വന്യമൃഗ ശല്യത്തിൽ സർക്കാരിനെതിരെ കടുത്ത പ്രതിഷേധവുമായി വെറ്റിലപ്പാറ ഇടവക
വെറ്റിലപ്പാറ: ജനങ്ങളെ കൊലയ്ക്ക് കൊടുത്ത് വനം – വന്യജീവി നിയമങ്ങളുടെ പൊത്തിലൊളിക്കുന്ന സർക്കാർ നയങ്ങൾക്കെതിരെ വെറ്റിലപ്പാറ സെന്റ് അഗസ്റ്റിൻസ് ഇടവകയിലെ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനവും പ്രതിഷേധ സംഗമവും വെറ്റിലപ്പാറ അങ്ങാടിയിൽ സംഘടിപ്പിച്ചു.
വന്യജീവി ആക്രമണത്താൽ ജീവനും കൃഷിയും സ്വത്തും നഷ്ടപ്പെടുന്ന കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചായിരുന്നു താമരശ്ശേരി ബിഷപ്പിന്റെ ആഹ്വാനപ്രകാരം പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചത്. ഇടവക വികാരി ഫാ. അരുൺ വടക്കേൽ, കൈക്കാരൻമാരായ ജോണി കുരിശിങ്കൽ, സെനിത്ത് മറ്റപ്പള്ളിതടത്തിൽ, നോബിൾ കണിയാം കുഴിയിൽ, ഷിനോയ് കടപ്പൂരാൻ പാരീഷ് സെക്രട്ടറി ജോഷി കള്ളികാട്ട്, എ.കെ.സി.സി ഭാരവാഹികളായ സോജൻ നെല്ലിയാനിയിൽ, ജോഫി വെട്ടിക്കുഴിയിൽ എന്നിവർ നേതൃത്വം നൽകി.
‘വന്യമൃഗങ്ങൾ നാട്ടിലിറങ്ങി നാശം വിതയ്ക്കുന്നതിനു കാരണം കർഷകരാണെന്ന്’ പ്രഖ്യാപിച്ച റിപ്പോർട്ടുമായി നടക്കുന്ന വനംമന്ത്രിയേയും ഉദ്യോഗസ്ഥരേയും വനവാസത്തിന് വിടണമെന്നും വനംവകുപ്പിന്റെ കെടുകാര്യസ്ഥത വലിയ ദുരന്തമായി മാറിക്കൊണ്ടിരിക്കുകയാണെന്നും പ്രശ്നത്തിന് പരിഹാരം ഉണ്ടായില്ലെങ്കിൽ മലയോര ജനത ശക്തമായ പ്രതിഷേധവുമായി രംഗത്ത് വരുമെന്നും പങ്കെടുത്തവർ മുന്നറിയിപ്പു നൽകി.