സംഭൽ ശാഹി ജമാ മസ്ജിദ് സംഘർഷം; മരണം അഞ്ചായി

Sambal clashes; Death toll rises to five; Internet services temporarily suspended

 

സംഭൽ: ഉത്തർപ്രദേശിലെ ചരിത്രപ്രസിദ്ധമായ സംഭൽ ശാഹി ജമാ മസ്ജിദ് സർവെയുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തെതുടർന്നുണ്ടായ വെടിവെപ്പിൽ മരിച്ചവരുടെ എണ്ണം അഞ്ചായി. ഇന്ന​​ലെയുണ്ടായ വെടിവെപ്പിൽ മൂന്ന് പേർ സംഭവസ്ഥലത്തുതന്നെ കൊല്ലപ്പെട്ടിരുന്നു. മസ്ജിദ് സ്ഥിതി ചെയ്യുന്നത് പണ്ട് ക്ഷേത്രമുണ്ടായിരുന്ന സ്ഥലത്താണോയെന്ന് പരിശോധിക്കാൻ നടത്തിയ സർവ്വേയാണ് കല്ലേറിലും സംഘർഷത്തിലും കലാശിച്ചത്. നഈം,ബിലാൽ, നുഅ്മാൻ എന്നിവരാണ് ഇന്നലെ കൊല്ലപ്പെട്ടത്. ഇന്ന് മരിച്ചവരുടെ പേര് പുറത്തുവന്നിട്ടില്ല. കല്ലേറിൽ 30 ഓളം പൊലീസുകാർക്ക് പരിക്കേറ്റിരുന്നു. സംഭവത്തിൽ സംഭൽ എം.പി സിയാവുർ റഹ്മാനെതിരെ പൊലീസ് കേസെടുത്തു. സ്പര്ദ്ധ ഉണ്ടാക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ചാണ് കേസ്. കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്നും എഫ്ഐആറിലുണ്ട്. പ്രദേശത്തെ ഇന്റർനെറ്റ് സംവിധാനങ്ങൾ റദ്ദാക്കുകയും നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.പുറത്തുനിന്നുള്ളവർക്ക് നവംബർ 30 വരെ വിലക്കേർപ്പെടുത്തിയിട്ടുമുണ്ട്.

പൊലീസ് വെടിവെപ്പിലാണ് യുവാക്കൾ മരിച്ചതെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. എന്നാൽ സമരക്കാർക്കിടയിൽനിന്ന് വെടിവെപ്പുണ്ടായതായി പൊലീസ് പറയുന്നു. അതേസമയം തോക്കുധാരികളായ പൊലീസുകാർ പ്രതിഷേധക്കാർക്ക് നേരെ തോക്കുചൂണ്ടുന്ന ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്.

ഞായറാഴ്ച രാവിലെ ഏഴ് മണി മുതലാണ് കോടതി നിയോഗിച്ച അഭിഭാഷകസംഘം സർവേക്കായി മസ്ജിദിലെത്തിയത്. ഇതിനിടെ ഒരു സംഘം പ്രതിഷേധവുമായി എത്തുകയായിരുന്നു. തുടർന്ന് അത് വലിയ സംഘർഷത്തിലേക്ക് നീങ്ങി. പൊലീസും സമരക്കാരും തമ്മിൽ പല തവണ ഏറ്റുമുട്ടലുണ്ടായി. സമരക്കാരെ പിരിച്ചുവിടാൻ ടിയർ ഗ്യാസ് പ്രയോഗവും ലാത്തിച്ചാർജും നടത്തിയെന്നാണ് പൊലീസ് പറയുന്നത്.

Also Read :യുപി ഷാഹി മസ്ജിദിലെ സർവേക്കെതിരെ പ്രതിഷേധിച്ച മൂന്നുപേർ കൊല്ലപ്പെട്ടു

പ്രദേശത്ത് ഇപ്പോഴും സംഘർഷാവസ്ഥ തുടരുകയാണ്. നാലായിരത്തിലധികം ആളുകളാണ് പ്രതിഷേധവുമായി എത്തിയത്. ക്ഷേത്രം പൊളിച്ചാണ് പള്ളി നിർമിച്ചത് എന്നാരോപിച്ച് അഭിഭാഷകനായ വിഷ്ണു ശങ്കർ ജെയിൻ ആണ് കോടതിയെ സമീപിച്ചത്. ജില്ലാ കോടതിയാണ് സർവേക്ക് നിർദേശം നൽകിയത്. യുവാക്കൾ കൊല്ലപ്പെട്ട വാർത്ത പുറത്തുവന്നതിന് പിന്നാലെ സംഘർഷാവസ്ഥ കനത്തതായാണ് റിപ്പോർട്ട്. പ്രദേശത്ത് വൻ പൊലീസ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്. സംഭൽ സംഘർഷത്തിനു പിന്നിൽ ബിജെപിയാണെന്ന് സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. ഗുരുതരമായ സംഭവമാണ് സംഭലിലുണ്ടായത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉയർന്ന ചർച്ചകൾ വഴിതിരിച്ചുവിടാൻ വേണ്ടിയാണ് ഒരു സർവേ സംഘത്തെ രാവിലെ ബോധപൂർവം അയച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ചർച്ച നടക്കാതിരിക്കാൻ വേണ്ടി കുഴപ്പം സൃഷ്ടിക്കുകയായിരുന്നു ലക്ഷ്യമെന്നും അഖിലേഷ് ആരോപിച്ചു.

നേരത്തെ സർവേ നടന്ന ഒരു പള്ളിയിൽ വീണ്ടും സർവേ നടത്തുന്നത് എന്തിനാണെന്ന് അദ്ദേഹം ചോദിച്ചു. അതും രാവിലെ ഒരു മുന്നൊരുക്കവുമില്ലാതെയാണു നടക്കുന്നത്. നിയമപരമായ കാര്യങ്ങളിലേക്കോ നടപടിക്രമങ്ങളിലേക്കോ ഞാൻ കടക്കുന്നില്ല. എന്നാൽ, മറുഭാഗത്തെ കേൾക്കാൻ ഇതുവരെ തയാറായിട്ടില്ല. വൈകാരികത ഇളക്കി തെരഞ്ഞെടുപ്പ് ക്രമക്കേടുമായി ബന്ധപ്പെട്ട ചർച്ചകൾ ഒഴിവാക്കാനുള്ള ബോധപൂർവമായ ശ്രമമാണിത്. സംഭാലിൽ നടന്നതെല്ലാം ബിജെപിയുടെയും സർക്കാരിന്റെയും ഭരണകൂടത്തിന്റെയും ഒത്താശയോടെ നടന്നതാണ്. തെരഞ്ഞെടുപ്പിലെ കൃത്രിമങ്ങളിൽനിന്നു ശ്രദ്ധതിരിക്കാനുള്ള ശ്രമമാണെന്നും എസ്പി നേതാവ് ആരോപിച്ചു.

പൊലീസ് വെടിവയ്പ്പിനെ അപലപിച്ച് എഐഎംഐഎം നേതാവ് അസദുദ്ദീൻ ഉവൈസിയും രംഗത്തെത്തി. സംഭവത്തിൽ നിഷ്പക്ഷമായ അന്വേഷണം നടത്തി ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ഉവൈസി ആവശ്യപ്പെട്ടു. ‘നാട്ടുകാരേ, നിങ്ങളുടെ നിറംകെട്ട ഭൂമിയെ വർണാഭമാക്കാൻ ഇനിയും എത്ര പേരുടെ രക്തം വേണം? നിങ്ങളുടെ ഹൃദയത്തെ കുളിരണിയിക്കാൻ എത്ര വിലാപങ്ങൾ കേൾക്കണം? എത്ര കണ്ണീർ വീഴണം നിങ്ങളുടെ മരുഭൂമി പൂന്തോട്ടമാകാൻ?’-ഉവൈസി എക്‌സ് പോസ്റ്റിൽ ചോദിച്ചു. സംഭാലിൽ സമാധാനത്തിനു വേണ്ടി പ്രതിഷേധം നടത്തിയവർക്കുനേരെ ഉത്തർപ്രദേശ് പൊലീസ് നടത്തിയ വെടിവയ്പ്പിനെ ശക്തമായി അപലപിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പൊലീസ് വെടിവയ്പ്പിൽ മൂന്ന് യുവാക്കളാണു കൊല്ലപ്പെട്ടത്. മരിച്ചവർക്ക് പൊറുക്കലിനു വേണ്ടിയും അവരുടെ കുടുംബങ്ങൾക്കു ക്ഷമ നൽകാനും ദൈവത്തോട് പ്രാർഥിക്കുകയും ചെയ്യുന്നു. സംഭവത്തിൽ നിഷ്പക്ഷമായ അന്വേഷണം നടത്തണം. ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നും അസദുദ്ദീൻ ഉവൈസി ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *