സ്പെയിൻ മുന്നേറ്റം, താളം കണ്ടെത്താനാകാതെ അർജന്‍റീന; ആദ്യ പകുതി ഗോൾരഹിതം

ന്യൂയോർക്ക്: ലോകകപ്പ് ഫൈനലിലെ അർജന്‍റീന-സ്പെയിൻ പോരാട്ടം ആദ്യ പകുതി പിന്നിടുമ്പോൾ ഗോൾരഹിതം. പന്തടക്കത്തിലും ആക്രമണത്തിലും മുന്നിട്ടുനിന്ന സ്പെയിൻ മൈതാനത്ത് നിറഞ്ഞുകളിക്കുന്നതാണ് കണ്ടത്. മൂന്നു ഷോട്ടുകളാണ് ഗോളിലേക്ക് തൊടുത്തത്. അർജന്‍റീനക്ക് ഒരു ഷോട്ടുപോലും തൊടുക്കാനായില്ല.

ആദ്യ മിനിറ്റുകളിൽ തന്നെ സ്പെയിനിന്‍റെ മുന്നേറ്റമായിരുന്നു. അഞ്ചാം മിനിറ്റിൽ കൗമാര താരം ലമീൻ യമാലിന് സുവർണാവസരം. ബോക്സിനുള്ളിലേക്ക് കയറി താരം തൊടുത്ത ഷോട്ട് പ്രതിരോധ താരത്തിന്‍റെ കാലിൽ തട്ടി ഡിഫ്ലക്റ്റായെങ്കിലും ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസ് കൈയിലൊതുക്കി. തൊട്ടുപിന്നാലെ സ്പെയിന് വീണ്ടും അവസരം, അർജന്‍റീന പ്രതിരോധിച്ചു. അർജന്‍റീനയുടെ പ്രത്യാക്രമണത്തിൽ പന്തിനായി ലയണൽ മെസ്സി ഓടിയെങ്കിലും മൈതാന മധ്യത്തിനടുത്തേക്ക് ഓടിക്കയറിയ സ്പെയിൻ ഗോൾ കീപ്പർ ഉനായി സിമോൺ തട്ടിയകറ്റി.

ആദ്യ 15 മിനിറ്റിൽ 60 ശതമാനം പന്തടക്കവും സ്പെയിനിനായിരുന്നു. 39ാം മിനിറ്റിൽ ഒയർസബാലിന്‍റെ ഒരു ഗ്രൗണ്ട് ഷോട്ട് മാർട്ടിനെസ് കൈയിലൊതുക്കി. 41ാം മിനിറ്റിൽ ഒയർസബാലിനെ ഫൗൾ ചെയ്തതിന് മാർട്ടിനെസിന് മഞ്ഞ കാർഡ്. 43ാം മിനിറ്റിൽ ബോക്സിനു പുറത്തുനിന്നുള്ള കുകുറെയ്യയുടെ ഷോട്ട് പോസ്റ്റിനു തൊട്ടരകിലൂടെ പുറത്തേക്കുപോയി. 44ാം മിനിറ്റിൽ പരിക്കേറ്റ ലാസാൻഡ്രോ മാർട്ടിനെസിനു പകരം ഒട്ടാമെൻഡി കളത്തിലിറങ്ങി. ആദ്യ പകുതിയിൽ 51 ശതമാനം പന്തു കൈവശം വെച്ച് കളിച്ചതും സ്പെയിനായിരുന്നു. ഗോളിലേക്ക് മൂന്നു ഷോട്ടുകൾ തൊടുത്തമ്പോൾ അതിൽ രണ്ടെണ്ണവും ടാർഗറ്റിലേക്കായിരുന്നു.

സൂപ്പർതാരം ലയണൽ മെസ്സിയിലേക്ക് പന്തെത്തുന്നത് റോഡ്രിയും സംഘവും പൂർണമായി തടഞ്ഞു. സ്പെയിൻ ബോക്സിനകത്തേക്ക് അപൂർവമായി മാത്രമാണ് പന്തുമായി അർജന്‍റീന താരങ്ങൾക്ക് കയറാനായത്. അതിവേഗ പാസ്സിങ്ങുമായി നിറഞ്ഞുകളിച്ച സ്പെയിൻ അർജന്‍റീന പ്രതിരോധത്തിന് പലപ്പോഴും വെല്ലുവിളി ഉയർത്തി. അമേരിക്കയിലെ ന്യൂജഴ്‌സിയിലുള്ള മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിലാണ് കലാശപ്പോര്. ഇംഗ്ലണ്ടിനെതിരെ സെമി ഫൈനൽ കളിച്ച ടീമിൽ അമ്പരപ്പിക്കുന്ന മൂന്നു മാറ്റങ്ങളുമായാണ് പരിശീലകൻ ലയണൽ സ്കലോണി അർജന്‍റീനയെ കളത്തിലിറക്കുന്നത്. മാധ്യനിരയിൽ റോഡ്രിഗോ ഡീ പോളും നിക്കോ ഗോൺസാലസും പ്രതിരോധത്തിൽ ഗോൺസാലോ മോണ്ടിയേലും ആദ്യ ഇലവനിൽ ഇടംപിടിച്ചു. പരേഡസും മൊലീനയും ബെഞ്ചിലേക്ക് മാറി. ലമീൻ യമാലിന്‍റെ വിങ്ങിലൂടെയുള്ള നീക്കത്തിന് കൂടി തടയിടാൻ ലക്ഷ്യമിട്ടാണ് ഗോൺസാലാസ് ആദ്യ ഇലവനിലെത്തിയത്.

സെമി ഫൈനലിൽ ഫ്രാൻസിനെതിരെ കളിച്ച ഇലവനെ തന്നെയാണ് ഫൈനലിലും സ്പെയിൻ പരിശീലകൻ ലൂയിസ് ഡി ലാ ഫ്യൂന്‍റെ നിലനിർത്തിയത്. ഇരു ടീമുകളും സ്റ്റേഡിയത്തിലെത്തി. കലാശപ്പോരിൽ ഒരു വശത്ത് ഇതിഹാസ താരം ലയണൽ മെസ്സിയുടെ മാന്ത്രികതയും, മറുവശത്ത് സ്പെയിനിന്റെ സംഘടിതമായ പോരാട്ടവീര്യവും നേർക്കുനേർ വരുമ്പോൾ തീപാറുമെന്ന് ഉറപ്പ്. ആദ്യ ഇലവനിൽ സ്ഥാനം പിടിച്ചതോടെ മെസ്സി ഒരു അപൂർവ റെക്കോഡും സ്വന്തമാക്കി.

മൂന്നു ഫൈനലുകളിൽ ആദ്യ ഇലവനിൽ ഇടംപിടിക്കുന്ന ആദ്യ താരമായി മെസ്സി. 39കാരനായ മെസ്സിയും 19കാരനായ ലമീൻ യമാലും നേർക്കുനേർ വരുന്നെന്ന പ്രത്യേകതയും ഫൈനലിനുണ്ട്. ഒരു വശത്ത് ഇതിഹാസ നായകന്റെ രാജകീയ വിടവാങ്ങലും, മറുവശത്ത് കാൽപന്ത് ലോകത്തിന്റെ ഭാവി തങ്ങളുടേതാണെന്ന് പ്രഖ്യാപിക്കാൻ ഇറങ്ങുന്ന യുവ സ്പാനിഷ് പടയും. ന്യൂജഴ്സിയിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിലെ പുൽത്തകിടിയിൽ ആര് കിരീടം ചൂടുമെന്നറിയാൻ ലോകം കാത്തിരിക്കുകയാണ്.