കൂത്തുപറമ്പ് വെടിവെപ്പിൽ പരിക്കേറ്റ് കിടപ്പിലായ പുഷ്പൻ അന്തരിച്ചു

Pushpan, who was lying in bed, died of injuries in the Koothuparm firing

 

കണ്ണൂർ: കൂത്തുപറമ്പ് വെടിവെപ്പിലെ ജീവിക്കുന്ന രക്തസാക്ഷിയായിരുന്ന സിപിഎം പ്രവർത്തകൻ പുഷ്പന്‍ (54) അന്തരിച്ചു. വെടിവെപ്പിൽ ​ഗുരുതരമായി പരിക്കേറ്റ് കിടപ്പിലായിരുന്ന പുഷ്പന്‍ ഇന്ന് ഉച്ചകഴിഞ്ഞ് 3.30ഓടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ് മരണത്തിന് കീഴടങ്ങിയത്.

ആഗസ്റ്റ് രണ്ടിന് വൈകിട്ടാണ് അതീവഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് ഹൃദയാഘാതമുണ്ടായതിനെതുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മൂന്ന് പതിറ്റാണ്ടു നീണ്ട കിടപ്പുജീവിതത്തിനൊടുവിലാണ് അന്ത്യം സംഭവിക്കുന്നത്. 1994 നവംബർ 25ന് കേരളത്തെ നടുക്കിയ കൂത്തുപറമ്പ് പൊലീസ് വെടിവയ്പ്പിൽ അഞ്ച് ഡിവൈഎഫ്ഐ പ്രവർത്തകർ കൊല്ലപ്പെട്ടപ്പോൾ വെടിയേറ്റ് ശരീരം തളർന്ന് ജീവിതകാലം മുഴുവൻ ശയ്യയിൽ ആയ വ്യക്തിയാണ് പുഷ്പൻ.

വെടിവെപ്പില്‍ സുഷുമ്നാനാഡി തകര്‍ന്ന് 24ാം വയസിലാണ് അദ്ദേഹം കിടപ്പിലാവുന്നത്. അന്ന് മന്ത്രിയായിരുന്ന എം.വി രാഘവനെ തടയാനെത്തിയതായിരുന്നു പുഷ്പനടക്കമുള്ള സമരക്കാർ. കെ.കെ രാജീവൻ, കെ. ബാബു, മധു, കെ.വി റോഷൻ, ഷിബുലാൽ എന്നിവരാണ് അന്ന് കൊല്ലപ്പെട്ടത്.

സിപിഎം നോര്‍ത്ത് മേനപ്രം ബ്രാഞ്ചംഗം കൂടിയായിരുന്ന പുഷ്പനെ കാണാന്‍ നേരത്തെ ചെഗുവേരയുടെ മകള്‍ അലിഡ ഗുവേര മേനപ്രത്തെ വീട്ടിലെത്തിയിരുന്നു. ഡിവൈഎഫ്ഐ നിര്‍മിച്ചുനല്‍കിയ വീട്ടിലായിരുന്നു പുഷ്പന്റെ താമസം. കര്‍ഷകത്തൊഴിലാളികളായ പരേതരായ കുഞ്ഞിക്കുട്ടിയുടെയും ലക്ഷ്മിയുടെയും ആറു മക്കളില്‍ അഞ്ചാമനാണ് പുഷ്പന്‍. സഹോദരങ്ങള്‍: ശശി, രാജന്‍, അജിത, ജാനു, പ്രകാശന്‍.

Leave a Reply

Your email address will not be published. Required fields are marked *