പ്ലസ് വൺ സീറ്റ് വിഷയം ; കലക്ട്രേറ്റിന് മുന്നിൽ ഉപവസിച്ചും, മാർക്ക് ലിസ്റ്റ് കത്തിച്ചും പ്രതിഷേധം.
മലപ്പുറം: പ്ലസ് വൺ മതിയായ അധിക ബാച്ചുകൾ അനുവദിക്കാത്ത മലപ്പുറം വിവേചന ഭീകരതക്കെതിരെ വിദ്യാർത്ഥികളും രക്ഷിതാക്കളും കലക്ട്രേറ്റ് പിടിക്കൽ ഉപവസിക്കുകയും മാർക്ക് ലിസ്റ്റ് കത്തിച്ചു പ്രതിഷേധിക്കുകയും ചെയ്തു. വെൽഫെയർ പാർട്ടി ജില്ലാ ജനറൽ സെക്രട്ടറി കെ.വി സഫീർ ഷാ ഉദ്ഘാടനം ചെയ്തു.
ശാശ്വതമായ പരിഹാരത്തിന് ഇനിയും സർക്കാർ തയ്യാറായില്ലെങ്കിൽ വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും സംഘടിപ്പിച്ച് ജില്ലയിൽ വ്യാപക പ്രക്ഷോഭത്തിന് വെൽഫെയർ പാർട്ടിയും ഫ്രറ്റേണിറ്റിയും നേതൃത്വം നൽകുമെന്നും അദ്ധേഹം പറഞ്ഞു. ജില്ലയിലെ മുഴുവൻ നിയോജക മണ്ഡലങ്ങളിലെയും എം.എൽ.എ ഓഫീസുകളിലേക്ക് ജസ്റ്റിസ് വിജിൽ എന്ന പേരിൽ പ്രതിഷേധം സംഘടിപ്പിക്കും. താൽകാലിക ബാച്ചുകൾ എന്ന വഞ്ചന തുടരാനാണ് സർക്കാർ ശ്രമിക്കുന്നത്. ജനകീയ സദസ്സുകളിലൂടെ സർക്കാറിൻ്റെയും വിദ്യാഭ്യാസ വകുപ്പിൻ്റെയും ഉദ്യോഗസ്ഥ വീഴ്ചകളെയും കുറിച്ച് വിചാരണ ചെയ്യുമെന്നും ഫ്രറ്റേണിറ്റി ജില്ലാ ജനറൽ സെക്രട്ടറി ബാസിത് താനൂർ പറഞ്ഞു.
ബാസിത് താനൂർ അധ്യക്ഷത വഹിച്ചു. വുമൺ ജസ്റ്റിസ് ജില്ലാ പ്രസിഡന്റ് റജീന വളാഞ്ചേരി, ജില്ലാ വൈസ് പ്രസിഡൻ്റ് വി.ടി.എസ്. ഉമർ തങ്ങൾ, ജില്ലാ സെക്രട്ടറിമാരായ ഫായിസ് എലാങ്കോട്, സുജിത്ത് മങ്കട, ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ റമീസ് ചാത്തല്ലൂർ, മുബീൻ മലപ്പുറം മൂന്ന് അലോട്മെന്റ് കഴിഞ്ഞിട്ടും +1 സീറ്റ് ലഭിക്കാത്ത വിദ്യാർത്ഥി പ്രതിനിധികളായ. ഇസ്മാഈൽ, നദിർഷാ തുടങ്ങിയവർ ഉപവാസ സമരത്തിൽ സംസാരിച്ചു. മങ്കട മണ്ഡലം കമ്മിറ്റി അംഗം ഹാദി ചെറുകുളമ്പ്, വേങ്ങര മണ്ഡലം കമ്മിറ്റി അംഗം ഷബീറലി ആട്ടീരി തുടങ്ങിയവർ നേതൃത്വം നൽകി