റൊണാൾഡോയുടെ വിവാഹമെന്ന് കരുതി തടിച്ചുകൂടി ജനക്കൂട്ടം; പള്ളിയിൽ നിന്ന് ഇറങ്ങിവന്നവരെ കണ്ട് ഞെട്ടി ആരാധകർ, ചിരിക്കുന്ന ഇമോജിയുമായി താരം

ഫുഞ്ചാൽ (മദീറ): പോർച്ചുഗീസ് ഫുട്ബാൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വിവാഹമാണെന്ന തെറ്റിദ്ധാരണയിൽ പള്ളിക്ക് മുന്നിൽ തടിച്ചുകൂടിയത് നൂറുകണക്കിന് ആളുകളും മാധ്യമപ്രവർത്തകരും. വ്യാജപ്രചാരണം കാരണം അതേ പള്ളിയിൽ നിശ്ചയിച്ചിരുന്ന സാധാരണക്കാരായ വധൂവരന്മാരുടെ വിവാഹ ചടങ്ങുകൾ മണിക്കൂറുകളോളം തടസ്സപ്പെട്ടു. സോഷ്യൽ മീഡിയയിൽ വൻതോതിൽ പ്രചരിച്ച ഈ സംഭവത്തിൽ പ്രതികരണവുമായി ചിരിക്കുന്ന ഇമോജികൾ പങ്കുവെച്ചിരിക്കുകയാണ് ക്രിസ്റ്റ്യാനോ.
പോർച്ചുഗലിലെ മദീറ ദ്വീപിലുള്ള പതിനഞ്ചാം നൂറ്റാണ്ടിൽ നിർമിച്ച ചരിത്രപ്രസിദ്ധമായ ഫുഞ്ചാൽ കത്തീഡ്രലിൽ കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം. റൊണാൾഡോയും പങ്കാളി ജോർജിന റോഡ്രിഗസും തമ്മിലുള്ള വിവാഹം അന്ന് അവിടെ വെച്ച് നടക്കുമെന്ന വാർത്തകൾ പ്രാദേശിക മാധ്യമങ്ങളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും പ്രചരിച്ചതാണ് ആശയക്കുഴപ്പത്തിന് കാരണമായത്. ഇതോടെ വിനോദസഞ്ചാരികളും ആരാധകരും അന്താരാഷ്ട്ര മാധ്യമപ്രവർത്തകരും പള്ളി പരിസരത്തേക്ക് ഒഴുകിയെത്തുകയായിരുന്നു.
എന്നാൽ, മദീറ സ്വദേശികളായ ഫാബിയോ റാമോസ്, നിക്കോൾ എന്നിവരുടെ വിവാഹമായിരുന്നു അന്ന് പള്ളിയിൽ നിശ്ചയിച്ചിരുന്നത്. പള്ളിക്ക് ചുറ്റും തടിച്ചുകൂടിയ വൻ ജനക്കൂട്ടം കാരണം കല്ല്യാണ വസ്ത്രമണിഞ്ഞ നിക്കോളിനും ബന്ധുക്കൾക്കും ഉള്ളിലേക്ക് പ്രവേശിക്കാൻ ഏറെ പ്രയാസപ്പെടേണ്ടി വന്നു. തങ്ങളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിമിഷം ആൾക്കൂട്ടം കാരണം താറുമാറായതായി ദമ്പതികൾ പിന്നീട് പറഞ്ഞു.
ചരിത്രത്തിലൊരിക്കലും കത്തീഡ്രൽ പരിസരത്ത് ഇത്തരമൊരു ജനത്തിരക്ക് കണ്ടിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി. വാർത്ത പുറത്തുവന്നതോടെ ഫുഞ്ചാൽ കത്തീഡ്രൽ മാനേജ്മെന്റ് ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പ്രതികരണവുമായി രംഗത്തെത്തി. തടിച്ചുകൂടിയ ആൾക്കൂട്ടവും മാധ്യമപ്രവർത്തകരും കാരണം വധുവിന് പള്ളിയിലേക്ക് കയറാൻ കടുത്ത പ്രയാസം നേരിട്ടതായി വ്യക്തമാക്കിയ അധികൃതർ, പിന്നീട് കവാടങ്ങൾ അടച്ചാണ് ചടങ്ങുകൾ പൂർത്തിയാക്കിയതെന്നും നവദംപതികൾക്ക് ആശംസകൾ നേരുകയും ചെയ്തു.
സംഭവം സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ചർച്ചയായതോടെയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ തന്നെ നേരിട്ട് പ്രതികരണവുമായെത്തിയത്. പ്രാദേശിക മാധ്യമമായ ‘ജോർനൽ ദ മദീറ’ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വാർത്തയ്ക്ക് താഴെ ചിരിക്കുന്ന ഇമോജികളാണ് 41-കാരനായ പോർച്ചുഗീസ് നായകൻ കമന്റ് ചെയ്തത്. പ്രചരിച്ച വാർത്തകൾ തികച്ചും അടിസ്ഥാനരഹിതമാണെന്ന് വ്യക്തമാക്കുന്നതായിരുന്നു താരത്തിന്റെ ഈ പ്രതികരണം.
കഴിഞ്ഞ ആഴ്ച പോർച്ചുഗലിൽ റൊണാൾഡോയുടെ വിവാഹം നടക്കുമെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ താരത്തിന്റെ സഹോദരിമാർ നേരത്തെ തന്നെ നിഷേധിച്ചിരുന്നു. വർഷങ്ങളായി ഒന്നിച്ച് ജീവിക്കുന്ന റൊണാൾഡോയ്ക്കും ജോർജിനയ്ക്കും കുട്ടികളുണ്ടെങ്കിലും ഇരുവരും ഔദ്യോഗികമായി വിവാഹ തീയതി പ്രഖ്യാപിച്ചിട്ടില്ല.
