‘പാർട്ടി ഫോറങ്ങളിൽ പറയേണ്ട കാര്യങ്ങൾ പുറത്തു പറഞ്ഞത് ഇരിക്കുന്ന പദവിയുടെ അന്തസ്സിന് നിരക്കുന്ന കാര്യമാണോ?’ അടൂർ പ്രകാശിനെ തള്ളി രാജ്മോഹൻ ഉണ്ണിത്താൻ എം.പി

തിരുവനന്തപുരം: യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് സർക്കാറിനെ പ്രതിരോധത്തിലാക്കി വാർത്തസമ്മേളനം നടത്തിയത് ശരിയായില്ലെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എം.പി. കേരളത്തിലെ സാധാരണക്കാരായ പ്രവർത്തകരുടെ വികാരമാണ് അദ്ദേഹം ഉയർത്തിക്കാട്ടേണ്ടതെന്നും ഉണ്ണിത്താൻ പറഞ്ഞു.
മുഖ്യമന്ത്രിക്കെതിരെ തുറന്നടിച്ചും അതൃപ്തി പരസ്യപ്പെടുത്തിയും അടൂർ പ്രകാശ് നടത്തിയ വാർത്തസമ്മേളനവുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ‘പാർട്ടിക്ക് അകത്ത്, പാർട്ടി ഫോറങ്ങളിൽ പറയേണ്ട കാര്യങ്ങൾ പത്രസമ്മേളനം വിളിച്ച് പറഞ്ഞാൽ, ഇരിക്കുന്ന പദവിയുടെ അന്തസ്സിന് നിരക്കുന്ന കാര്യമാണോ അത്? അനൗചിത്യമുള്ള കാര്യമല്ലേ. അത് യു.ഡി.എഫ് കൺവീനറുടെ പൊതുതാൽപര്യമാണോ, വ്യക്തിപരമായ താൽപര്യമാണോ? കെ.പി.സി.സി പ്രസിഡന്റ് വൈദ്യുതി മന്ത്രിയാണ്, രണ്ടു വർക്കിങ് പ്രസിഡന്റുമാർ മന്ത്രിയാണ്. അതുപോലെ തന്നെ വർക്കിങ് കമ്മിറ്റി അംഗം ആഭ്യന്തര മന്ത്രിയാണ്. ഇത്രയും പേർ പാർട്ടി തലത്തിൽനിന്ന് ഒരുകാലത്തും മന്ത്രിസഭയിൽ വന്നിട്ടില്ല. ഇവിടെ നടക്കുന്ന നിയമനങ്ങളെ കുറിച്ചൊക്കെ എനിക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ട്’ -ഉണ്ണിത്താൻ പറഞ്ഞു.
കഴിഞ്ഞ 10 വർഷകാലം ഇടതുപക്ഷ മുന്നണിക്കെതിരെ, അവരെ അധികാരത്തിൽനിന്ന് താഴെ ഇറക്കാൻ ഒരുപാട് ത്യാഗം സഹിച്ച, കഷ്ടപ്പാടുകളും യാതനകളും വേദനകളും സഹിച്ച കോൺഗ്രസുകാരുടെ വികാരങ്ങൾ പറയാൻ ഇവിടെ ആരുമില്ല. അവരുടെ വികാരമല്ലെ ഉയർത്തിക്കാട്ടേണ്ടത്. അല്ലാതെ തന്നോട് പറയാതെയാണ് യു.ഡി.എഫ് കാര്യങ്ങൾ തീരുമാനിക്കുന്നതെന്ന തന്റെ വ്യക്തിപരമായ അക്ഷേപം ഉന്നയിക്കാനാണോ അദ്ദേഹം തയാറാകേണ്ടത്. ഈ നാലുമാസത്തെ ഭരണം കേരളത്തിലെ സാധാരണക്കാരായ പ്രവർത്തകരോട് എന്തെങ്കിലും അനീതി കാണിക്കുന്നുണ്ടെങ്കിൽ ആ അനീതിക്കെതിരെ പേരാടേണ്ട യു.ഡി.എഫ് കൺവീനർ തന്റെ വ്യക്തിപരമായ താൽപര്യങ്ങൾ മാത്രം ഉയർത്തിപിടിച്ച് ഒരു സർക്കാറിനെ പ്രതിരോധത്തിലാക്കുന്ന തരത്തിലേക്ക് പത്രസമ്മേളനം നടത്തിയത് ഒരിക്കലും ഭൂഷണമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുന്നണിയുമായി ബന്ധപ്പെട്ട സുപ്രധാന തീരുമാനങ്ങൾ കൺവീനറായ താൻ അറിയുന്നത് മാധ്യമങ്ങളിലൂടെയാണെന്നും യു.ഡി.എഫിൽ ഒരു കൂടിയാലോചനയും നടക്കുന്നില്ലെന്നും ഇനി കാര്യങ്ങൾ താൻ മറച്ചുവെച്ചിട്ട് കാര്യമില്ലെന്നും കെ.പി.സി.സി ആസ്ഥാനത്ത് വാർത്തസമ്മേളനം വിളിച്ചാണ് പ്രകാശ് തുറന്നുപറഞ്ഞത്. കഴിഞ്ഞ ദിവസം എം.കെ. മുനീറിനും ജി. ദേവരാജനും കാബിനറ്റ് പദവി നൽകിയ തീരുമാനത്തിൽ കൂടിയാലോച്ചില്ലെന്നതാണ് അടൂർ പ്രകാശിനെ പ്രകോപിപ്പിച്ചതും പരാമർശങ്ങൾക്ക് കാരണമായതും. ഇക്കാര്യം അദ്ദേഹം സ്ഥിരീകരിക്കുകയും ചെയ്യുന്നു.
പരസ്യ വിമർശനത്തിലൂടെ സർക്കാറിനെയും മുന്നണിയെയും അസാധാരണ പ്രതിസന്ധിയിലേക്ക് വലിച്ചിടുകയാണ് പ്രകാശ് ചെയ്തത്. മുഖ്യമന്ത്രിക്ക് തിരക്കുകളുണ്ടാകും. എങ്കിൽ കൺവീനർ കാര്യങ്ങൾ മാധ്യമങ്ങളിലൂടെ അറിയണമെന്നത് ദുഃഖകരമാണ്. യു.ഡി.എഫ് യോഗം വിളിക്കാൻ മുൻകൈ എടുക്കേണ്ടത് മുന്നണി ചെയർമാനെന്ന നിലയിൽ മുഖ്യമന്ത്രിയാണ്. എന്നാൽ, അദ്ദേഹം ഇതുസംബന്ധിച്ച കാര്യങ്ങളൊന്നും പറയുന്നില്ല. യു.ഡി.എഫ് കൺവീനർ ചുമതല നൽകിയത് എ.ഐ.സി.സിയാണ്. അതിനാൽ തന്റെ അതൃപ്തി എ.ഐ.സി.സിയെ അറിയിക്കുമെന്നും അടൂർ പ്രകാശ് വ്യക്തമാക്കി.
