‘രാഹുൽ ഗാന്ധി ‘നുണ യന്ത്രം’, അഗ്നിവീർ പദ്ധതിയെക്കുറിച്ച് പച്ചക്കള്ളം പ്രചരിപ്പിക്കുന്നു’: അമിത് ഷാ
ന്യൂഡൽഹി: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ ‘നുണ യന്ത്രം’ എന്ന് പരിഹസിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഹരിയാനയിലെ ബദ്ഷഹ്പുരിലെ ഒരു റാലിയിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. കോൺഗ്രസ് നേതാക്കളെല്ലാം അഗ്നിവീർ പദ്ധതിയെ കുറിച്ച് പച്ചക്കള്ളമാണ് പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. Amit Shah
‘കോൺഗ്രസിന്റെ രാഹുൽ നുണ പ്രചരണയന്ത്രമാണ്. പെൻഷനോടുകൂടിയ ജോലി നൽകാൻ സർക്കാർ തയ്യാറാകാത്തതിനാലാണ് അഗ്നിവീർ പദ്ധതി കൊണ്ടുവന്നതെന്ന് അദ്ദേഹം പറയുന്നു. സൈന്യത്തെ യുവത്വത്തോടെ നിലനിർത്താനാണ് അഗ്നിവീർ പദ്ധതി നടപ്പാക്കിയത്. നിങ്ങളാരും അഗ്നിവീർ പദ്ധതിയുടെ ഭാഗമായി മക്കളെ സൈന്യത്തിലേക്ക് അയക്കാൻ മടിക്കരുത്. എല്ലാ അഗ്നിവീറുകൾക്കും പെൻഷനോടുകൂടിയ ജോലി ലഭിക്കും. അഞ്ച് വർഷത്തിനു ശേഷം പെൻഷനോടുകൂടിയ ജോലിയില്ലാത്ത ഒരു അഗ്നിവീർ പോലും ഉണ്ടാകില്ല. അക്കാര്യത്തിൽ ആരും തന്നെ ഭയക്കേണ്ടതില്ല’ ഷാ പറഞ്ഞു.
കേന്ദ്ര സർക്കാർ ആവിഷ്കരിച്ച അഗ്നിവീർ പദ്ധതിയെ രാഹുൽ ഗാന്ധി രൂക്ഷമായി വിമർശിച്ചിരുന്നു. അഗ്നിവീർ എന്നത് ഉപയോഗശേഷം വലിച്ചെറിയുന്ന തൊഴിലാളിയാണെന്നും കുഴിബോംബ് സ്ഫോടനത്തിൽ ജീവൻ നഷ്ടമായ അഗ്നിവീറിനെ കേന്ദ്ര സർക്കാർ രക്തസാക്ഷിയെന്ന് വിളിച്ചില്ലെന്നും രാഹുൽ അടുത്തിയെ പാര്‍ലമെന്റില്‍ പറഞ്ഞിരുന്നു. അതേസമയം ഇതിനെതിരെ പ്രതിരോധ മന്ത്രി രാജ് നാഥ് സിങ് നേരത്തെ രംഗത്ത് വന്നിരുന്നു. രാഹുലിന്റേത് തെറ്റായപ്രസ്താവനയാണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.