‘പൂരം കലങ്ങി, ശരിയാക്കിയത് താനെന്ന് സുരേഷ് ഗോപി പ്രചരിപ്പിച്ചു’ – കൊച്ചിൻ ദേവസ്വം ബോർഡിന്റെ റിപ്പോർട്ട്

influenced voters with religious symbols; High Court notice to Suresh Gopi

 

കൊച്ചി: തൃശൂർ പൂരം കലക്കലുമായി ബന്ധപ്പെട്ട് സുരേഷ് ഗോപി അടക്കമുള്ള ബിജെപി നേതാക്കൾക്കും പൊലീസിനുമെതിരെ കൊച്ചിൻ ദേവസ്വം ബോർഡിന്റെ റിപ്പോർട്ട്. പൂരം അലങ്കോലമായി എന്ന് സുരേഷ് ഗോപി പ്രചരിപ്പിച്ചുവെന്നും താൻ ഇടപെട്ട് എല്ലാം ശരിയാക്കി എന്ന അസത്യവാർത്തയും സുരേഷ് ഗോപിയുടെ ഭാഗത്തുനിന്നും ഉണ്ടായെന്നും കൊച്ചിൻ ദേവസ്വം ബോർഡ് ചൂണ്ടിക്കാട്ടി. ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് വിമർശനം..

പൂരം അലങ്കോലമായതിന്റെ പ്രധാന കാരണം തിരുവമ്പാടി ദേവസ്വത്തിന്റെ ആശ്യാസമല്ലാത്ത സമ്മർദമാണെന്നാണ് കൊച്ചിൻ ദേവസ്വം ബോർഡ് റിപ്പോർട്ടിൽ ആരോപിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ സഹായിക്കാനുള്ള നീക്കം തിരുവമ്പാടി ദേവസ്വത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായി എന്ന സംശയവും ദേവസ്വം ബോർഡ് പ്രകടിപ്പിക്കുന്നുണ്ട്. തൃശൂർ പൂരം കലങ്ങിയതുമായി ബന്ധപ്പെട്ട ഹരജി നേരത്തേ തന്നെ ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. വിവിധ ദേവസ്വങ്ങളോട് ഇത് സംബന്ധിച്ച സത്യവാങ്മൂലം നൽകാനും കോടതി ആവശ്യപ്പെട്ടിരുന്നു. ഇന്ന് ഈ കേസ് പരിഗണിച്ചപ്പോഴാണ് കൊച്ചിൻ ദേവസ്വം ബോർഡ് റിപ്പോർട്ട് സമർപ്പിച്ചത്.

പൂരം അലങ്കോലപ്പെടുത്താൻ തിരുവമ്പാടി ദേവസ്വം ശ്രമിച്ചു എന്നാണ് റിപ്പോർട്ടിലെ ആരോപണം. ബിജെപിയെ സഹായിക്കാനുള്ള ഈ നീക്കത്തിന്റെ ഭാഗമായാണ് സംശയത്തിന്റെ നിഴലിൽ സുരേഷ് ഗോപിയെയും റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പൂരം അലങ്കോലമായെന്നും താൻ ഇടപെട്ടാണ് ശരിയാക്കിയതെന്നും സുരേഷ് ഗോപി പ്രചരിപ്പിച്ചുവെന്നും മറ്റ് ബിജെപി നേതാക്കളും അവിടെ എത്തിയത് ഗൂഢാലോചനയുടെ ഭാഗമാണെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്. വരും വർഷങ്ങളിൽ പൂരം നടത്തിപ്പിന് ഉന്നതാധികാര സമിതി വേണമെന്നാണ് റിപ്പോർട്ടിലെ ആവശ്യം. പൊലീസിന്റെ കടുത്ത നിയന്ത്രണം ജനങ്ങളെ ബുദ്ധിമുട്ടിച്ചെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

Leave a Reply

Your email address will not be published. Required fields are marked *