മലപ്പുറത്ത് ഓടിക്കൊണ്ടിരുന്ന സ്‌കൂട്ടറിന് തീപിടിച്ചു
മലപ്പുറം: ഓടിക്കൊണ്ടിരുന്ന സ്‌കൂട്ടറിന് തീപിടിച്ചു. പാണ്ടിക്കാട് കുപ്പൂത്ത് പുലിയകോട്ടുമണ്ണില്‍ അനീഷ് (36) ഓടിച്ചിരുന്ന ഹോണ്ട ഡിയോ സ്‌കൂട്ടറിനാണ് തീപിടിച്ചത്. മലപ്പുറം മുണ്ടുപറമ്പ് കാവുങ്ങൽ ബൈപ്പാസില്‍ ഇന്നലെ ഉച്ചയ്ക്ക് 11.45ഓടെയാണ് സംഭവം. മുണ്ടുപറമ്പ് ഭാഗത്തേക്ക് പോവുന്നതിനിടെ സ്‌കൂട്ടറിന് മിസ്സിങ് അനുഭവപ്പെടുകയും അമിതമായി ചൂടാകുന്നതും പെട്ടെന്നു തന്നെ പുക ഉയരുന്നതുമാണ് കണ്ടതെന്ന് അനീഷ് പറഞ്ഞു.
ഉടനെ തന്നെ സ്‌കൂട്ടര്‍ റോഡില്‍ നിന്നും തള്ളി അടുത്തുള്ള വഴിയിലേക്ക് മാറ്റി. സെക്കൻഡുകള്‍ക്കുള്ളില്‍ തന്നെ തീ ആളിപ്പടര്‍ന്നു. മലപ്പുറം യൂണിറ്റ് ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തിയപ്പോഴേക്കും സ്‌കൂട്ടര്‍ പൂര്‍ണമായും കത്തിനിശിച്ചിരുന്നു. അരമണിക്കൂറോളം സ്‌കൂട്ടര്‍ നിന്ന് കത്തി. 200 മീറ്റര്‍ അകലെ ഫയര്‍ ഫോഴ്‌സ് യൂണിറ്റ് ഉണ്ടായിട്ടും എത്താന്‍ വൈകിയെന്ന പരാതിയുമുണ്ട്. ഫയര്‍ ഫോഴ്‌സിനെ വിളിച്ചിട്ട് കിട്ടിയില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.
പാണ്ടിക്കാട് സ്വദേശിയായ അനീഷ് മലപ്പുറം മുണ്ടുപറമ്പിലേക്ക് വന്നതായിരുന്നു. തിരിച്ചുപോവുന്നതിനിടെയാണ് സംഭവം. 2017 മോഡൽ സ്‌കൂട്ടറാണ് കത്തിയത്. കഴിഞ്ഞദിവസം എന്‍ജിന്‍ ഓയില്‍ മാറ്റിയിരുന്നതി അനീഷ് പറഞ്ഞു. സ്‌കൂട്ടറിന് ഇതുവരെ മറ്റ് പ്രശ്‌നങ്ങള്‍ ഒന്നും തന്നെ ശ്രദ്ധയില്‍പെട്ടിട്ടില്ലെന്നും അനീഷ് പറയുന്നു. മലപ്പുറം കണ്‍ട്രോള്‍ റൂം പൊലീസും സ്ഥലത്തെത്തി.
running scooter caught fire