'സിം ബോക്സിൽ' കുരുങ്ങിയ ലോൺ ആപ്പ് ജീവിതങ്ങൾ
കണ്ണൂർ: ലോക്ഡൗൺ കാലത്താണ് ‘സിം ബോക്സ്’ എന്ന സമാന്തര എക്സ്ചേഞ്ച് വഴിയുള്ള ഫോൺ കോളുകളെ കുറിച്ച് മലയാളി അറിഞ്ഞു തുടങ്ങുന്നത്. അതിന് മുമ്പ് തന്നെ സിം ബോക്സ് ഉണ്ടെങ്കിലും ഇത്ര സുപരിചിതമായിരുന്നില്ല. ഡെന്റൽ കോളജ് വിദ്യാർഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ടാണ് ‘സിം ബോക്സ്’ ഫോൺ വിളികളെക്കുറിച്ച് പിന്നീട് അറിയുന്നത്. മരിച്ച നിതിന്റെ അധ്യാപിക കണ്ണൂർ സൈബർ സെല്ലിന് നൽകിയ പരാതിയെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ ഇരകളെ ബന്ധപ്പെടുന്നത് സിം ബോക്സ് വഴിയാണെന്ന് കണ്ടെത്തുന്നത്.
എന്താണ് സിം ബോക്സ്
ഫോൺവിളികളെ ടെലികോം എൻഫോഴ്സ്മെന്റ് റിസോഴ്സസ് ആൻഡ് മോണിറ്ററിങ് സെല്ലിന് പോലും തിരിച്ചറിയാൻ സാധിക്കാത്ത വിധം ലോക്കൽ കോളായി മാറ്റാനാണ് സിം ബോക്സ് എക്സ്ചേഞ്ചുകൾ പ്രവർത്തിക്കുന്നത്. വിദേശരാജ്യങ്ങളിൽനിന്ന് വിളിച്ചാൽ ഇവിടെ കോൾ ലഭിക്കുന്നയാൾക്ക് ഇന്ത്യക്കുള്ളിൽ നിന്നുള്ള ഫോൺ കോളായാണ് കാണിക്കുക. ഇത് രാജ്യാന്തര നമ്പറിൽ നിന്നുള്ള കോളാണെന്ന് ടെലിഫോൺ സർവിസ് കമ്പനികൾക്ക് പോലും തിരിച്ചറിയാനാകില്ല. അതിനാൽ, ഇത്തരം ഫോൺ കോളുകളെ ട്രാക്ക് ചെയ്യുകയും എളുപ്പമല്ല. മുമ്പ് വിവിധ രാജ്യങ്ങളിൽ ജോലി ചെയ്യുന്നവർ കുറഞ്ഞ ചെലവിൽ നാട്ടിലെ ബന്ധുക്കളെ വിളിക്കാൻ ‘കുഴൽ ഫോൺ’ എന്നറിയപ്പെട്ടിരുന്ന ഇത്തരം സമാന്തര എക്സ്ചേഞ്ചുകളെ ആശ്രയിച്ചിരുന്നു.
വോയ്സ് ഓവർ ഐ.പി ഗേറ്റ്വേ ഇൻസ്റ്റാലേഷന് ഉപയോഗിക്കുന്ന ഉപകരണമാണ് സിം ബോക്സ്. സിം ബാങ്ക്, സിം സെർവർ എന്നിങ്ങനെ വിവിധ പേരുകളിൽ ഇത് അറിയപ്പെടുന്നുണ്ട്. ഗേറ്റ്വേയുമായി ബന്ധിപ്പിച്ചതും അതിൽനിന്ന് പ്രത്യേകം സൂക്ഷിക്കുന്ന നിരവധി സിം കാർഡുകളാണ് ഇതിൽ അടങ്ങിയിരിക്കുന്നത്. ഒരു സിം ബോക്സിൽ വ്യത്യസ്ത മൊബൈൽ ഓപ്പറേറ്റർമാരുടെ സിം കാർഡുകൾ ഉപയോഗിക്കാനാക്കും, ഇത് വ്യത്യസ്ത സ്ഥലങ്ങളിലെ ജി.എസ്.എം ഗേറ്റ്വേകളുമായി പ്രവർത്തിക്കാൻ കഴിയും. ഒരു കൂട്ടം സിം ബോക്സുകളെ ചിലപ്പോൾ സിം ഫാം എന്ന് വിളിക്കും.
ലോക്ഡൗൺ കാലത്ത് കേരളത്തിലേക്ക് വന്ന പല ഫോൺ കോളുകളും ‘സിം ബോക്സ്’ വഴിയാണെന്ന് രഹസ്യാന്വേഷണ ഏജൻസികൾ കണ്ടെത്തിയിരുന്നു. 2000 മുതൽ കേരളത്തിന്റെ പലഭാഗങ്ങളിലും സമാന്തര എക്സ്ചേഞ്ചുകൾ കണ്ടെത്തി ഇലക്ട്രോണിക് ഉപകരണങ്ങൾ പിടികൂടിയിട്ടുണ്ട്. കർണാടകയിലും ബംഗാളിലും സ്ഥാപിച്ചിട്ടുള്ള സിം ബോക്സുകൾ മിലിറ്ററി ഇന്റലിജൻസ് വിഭാഗം മുമ്പ് കണ്ടെത്തിയിരുന്നു. 1000 സിം കാർഡുകൾ വരെ ഒരെ സമയം ഉപയോഗിക്കാൻ ശേഷിയുള്ള ചൈനീസ് നിർമിത സിം ബോക്സുകളാണിവ.
ആശയവിനിമയത്തിന്റ രഹസ്യസ്വഭാവം സൂക്ഷിക്കാനും വിദേശത്തു നിന്നുള്ള ഫോൺവിളികൾ തിരിച്ചറിയാതിരിക്കാനുമാണ് സിം ബോക്സുകൾ ഉപയോഗിക്കുന്നതെന്നാണ് അന്വേഷണ ഏജൻസികളുടെ നിഗമനം. തന്ത്രപ്രധാനമായ രാജ്യാതിർത്തികളുള്ള സംസ്ഥാനങ്ങളിലേക്കാണ് ഇത്തരം ഫോൺ വിളികൾ കൂടുതലായി എത്തിയിട്ടുള്ളത്. മിലിറ്ററി ഇന്റലിജൻസ് കർണാടകയിൽ മലയാളിയുടെ നേതൃത്വത്തിൽ പ്രവർത്തിച്ചിരുന്ന സമാന്തര എക്സ്ചേഞ്ചും മൂവായിരത്തിലധികം സ്ലോട്ടുകളുള്ള സിം ബോക്സുകളും മുമ്പ് പിടിച്ചെടുത്തിരുന്നു.
