ഇറാന്റെ തിരിച്ചടി ഇറാഖിൽനിന്നെന്ന് റിപ്പോര്‍ട്ട്; പ്രത്യാക്രമണത്തിന് സജ്ജമാകാന്‍ സൈന്യത്തിന് നിർദേശവുമായി ഖാംനഇ
തെഹ്‌റാൻ: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിനു മുൻപ് തന്നെ ഇസ്രായേലിനു നേരെ ഇറാന്റെ തിരിച്ചടിയുണ്ടാകുമെന്ന് സൂചന. ഇന്റലിജൻസ് വൃത്തങ്ങളെ ഉദ്ധരിച്ച് അമേരിക്കൻ മാധ്യമമായ ‘ആക്‌സിയോസ്’ ആണ് വാർത്ത പുറത്തുവിട്ടത്. അതിനിടെ, പ്രത്യാക്രമണത്തിന് ഒരുങ്ങാൻ ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇ സൈന്യത്തിനു നിർദേശം നൽകിയതായും റിപ്പോർട്ടുകളുണ്ട്.Iraq
ഇറാഖിൽനിന്ന് ഇസ്രായേലിനെ ആക്രമിക്കാനാണ് ഇറാൻ പദ്ധതിയിടുന്നതെന്നാണ് ‘ആക്‌സിയോസ്’ റിപ്പോർട്ട് വെളിപ്പെടുത്തിയത്. ഡ്രോണുകളും ബാലിസ്റ്റിക് മിസൈലുകളും ഉപയോഗിച്ചായിരിക്കും ആക്രമണം. ഇസ്രായേലി ഇന്റലിജൻസ് വൃത്തങ്ങളാണു മാധ്യമത്തിനു വിവരങ്ങൾ കൈമാറിയത്.
ഇറാൻ നേരിട്ടായിരിക്കില്ല ആക്രമണം നടത്തുകയെന്നാണു വെളിപ്പെടുത്തൽ. ഇറാഖിലുള്ള ഇറാൻ അനുകൂല സായുധ വിഭാഗങ്ങളെയാകും ഇതിനായി ഉപയോഗിക്കുക. ഇറാനുനേരെയുള്ള ഇസ്രായേലിന്റെ പ്രത്യാക്രമണം തടയുകയാണ് ഇതുവഴി ലക്ഷ്യമിടുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.
തങ്ങളെ ആക്രമിച്ചതിലൂടെ വലിയൊരു പിഴവാണ് ഇസ്രായേൽ ചെയ്തിരിക്കുന്നതെന്നാണ് ഇറാൻ വിപ്ലവ ഗാർഡ് കമാൻഡർ ഹുസൈൻ സലാമി കഴിഞ്ഞ ദിവസം പ്രതികരിച്ചത്. ഇസ്രായേൽ പ്രതീക്ഷിക്കുന്നതിനും അപ്പുറത്തുള്ള തിരിച്ചടിയായിരിക്കും നേരിടേണ്ടിവരിക. വേദനാജനകവും സങ്കൽപിക്കാനാകാത്തതുമായ പ്രത്യാഘാതം ഇസ്രായേൽ നേരിടേണ്ടിവരുമെന്നും ഹുസൈൻ സലാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ആയത്തുല്ല അലി ഖാംനഇക്കു കീഴിൽ ഇറാൻ സുപ്രിം നാഷനൽ സെക്യൂരിറ്റി കൗൺസിൽ ആക്രമണ പദ്ധതികൾ തയാറാക്കിയതായി ‘ന്യൂയോർക് ടൈംസ്’ റിപ്പോർട്ട് ചെയ്യുന്നു. ഇസ്രായേൽ ആക്രമണത്തിന്റെ വ്യാപ്തിയും നാശനഷ്ടങ്ങളും വിലയിരുത്തിയ ശേഷമാണ് സുരക്ഷാ കൗൺസിൽ തയാറാക്കിയ പദ്ധതികൾക്കനുസരിച്ച് ആക്രമണത്തിനു സജ്ജമാകാൻ ഖാംനഇ സൈന്യത്തോട് ഉത്തരവിട്ടത്.
ഇസ്രായേലിനുള്ള തിരിച്ചടി ഉറപ്പായുമുണ്ടാകുമെന്ന് ഖാംനഇയുടെ അംഗരക്ഷകരുടെ തലവൻ മുഹമ്മദ് മുഹമ്മദി ‘അൽമയാദീൻ’ ടിവിയോട് വ്യക്തമാക്കിയിരുന്നു. ശക്തമായ ആക്രമണമായിരിക്കും വരാൻ പോകുന്നത്. ഇറാനെ ആക്രമിച്ചതിനു ശത്രുക്കൾ ഖേദിക്കുന്ന തരത്തിലുള്ളതാകും ആക്രമണമെന്നും അദ്ദേഹം സൂചിപ്പിച്ചു.