അപകടത്തിൽ പരുക്കേറ്റവരെ നാട്ടുകാർ ആവശ്യപ്പെട്ടിട്ടും ആശുപത്രിയിലെത്തിച്ചില്ല; പൊലീസുകാർക്ക് സസ്‌പെൻഷൻ
ഇടുക്കി കട്ടപ്പനയിൽ അപകടത്തിൽപ്പെട്ടവരെ തിരിഞ്ഞു നോക്കാതെ പോയ സംഭവത്തിൽ രണ്ടു പൊലീസുകാർക്ക് സസ്‌പെൻഷൻ. കട്ടപ്പന ഡിവൈഎസ്പിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇടുക്കി എസ്പിയുടെതാണ് നടപടി. നെടുംകണ്ടം പോലീസ് സ്റ്റേഷനിലെ സിപിഒ മാരായ ആസാദ്, അജീഷ് എന്നിവർക്കാണ് സസ്‌പെൻഷൻ. ( Police officers get suspension for not taking injured to hospital )
കഴിഞ്ഞ ശനിയാഴ്ച കട്ടപ്പന നഗരത്തിൽ ഉണ്ടായ ബൈക്ക് അപകടത്തിൽ പരിക്കേറ്റവരെ നാട്ടുകാർ ആവശ്യപ്പെട്ടിട്ടും പൊലീസുകാർ ആശുപത്രിയിൽ കൊണ്ടുപോകാൻ കൂട്ടാക്കിയില്ല. പിന്നാലെ ഇവർക്കെതിരെ വലിയ വിമർശനം ഉയർന്നു. തുടർന്ന് കട്ടപ്പന ഡിവൈസ്പിയൂടെ അന്വേഷണത്തിൽ പോലീസുകാർക്ക് വീഴ്ച ഉണ്ടായതായി കണ്ടെത്തി.
ഇടുക്കി എസ്പി ആണ് സസ്‌പെൻഷൻ നടപടി സ്വീകരിച്ചത്. നെടുങ്കണ്ടം സ്റ്റേഷനിൽ നിന്ന് പ്രതിയുമായി പീരുമേട് സബ് ജയിലിലേക്ക് പോയ ശേഷം മടങ്ങിയെത്തിയ ജീപ്പാണ് പരുക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കാതെ പോയത്. അപകടത്തിൽ പരിക്കു പറ്റിയ രണ്ടു പേരെ നാട്ടുകാർ ഓട്ടോറിക്ഷയിൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.