‘സിനിമയ്ക്കായി ഏഴ് കോടി മുടക്കി ലാഭ വിഹിതം വാഗ്ദാനം ചെയ്ത് പറ്റിച്ചു’; ‘മഞ്ഞുമ്മൽ ബോയ്സ്’ നിർമാതാക്കൾക്കെതിരെ കേസ്
മഞ്ഞുമ്മൽ ബോയ്സ് സിനിമയുടെ നിർമാതാക്കൾക്കെതിരെ കേസ്. ഷോൺ ആന്റണി, സൗബിൻ ഷാഹിർ, ബാബു ഷാഹിർ എന്നിവർക്കെതിരെയാണ് മരട് പൊലീസ് കേസെടുത്തത്. ഗൂഢാലോചന, വഞ്ചന, വ്യാജരേഖ ചമക്കൽ എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്. സിനിമയ്ക്കായി ഏഴ് കോടി മുടക്കി ലാഭ വിഹിതം വാഗ്ദാനം ചെയ്ത് പറ്റിച്ചെന്നാണ് കേസ്. എറണാകുളം സബ്കോടതിയുടെ നിർദേശപ്രകാരമാണ് കേസെടുത്തത്.
40 കോടി രൂപയുടെ ബാങ്ക് അക്കൗണ്ടാണ് സബ് കോടതി ജഡ്ജി സുനിൽ വർക്കി മരവിപ്പിക്കാൻ ഉത്തരവിട്ടത്. ചിത്രത്തിൻറെ നിർമാണത്തിന് ഏഴുകോടി രൂപ മുതൽമുടക്കിയ അരൂർ സ്വദേശി സിറാജ് വലിയത്തറ ഹമീദ് സമർപ്പിച്ച ഹർജിയിലാണ് കോടതി ഉത്തരവ്. 40 ശതമാനം ലാഭവിഹിതം വാഗ്ദാനം ചെയ്തു നിർമാതാക്കൾ പണം കൈപ്പറ്റിയശേഷം ലാഭവിഹിതമോ മുതൽമുടക്കോ നൽകാതെ കബളിപ്പിച്ചതെന്നാണു ഹർജി.
ആഗോളതലത്തിൽ ഇതുവരെ 220 കോടി രൂപ ചിത്രം കളക്‌ഷൻ നേടിയിട്ടുണ്ടെന്നും ഒടിടി പ്ലാറ്റ്ഫോമുകൾ മുഖേന ചിത്രം 20 കോടിയോളം രൂപ നേടിയിട്ടുണ്ടെന്നും ഹർജിയിൽ പറയുന്നു. 22 കോടി രൂപ ചെലവ് വരുമെന്നു പറഞ്ഞാണ് ഏഴു കോടി രൂപ വാങ്ങിയതെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.