ് അസിസ്റ്റന്റ് സെക്യൂരിറ്റി കമീഷണർ രതീഷ് ബാബു, എറണാകുളം സൗത്ത് ആർ.പി.എഫ് ഇൻസ്പെക്ടർ ബിനോയ് ആന്റണി, റെയിൽവേ പൊലീസ് സി.ഐ വിപിൻ, എസ്.എച്ച്.ഒ സുനിൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
സി.പി.ഡി.എസ് സ്ക്വാഡ് അംഗങ്ങളായ എ.എസ്.ഐ ശ്രീജിത്ത്, എം.വി. അജയഘോഷ്, അനീഷ് തോമസ്, ഷിജു പി., സി.പി. ജോസഫ്, ഡാൻസാഫ് അംഗങ്ങളായ തോമസ്, മാർട്ടിൻ, ഹരികൃഷ്ണൻ, അർജുൻ, സഹേഷ്, രാജേഷ് എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
