രമ്യാ ഹരിദാസും പ്രവർത്തകരും തമ്മിലടി: സജിത്തിനെ പിന്തുണച്ച് യൂത്ത് കോൺഗ്രസ്; അറസ്റ്റ് ചെയ്താൽ പൊലീസ് സ്റ്റേഷൻ ഉപരോധിക്കുമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: ചിറയിൻകീഴിൽ കോൺഗ്രസ് എം.എൽ.എ രമ്യാ ഹരിദാസും പാർട്ടി പ്രവർത്തകരും തമ്മിലുണ്ടായ അടിപിടി കേസിൽ സജിത്തിനെ പിന്തുണച്ച് യൂത്ത് കോൺഗ്രസ്. സ്ത്രീസുരക്ഷാനിയമവും രമ്യാ ഹരിദാസ് ദുരുപയോഗം ചെയ്തെന്നും സജിത്തിനെ അറസ്റ്റ് ചെയ്താൽ പൊലീസ് സ്റ്റേഷൻ ഉപരോധിക്കുമെന്നും യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് നേമം ഷജീർ അറിയിച്ചു. സംസ്ഥാന നേതൃത്വത്തെ നിലപാട് അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവത്തിൽ രമ്യാ ഹരിദാസിന്റെ പരാതിയിൽ സജിത് മുട്ടപ്പലം അടക്കം 14 പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇതിനുപിന്നാലെയാണ് സജിത്തിനെ പിന്തുണച്ച് യൂത്ത് കോൺഗ്രസ് ജില്ലാ നേതൃത്വം രംഗത്തെത്തിയത്. ചിറയിൻകീഴിലെ കയ്യേറ്റവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി എം.എൽ.എ രമ്യ ഹരിദാസ് രംഗത്തെത്തിയിരുന്നു.
കിഴുവില്ലം ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് പിന്നിലെന്നും പാർട്ടി എടുത്ത നിലപാടിനൊപ്പം നിന്നുവെന്നും അവർ പറഞ്ഞു. ഇതിനുശേഷം വാട്‌സാപ്പ് വഴി വളരെ മോശമായി സജിത് ഉൾപ്പെടെയുള്ളവർ പ്രചാരണം നടത്തി. സജിത്തും വിശ്വനാഥൻ നായരും ചായക്കടയിൽ ഉൾപ്പെടെ അപവാദപ്രചാരണം നടത്തി. എല്ലാ നേതാക്കളോടും പരാതി നൽകിയിരുന്നു. എത്രയോ കാലമായി സൈബർ ആക്രമണം നേരിടുന്നുവെന്നും അവർ വ്യക്തമാക്കി. കൂടെയുണ്ടായിരുന്ന പാളയം പ്രദീപ് സ്റ്റാഫാണെന്നും രമ്യ പ്രതികരിച്ചു. എന്നാൽ, ഇതുവരെ നിയമസഭയുടെ പേയ്രോളിൽ പാളയം പ്രദീപിന്റെ പേരില്ല.
അതേസമയം, സംഭവത്തിൽ എം.എൽ.എയുടെ ആരോപണങ്ങൾ വസ്തുതാവിരുദ്ധമാണെന്ന് കോൺഗ്രസ് പ്രാദേശിക നേതാവ് സജാദ് പറഞ്ഞു. സഹകരണ ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് താൻ ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നാണ് എം.എൽ.എയും സംഘവും തന്റെ വീട്ടിലെത്തി അതിക്രമം കാണിച്ചത്. താൻ എം.എൽ.എയെ വീട്ടിലേക്ക് വിളിച്ചിട്ടില്ലെന്നും ഫേസ്ബുക്ക് പോസ്റ്റ് കണ്ട് അവർ സ്വന്തം നിലയ്ക്ക് വരികയാണുണ്ടായതെന്നും സജാദ് കൂട്ടിച്ചേർത്തു.
വീടിനടുത്തുള്ള സ്ഥാപനത്തിൽ നിൽക്കുമ്പോൾ ഭാര്യയെയും മകളെയും കാണണമെന്ന് പറഞ്ഞ് എം.എൽ.എയും സംഘവും തന്നെ വീട്ടിലേക്ക് വിളിച്ചുകൊണ്ടുവരികയായിരുന്നു. തുടർന്ന് പോസ്റ്റ് മകളെക്കൊണ്ട് നിർബന്ധിച്ച് ഉറക്കെ വായിപ്പിക്കാൻ ഇവർ ശ്രമിച്ചതോടെയാണ് വീട്ടിൽ വലിയ തർക്കം ആരംഭിച്ചതെന്നും സജാദ് ആരോപിച്ചു. മകളെക്കൊണ്ട് പോസ്റ്റ് വായിപ്പിക്കുന്നതിനെ താൻ എതിർത്തതോടെയാണ് രംഗം വഷളായത്. ആ സമയത്ത് കടന്നുവന്ന ജില്ലാ പഞ്ചായത്ത് അംഗം സജിത്ത് എം.എൽ.എയുടെ ഇത്തരം പ്രവൃത്തികൾ മോശമാണെന്ന് ചൂണ്ടിക്കാണിച്ചു. ഇതോടെ കയ്യാങ്കളിയുണ്ടാവുകയും വീട്ടിലുണ്ടായിരുന്ന കസേരകളടക്കം അടിച്ചുതകർക്കുകയുമായിരുന്നു.
ഈ തർക്കത്തിനിടയിൽ രമ്യ ഹരിദാസ് മൊബൈലിൽ വീഡിയോ എടുത്ത വ്യക്തിയെയും ജില്ലാ പഞ്ചായത്ത് അംഗം സജിത്തിനെയും മർദിച്ചതായും സജാദ് ആരോപിച്ചു. അതിക്രമം കാണിച്ചതിനും നാശനഷ്ടങ്ങൾ വരുത്തിയതിനും സജാദ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പാർട്ടി കാര്യങ്ങളിൽ സാമൂഹികമാധ്യമത്തിലൂടെ അഭിപ്രായം പറഞ്ഞതിന് വീട്ടിൽ കയറി ഗുണ്ടാ സ്വഭാവത്തോടെ ആക്രമിച്ചതിനെതിരെ കെ.പി.സി.സി.ക്കും ഡി.സി.സി.ക്കും പരാതി നൽകുമെന്ന് സജാദ് അറിയിച്ചു.
