മാധ്യമപ്രവർത്തകയ്ക്ക് ഐക്യദാർഢ്യം, സുരേഷ് ഗോപി കേരളത്തിന് അപമാനം; ഡിവൈഎഫ്ഐ
നടൻ സുരേഷ് ഗോപിക്കെതിരെ ഡിവൈഎഫ്ഐ. സുരേഷ് ഗോപി കേരളത്തിന് അപമാനം എന്ന് ഡിവൈഎഫ്ഐ കോഴിക്കോട് ജില്ലാ കമ്മിറ്റി പ്രതിഷേധ പോസ്റ്ററിൽ കുറിക്കുന്നു. മാധ്യമ പ്രവർത്തകർക്ക് ഐക്യദാർഢ്യവുമായി ഡിവൈഎഫ്ഐ ഇന്ന് വൈകിട്ട് നടക്കാവിൽ പ്രതിഷേധ കൂട്ടായ്മ നടത്തും.(DYFI Against Suresh Gopi)
DYFI കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആണ് പ്രതിഷേധം സംഘടിപ്പിക്കുക.എന്റെ ശരീരം എന്റെ അവകാശമാണ് അത്രിക്രമിക്കുന്നത് കുറ്റമാണ് എന്ന മുദ്രാവാക്യമുയർത്തിയാണ് ഡിവൈഎഫ്‌ഐയുടെ റാലി.
അതേസമയം മാധ്യമപ്രവർത്തകയെ അപമാനിച്ചെന്ന കേസിൽ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയെ ചോദ്യം ചെയ്യലിന് ശേഷം നോട്ടീസ് നൽകി വിട്ടയച്ചു. നടക്കാവ് എസ് ഐയുടെ നേതൃത്വത്തിൽ ഇന്ന് രണ്ട് മണിക്കൂർ നേരമാണ് സുരേഷ് ഗോപിയെ ചോദ്യം ചെയ്തത്.
നടക്കാവ് പോലീസ് സ്റ്റേഷന് മുന്നിൽ മുദ്രാവാക്യം വിളികളോടെയാണ് ബിജെപി പ്രവർത്തകർ തടിച്ചു കൂടിയത്. പ്രവർത്തകരുടെ സ്നേഹത്തിന് നന്ദിയെന്ന്, ചോദ്യം ചെയ്യലിന് ശേഷം പുറത്തിറങ്ങിയ സുരേഷ് ഗോപി മാധ്യമങ്ങളോടും ജനങ്ങളോടും പ്രതികരിച്ചു. ഇന്ന് രാവിലെ 11.50 ഓടെയാണ് സുരേഷ് ഗോപി ചോദ്യം ചെയ്യലിനായി നടക്കാവ് പൊലീസ് സ്റ്റേഷനിൽ ഹാജരായത്.