ഷെഫാലിക്കും പ്രതികക്കും ഫിഫ്റ്റി, വൈഷ്‌ണവിക്ക് ഫൈഫർ; ഏകദിന പരമ്പരയും തൂത്തുവാരി ഇന്ത്യ

വഡോദര: സിംബാബ്‌വെക്കെതിരെയുള്ള ഏകദിന പരമ്പര തൂത്തുവാരി ഇന്ത്യൻ വനിതകൾ. വഡോദരയിൽ നടന്ന മൂന്നാം മത്സരത്തിൽ എട്ട് വിക്കറ്റിന് വിജയിച്ചാണ് ഇന്ത്യൻ സംഘം പരമ്പര സ്വന്തമാക്കിയത്. മത്സരത്തിൽ സിംബാബ്‌വെ ഉയർത്തിയ 132 റൺസിന്റെ വിജയലക്ഷ്യം ടീം വെറും 17 ഓവറിൽ മറികടക്കുകയായിരുന്നു.

പ്രതിക റാ​വ​ലിന്റെയും ഷെഫാലി വർമയുടെയും അർധ സെഞ്ച്വറികളും വൈഷ്‌ണവി ശർമയുടെ അഞ്ച് വിക്കറ്റ് നേട്ടത്തിന്റെയും കരുത്തിലാണ് ഇന്ത്യയുടെ വിജയം. ഇതോടെ ട്വന്റി20 പരമ്പരക്ക് പിന്നാലെ ക്യാപ്റ്റൻസി അരങ്ങേറ്റത്തിൽ ഏകദിന പരമ്പരയും സ്‌മൃതി മന്ദാനക്ക് തൂത്തുവാരാൻ സാധിച്ചു.

മത്സരത്തിൽ ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ സിംബാബ്‌വെയെ ഇന്ത്യൻ സംഘം വരിഞ്ഞു മുറുക്കി. സിംബാബ്‌വെ 39.5 ഓവറിൽ 131 റൺസിന് പുറത്തായി. ഓപ്പണർ മോഡസ്റ്റർ മുപ്പചിക്വ 48 പന്തിൽ 37 റൺസെടുത്ത് സിംബാബ്‌വെയുടെ ടോപ് സ്കോററായി. ക്യാപ്റ്റൻ ജോസഫിൻ എൻകോമോയും (67 പന്തിൽ 35) ചിയഡ്സ ധുരുരു (39 പന്തിൽ 20) എന്നിവരും ഭേദപ്പെട്ട പ്രകടനം നടത്തി.

പത്ത് ഓവറിൽ 39 റൺസ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ വൈഷ്‌ണവി ശർമയാണ് സിംബാബ്‌വെയുടെ നടുവൊടിച്ചത്. സയാലി സത്ഗരെയും ക്രാന്തി ഗൗഡും രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി.

മറുപടി ബാറ്റിങ്ങിൽ ആദ്യ പന്തിൽ തന്നെ ഇന്ത്യക്ക് ഓപ്പണർ യഷ്തിക ഭാട്ടിയയെ നഷ്ടമായി. പിന്നാലെ പ്രതിക റവാലും ഹർലീൻ ഡിയോളും ചേർന്ന് അർധ സെഞ്ച്വറി കൂട്ടുകെട്ടുയർത്തി. 19 പന്തിൽ 19 റൺസുമായി ഹർലീൻ മടങ്ങിയെങ്കിലും റവാൽ പിന്നാലെത്തിയ ഷെഫാലി വർമ്മയുമായി ചേർന്ന് ഇന്ത്യയെ വിജയിപ്പിക്കുകയായിരുന്നു. പ്രതിക 56 പന്തിൽ 59 റൺസെടുത്ത് പുറത്താകാതെ നിന്നപ്പോൾ ഷെഫാലി 26 പന്തിൽ പുറത്താകാതെ 51 റൺസും എടുത്തു.