തൃ​ശൂ​ർ ചോ​രി​യു​ടെ ഞെ​ട്ടി​ക്കു​ന്ന ക​ണ​ക്കു​ക​ൾ



വോ​ട്ടു​ചോ​രി​യി​ലേ​ക്ക് വെ​ളി​ച്ചം വീ​ശു​ന്ന തെ​ളി​വു​ക​ൾ കേ​ര​ള​ത്തി​ൽ നേ​ര​ത്തെ പു​റ​ത്തു​വ​ന്ന​ത് തൃ​ശൂ​ർ പാ​ർ​ല​മെ​ന്റ് മ​ണ്ഡ​ല​ത്തി​ൽ നി​ന്നാ​ണ്. തൃ​ശൂ​ർ ന​ഗ​ര​ത്തി​ലെ കൂ​ട്ട വോ​ട്ടു​ക​ളും അ​യ​ൽ ജി​ല്ല​ക​ളി​ൽ നി​ന്നു​വ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പി​ന് തൊ​ട്ടു​മു​മ്പ് വോ​ട്ട​ർ​മാ​രാ​യി ചേ​ർ​ന്ന​വ​രും ഇ​ക്കൂ​ട്ട​ത്തി​ലു​ണ്ട്. ഇ​തി​ൽ തൃ​ശൂ​ർ എം.​പി സു​രേ​ഷ് ഗോ​പി​യു​ടെ ബ​ന്ധു​ക്ക​ൾ മു​ത​ൽ മ​ല​പ്പു​റം ജി​ല്ല​യി​ലെ ബി.​ജെ.​പി നേ​താ​ക്ക​ൾ വ​രെ​യു​ണ്ടാ​യി​രു​ന്നു. ഹ​രി​യാ​ന​യി​ൽ ന​ട​ന്ന വോ​ട്ടു​കൊ​ള്ള​യി​ൽ ഏ​റ്റ​വു​മ​ധി​കം ക​ള്ള​വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത് ബ​ൾ​ക് വോ​ട്ട​ർ​മാ​ർ അ​ഥ​വാ ഒ​രു വീ​ട്ടു​ന​മ്പ​റി​ലെ കൂ​ട്ട​വോ​ട്ട​ർ​മാ​ർ-​വ​ഴി​യാ​യി​രു​ന്നു: 19.26 ല​ക്ഷം വോ​ട്ട്. ഇ​തേ മാ​തൃ​ക​യാ​ണ് തൃ​ശൂ​രി​ലും പ​രീ​ക്ഷി​ക്ക​പ്പെ​ട്ട​ത്. അ​വ​രെ​ല്ലാം എ​സ്.​ഐ.​ആ​ർ വ​ന്ന​പ്പോ​ൾ സ്വ​ന്തം നാ​ട്ടി​ലേ​ക്ക് തി​രി​ച്ചു​പോ​വു​ക​യോ അ​ജ്ഞാ​ത​രാ​യി പ​രി​ണ​മി​ക്കു​ക​യോ ചെ​യ്തു​വെ​ന്നാ​ണ് എ.​എ​സ്.​ഡി പ​ട്ടി​ക​യി​ൽ​നി​ന്ന് വ്യ​ക്ത​മാ​കു​ന്ന​ത്.

തൃ​ശൂ​ർ അ​സം​ബ്ലി മ​ണ്ഡ​ല​ത്തി​ൽ ബി.​ജെ.​പി​ക്ക് മൃ​ഗീ​യ ഭൂ​രി​പ​ക്ഷം ന​ൽ​കി​യ ബൂ​ത്ത് ന​മ്പ​ർ 29ൽ 337 ​വോ​ട്ടാ​ണ് എ​സ്.​ഐ.​ആ​റി​ൽ നീ​ക്കി​യ​ത്. ഇ​തി​ൽ 329 വോ​ട്ട​ർ​മാ​രും അ​ജ്ഞാ​ത​രാ​ണ് (untraceable). 97.62 ശ​ത​മാ​നം. ബൂ​ത്ത് ന​മ്പ​ർ 53ൽ ​ഒ​ഴി​വാ​ക്കി​യ​ത് 302 വോ​ട്ട്. ഇ​തി​ൽ 102 പേ​ർ അ​ജ്ഞാ​ത​ർ. 157 പേ​ർ എ​സ്.​ഐ. ആ​റി​ൽ പ​ങ്കെ​ടു​ക്കാ​ൻ വി​സ​മ്മ​തി​ച്ച​വ​രും (refused)! ഈ ​ര​ണ്ട് വി​ഭാ​ഗ​വും ചേ​ർ​ന്നാ​ൽ 85.76 ശ​ത​മാ​ന​മാ​യി. ഒ​രൊ​റ്റ വാ​ർ​ഡി​ൽ​നി​ന്ന് 157 പേ​ർ എ​സ്.​ഐ.​ആ​റി​നെ നി​രാ​ക​രി​ക്കു​ന്നു​വെ​ങ്കി​ൽ അ​തും സ​വി​ശേ​ഷ​മാ​യി പ​രി​ശോ​ധി​ക്കേ​ണ്ട വി​ഷ​യ​മാ​ണ്. പ​ക്ഷേ, ശ​ക്തി കേ​ന്ദ്ര​മാ​യി​ട്ടും ഇ​ത്ര​യും പേ​രെ പു​റ​ത്താ​ക്കി​യ​തി​നെ​തി​രെ ബി.​ജെ.​പി നേ​തൃ​ത്വം-​പാ​ല​ക്കാ​ട്ടെ​യും തൃ​ശൂ​രി​ലെ​യും-​ഒ​ര​ക്ഷ​രം ഇ​തു​വ​രെ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല. ക​ഴി​ഞ്ഞ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി.​ജെ.​പി​ക്ക് കാ​ര്യ​മാ​യി വോ​ട്ട് ല​ഭി​ച്ച മി​ക്ക ബൂ​ത്തു​ക​ളി​ലും വ​ലി​യ തോ​തി​ൽ വോ​ട്ട​ർ​മാ​ർ ഒ​ഴി​വാ​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്. ഏ​താ​ണ്ട് 150 മു​ത​ൽ 350 വോ​ട്ട​ർ​മാ​ർ വ​രെ നീ​ക്കം ചെ​യ്യ​പ്പെ​ട്ട ബി.​ജെ.​പി ശ​ക്തി​കേ​ന്ദ്ര​ങ്ങ​ളു​ണ്ട്. എ​ന്നാ​ൽ, തൃ​ശൂ​ർ അ​സം​ബ്ലി മ​ണ്ഡ​ല​ത്തി​ലെ എ​ൽ.​ഡി.​എ​ഫോ യു.​ഡി.​എ​ഫോ ലീ​ഡ് ചെ​യ്ത ബൂ​ത്തു​ക​ളി​ൽ പ​ല​തി​ലും നൂ​റി​ൽ താ​ഴെ വോ​ട്ട​ർ​മാ​ർ മാ​ത്ര​മാ​ണ് നീ​ക്കം ചെ​യ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. റാ​ൻ​ഡം പ​രി​ശോ​ധ​ന ന​ട​ത്തി​യ 20, 21, 22 വാ​ർ​ഡു​ക​ൾ ഇ​തി​നു​ദാ​ഹ​ര​ണ​മാ​ണ്. ഇ​വി​ടെ 40 മു​ത​ൽ 95 വ​രെ വോ​ട്ടു​ക​ളാ​ണ് ഒ​ഴി​വാ​ക്ക​പ്പെ​ട്ട​ത്. ഇ​തി​ൽ ത​ന്നെ അ​ജ്ഞാ​ത​ർ 3-7 പേ​ർ മാ​ത്രം. മ​റ്റു സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് വോ​ട്ട് മാ​റ്റി​യ​വ​രാ​ണ് ഇ​തി​ൽ ഭൂ​രി​ഭാ​ഗ​വും.

ബി.​ജെ.​പി​യി​ത​ര പാ​ർ​ട്ടി​ക​ളു​ടെ ശ​ക്തി​കേ​ന്ദ്ര​ങ്ങ​ളി​ൽ ഒ​ഴി​വാ​ക്ക​പ്പെ​ട്ട​വ​രി​ൽ അ​ജ്ഞാ​ത വോ​ട്ട​ർ​മാ​ർ കു​റ​യു​ന്നു​വെ​ന്ന​താ​ണ് ക​ണ​ക്കു​ക​ളി​ൽ കാ​ണു​ന്ന മ​റ്റൊ​രു പ്ര​വ​ണ​ത. ക​ഴി​ഞ്ഞ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി.​ജെ.​പി വി​ജ​യി​ച്ച തൃ​ശൂ​ർ മ​ണ്ഡ​ല​ത്തി​ൽ ബി.​ജെ.​പി​ക്ക് ലീ​ഡ് ല​ഭി​ക്കാ​തി​രു​ന്ന ഏ​ക നി​യ​മ​സ​ഭാ മ​ണ്ഡ​ലം ഗു​രു​വാ​യൂ​രാ​ണ്. ഗു​രു​വാ​യൂ​ർ മ​ണ്ഡ​ല​ത്തി​ൽ യു.​ഡി.​എ​ഫി​ന് വ​ലി​യ ഭൂ​രി​പ​ക്ഷം ന​ൽ​കി​യ ബൂ​ത്തു​ക​ളി​ൽ അ​ജ്ഞാ​ത വോ​ട്ട​ർ​മാ​ർ വി​ര​ലി​ൽ എ​ണ്ണാ​വു​ന്ന​വ​ർ മാ​ത്ര​മാ​ണ്. 172 വോ​ട്ട​ർ​മാ​രെ നീ​ക്കം ചെ​യ്ത 157ാം ന​മ്പ​ർ ബൂ​ത്തി​ൽ തി​രി​ച്ച​റി​യാ​നാ​കാ​ത്ത വോ​ട്ട​ർ​മാ​ർ വെ​റും ര​ണ്ടു​പേ​ർ മാ​ത്രം. മ​റ്റൊ​രു ബൂ​ത്തി​ൽ നാ​ലു​പേ​ർ. എ​ന്നാ​ൽ, ഗു​രു​വാ​യൂ​രി​ലെ​ത്ത​ന്നെ ബി.​ജെ.​പി ലീ​ഡ് ചെ​യ്ത വാ​ർ​ഡു​ക​ൾ പ​രി​ശോ​ധി​ച്ചാ​ൽ ഈ ​പ്ര​വ​ണ​ത​ക്ക് മാ​റ്റം കാ​ണാം. അ​വി​ടെ അ​ജ്ഞാ​ത​ർ​ക്ക് വേ​ണ്ട​ത്ര വോ​ട്ടു​ണ്ട്. ഒ​രേ മ​ണ്ഡ​ല​ത്തി​ലെ ര​ണ്ട് മു​ന്ന​ണി​ക​ൾ ലീ​ഡ് ചെ​യ്യു​ന്ന ബൂ​ത്തു​ക​ളി​ൽ തി​രി​ച്ച​റി​യാ​നാ​വാ​ത്ത വോ​ട്ട​ർ​മാ​രു​ടെ സാ​ന്നി​ധ്യം ര​ണ്ടു ത​ര​ത്തി​ലാ​യി​ത്തീ​രു​ന്ന​ത് വി​ചി​ത്ര​മാ​ണ്.

ന​ഗ​ര​ങ്ങ​ളി​ൽ പൊ​തു​വേ ഒ​ഴി​വാ​ക്ക​പ്പെ​ടു​ന്ന വോ​ട്ട​ർ​മാ​രു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന കാ​ണു​ന്നു​ണ്ട്. കൊ​ച്ചി പോ​ലു​ള്ള മെ​ട്രോ​ക​ളി​ലും മ​റ്റും ഇ​ത് ഒ​രു പ​രി​ധി​വ​രെ സ്വാ​ഭാ​വി​ക​വു​മാ​ണ്. എ​ന്നാ​ൽ, ഗ്രാ​മ പ്ര​ദേ​ശ​ങ്ങ​ളി​ലും ബി.​ജെ.​പി​ക്ക് വോ​ട്ട് കൂ​ടു​ത​ലു​ള്ള ബൂ​ത്തു​ക​ളി​ലും ഒ​ഴി​വാ​ക്ക​പ്പെ​ടു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന പ്ര​ക​ട​മാ​കു​ന്നു​ണ്ട്. ഗു​രു​വാ​യൂ​രി​ലെ​ത്ത​ന്നെ ഏ​ങ്ങ​ണ്ടി​യൂ​ർ പ​ഞ്ചാ​യ​ത്തി​ലെ 187, 188 തു​ട​ങ്ങി​യ ബൂ​ത്തു​ക​ൾ ഉ​ദാ​ഹ​ര​ണം. 187ൽ 84 ​ശ​ത​മാ​നം തി​രി​ച്ച​റി​യാ​നാ​കാ​ത്ത വോ​ട്ട​ർ​മാ​രു​ണ്ട്.

ഗു​രു​വാ​യൂ​രി​ലെ യു.​ഡി.​എ​ഫ് ശ​ക്തി​ കേ​ന്ദ്ര​ങ്ങ​ളി​ലെ​യും ബി.​ജെ.​പി ശ​ക്തി​കേ​ന്ദ്ര​ങ്ങ​ളി​ലെ​യും ഒ​ഴി​വാ​ക്കി​യ വോ​ട്ടു​ക​ളു​ടെ​യും അ​തി​ൽ തി​രി​ച്ച​റി​യാ​നാ കാ​ത്ത​വ​രു​ടെ​യും താ​ര​ത​മ്യം

ന​ഗ​ര​ങ്ങ​ളി​ൽ ഒ​ഴി​വാ​ക്ക​പ്പെ​ടു​ന്ന​വ​ർ കൂ​ടു​ന്നു​വെ​ന്ന വാ​ദം മു​ഖ​വി​ല​ക്കെ​ടു​ത്താ​ൽ​പോ​ലും എ​ല്ലാ ന​ഗ​ര​ങ്ങ​ളി​ലും ഒ​രു​പോ​ലെ ഈ ​പ്ര​വ​ണ​ത പ്ര​ക​ട​വു​മ​ല്ല. കേ​ര​ള​ത്തി​ലെ മൂ​ന്ന് പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളാ​യ തി​രു​വ​ന​ന്ത​പു​ര​ത്തും കൊ​ച്ചി​യി​ലും കോ​ഴി​ക്കോ​ട്ടും തി​രി​ച്ച​റി​യാ​നാ​കാ​ത്ത​വ​രു​ടെ എ​ണ്ണ​ത്തി​ൽ അ​സ്വാ​ഭാ​വി​ക​മാ​യ വ്യ​ത്യാ​സ​മു​ണ്ട്. മൂ​ന്ന് ന​ഗ​ര​ങ്ങ​ളി​ലെ​യും ഏ​റ​ക്കു​റെ സ​മാ​ന ന​ഗ​ര സ്വ​ഭാ​വ​മു​ള്ള പ്ര​ദേ​ശ​ങ്ങ​ൾ താ​ര​ത​മ്യം ചെ​യ്യു​മ്പോ​ൾ ഇ​ത് വ്യ​ക്ത​മാ​കും. തി​രു​വ​ന​ന്ത​പു​ര​ത്തെ ബൂ​ത്ത് ന​മ്പ​ർ 62 (അ​ജ്ഞാ​ത​ർ 75.34%), ബൂ​ത്ത് 82 (64.83%), ബൂ​ത്ത് 99 (61.32%) എ​ന്നി​വി​ട​ങ്ങ​ളി​ൽ തി​രി​ച്ച​റി​യാ​നാ​കാ​ത്ത​തി​നാ​ൽ ഒ​ഴി​വാ​ക്ക​പ്പെ​ട്ട​വ​രു​ടെ എ​ണ്ണം വ​ൻ​തോ​തി​ലാ​ണ്. എ​റ​ണാ​കു​ളം മ​ണ്ഡ​ല​ത്തി​ലെ ന​ഗ​ര ഹൃ​ദ​യ​ത്തി​ലു​ള്ള ബൂ​ത്ത് 81 (അ​ജ്ഞാ​ത​ർ പൂ​ജ്യം), ബൂ​ത്ത് 99 (21.16%) ബൂ​ത്ത് 110 (21.12%), ബൂ​ത്ത് 132 (14 %) എ​ന്നി​വി​ട​ങ്ങ​ളി​ൽ തി​രി​ച്ച​റി​യാ​നാ​കാ​ത്ത​വ​ർ താ​ര​ത​മ്യേ​ന കു​റ​വാ​ണ്. കോ​ഴി​ക്കോ​ട് എ​ത്തു​മ്പോ​ൾ അ​ജ്ഞാ​ത​രു​ടെ എ​ണ്ണം വീ​ണ്ടും കു​ത്ത​നെ താ​ഴേ​ക്ക് പോ​കു​ന്നു. ബൂ​ത്ത് 7 (6.25%), ബൂ​ത്ത് 16 (3.27 %), ബൂ​ത്ത് 43 (44.49%) എ​ന്നി​വ ഉ​ദാ​ഹ​ര​ണം. മ​രി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ഈ ​ബൂ​ത്തു​ക​ളി​ൽ​നി​ന്ന് പേ​ര് നീ​ക്ക​പ്പെ​ട്ട​വ​രു​ടെ എ​ണ്ണ​ത്തി​ലും വ​ലി​യ വ്യ​ത്യാ​സം പ്ര​ക​ട​മാ​ണ്. തി​രു​വ​ന​ന്ത​പു​ര​ത്ത്, മ​രി​ച്ച​തി​നാ​ൽ ഒ​ഴി​വാ​ക്ക​പ്പെ​ട്ട​വ​രു​ടെ എ​ണ്ണം ആ​റ് ശ​ത​മാ​നം മു​ത​ൽ 10 ശ​ത​മാ​നം വ​രെ​യാ​ണ്. കൊ​ച്ചി​യി​ൽ ഇ​ത് 14-18 ശ​ത​മാ​ന​മാ​ണ്. കോ​ഴി​ക്കോ​ട് 15 മു​ത​ൽ 30 ശ​ത​മാ​നം വ​രെ​യു​ണ്ട്. തി​രി​ച്ച​റി​യാ​നാ​കാ​ത്ത​വ​രു​ടെ എ​ണ്ണം തി​രു​വ​ന​ന്ത​പു​ര​ത്ത് അ​നു​പാ​ത​ര​ഹി​ത​മാ​യി വ​ർ​ധി​ക്കു​ന്നു​വെ​ന്ന സം​ശ​യ​ത്തി​ലേ​ക്കാ​ണ് ഇ​തും വി​ര​ൽ​ചൂ​ണ്ടു​ന്ന​ത്. തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തി​ലെ​ത്ത​ന്നെ, ബി.​ജെ.​പി​ക്ക് ലീ​ഡ് ല​ഭി​ക്കാ​ത്ത ചി​ല ബൂ​ത്തു​ക​ളി​ലെ മ​ര​ണ​നി​ര​ക്ക് കൊ​ച്ചി-​കോ​ഴി​ക്കോ​ട് ന​ഗ​ര​ങ്ങ​ളി​ലേ​തി​ന് ഏ​റ​ക്കു​റെ സ​മാ​ന​വു​മാ​ണ്. മ​രി​ച്ച​വ​ർ 20 ശ​ത​മാ​ന​മു​ള്ള പൂ​ന്തു​റ ബൂ​ത്ത് ഉ​ദാ​ഹ​ര​ണം.

(മീഡിയവൺ കോഓഡിനേറ്റിങ് എഡിറ്ററാണ് ലേഖകൻ)