പ്രവാസി ക്ഷേമ പെന്‍ഷൻകാർക്ക് ആശ്വാസ വാർത്ത; 32 കോടി അനുവദിച്ചു; ഓണത്തിന് മുമ്പായി പണം അക്കൗണ്ടിലെത്തും

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രവാസി ക്ഷേമനിധി ബോര്‍ഡ് വഴിയുള്ള പെന്‍ഷന്‍ വിതരണം ചെയ്യുന്നതിന് 32 കോടി രൂപ അനുവദിച്ചു. ധനവകുപ്പ് തുക ലഭ്യമാക്കിയതോടെ ഓണത്തിന് മുന്നോടിയായി പെന്‍ഷന്‍ തുക പ്രവാസികളുടെ ബാങ്ക് അക്കൗണ്ടുകളിലേക്കെത്തും.

കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് പ്രവാസി ക്ഷേമനിധി ബോര്‍ഡിന്റെ പെന്‍ഷന്‍ ഫണ്ട് വകമാറ്റി ചെലവഴിച്ചതിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയാണ് പെന്‍ഷന്‍ വിതരണത്തില്‍ കുടിശ്ശിക വരുത്തിവെച്ചത്. എന്നാല്‍, പ്രവാസി സമൂഹത്തോടുള്ള പ്രതിബദ്ധത മുന്‍നിര്‍ത്തി നിലവിലെ സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെടുകയും ആദ്യഘട്ട തുക അനുവദിക്കുകയുമായിരുന്നു. കുടിശിക തുക അനുവദിക്കാനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.

കേരള സമ്പദ്‍വ്യവസ്ഥയുടെ നട്ടെല്ലായ പ്രവാസികൾക്ക് മൂന്നുമാസമായി ക്ഷേമ പെൻഷൻ മുടങ്ങിയത് അവരെ ദുരിതത്തിലാക്കിയിരുന്നു. പ്രവാസി വെൽഫെയർ ബോർഡുമായി ബന്ധപ്പെടുമ്പോൾ ഫണ്ടില്ലെന്ന മറുപടിയാണ് ലഭിച്ചിരുന്നത്. 2026 മേയ് മുതലുള്ള പ്രവാസിക്ഷേമ പെൻഷനാണ് കുടിശ്ശികയായത്. കുടിശ്ശിക മുടങ്ങിയവരുടെ കൂട്ടത്തിൽ നാലും അഞ്ചും മാസങ്ങളിലെ അരിയർതുക ലഭിക്കാനുള്ള പുതിയ പെൻഷൻകാരുമുണ്ട്.

പ്രവാസി ക്ഷേമനിധി ബോർഡിൽ നിലവിൽ 9.5 ലക്ഷത്തോളം അംഗങ്ങളും 94000ത്തിലേറെ പെൻഷൻകാരുമാണുള്ളത്. അതിൽ വലിയൊരു പങ്ക് പ്രവാസികളും പെൻഷൻ തുക ആശ്രയിച്ചാണ് മരുന്നിനും നിത്യച്ചെലവുകൾക്കും പണം കണ്ടെത്തുന്നത്. പ്രവാസകാലത്ത് ഉണ്ടാക്കിയ സമ്പാദ്യം വീട്, മക്കളുടെ വിദ്യാഭ്യാസം, വിവാഹം എന്നിവക്കായി ചെലവഴിച്ചവരാണ് പ്രവാസികളിൽ ഏറെയും. ഓണ സീസണായതിനാൽ വീട്ടുചെലവ് നടത്താനും കുടുംബത്തിന്റെ മറ്റ് ആവശ്യങ്ങൾ നിറവേറ്റാനും പ്രവാസികൾ പ്രയാസപ്പെടുകയാണ്.

പ്രതിമാസം 35 കോടി രൂപ വീതം നിലവിൽ ഏകദേശം 105 കോടിയിലധികം രൂപയുടെ കുടിശ്ശികയാണ് സർക്കാറിനുള്ളത്. പദ്ധതിയിൽ നിലനിൽക്കുന്ന പ്രതിസന്ധികൾക്ക് പുറമേ, അംഗങ്ങൾക്ക് ഓൺലൈൻ വഴി കുടിശ്ശിക അടക്കാനുള്ള സംവിധാനം മുന്നറിയിപ്പുകളില്ലാതെ നിർത്തിവെച്ചിരിക്കുകയാണ്. 60 വയസ്സ് കഴിഞ്ഞവർക്ക് കുടിശ്ശിക അടച്ച് അംഗത്വം പുതുക്കാൻ സാധിക്കാത്ത അവസ്ഥയുണ്ട്. ഇതുമൂലം ദീർഘകാലം വിഹിതം അടച്ച പലരും പെൻഷൻ ആനുകൂല്യങ്ങൾക്ക് പുറത്താകുന്ന സാഹചര്യവും നിലനിൽക്കുന്നുണ്ട്. കുടിശ്ശിക തീർക്കാൻ സർക്കാർ ഭാഗത്തുനിന്ന് 2009 മുതലാണ് പ്രവാസി ക്ഷേമ നിധി ബോർഡ് പ്രവാസി ക്ഷേമനിധി ആരംഭിച്ചത്.