“തോൽവി സഹിക്കുന്നതിനൊപ്പം ടീമിന് പ്രധാനമന്ത്രിയെയും സഹിക്കേണ്ടി വന്നു”: ലോകകപ്പ് തോൽവിക്ക് പിന്നാലെ മോദിക്കെതിരെ പ്രതിപക്ഷം
ലോകകപ്പ് ഫൈനലിലെ പരാജയത്തിനു ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ പാർട്ടികൾ. ഇന്ത്യൻ ടീമിനെ ഡ്രസ്സിങ് റൂമിലെത്തി ആശ്വസിപ്പിച്ചത് ശരിയായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം വിമർശനം ഉയർത്തുന്നത്.
ഫൈനലിൽ പരാജയം ഏറ്റുവാങ്ങിയ ടീം അംഗങ്ങൾ ഏറെ ദുഃഖിതറായിരുന്നു. ഇതിനിടെയാണ് ക്യാമറകളുമായി പ്രധാനമന്ത്രി ഡ്രസ്സിങ് റൂമിലേക്ക് എത്തുന്നത്. ടീം അംഗങ്ങൾ വളരെ അസ്വസ്ഥരായിരുന്നുവെന്ന് ശിവസേന (യുബിടി) നേതാവ് പ്രിയങ്ക ചതുർവേദി വിമർശിച്ചു.
“ഇന്ത്യൻ താരങ്ങൾ വളരെ അസ്വസ്ഥരായിരുന്നു. പരാജയത്തിന്റെ ദുഃഖം ഒരു വശത്ത് മറുവശത്ത് പ്രധാനമന്ത്രിയുടെ പ്രസംഗം റെക്കോർഡ് ചെയ്യാനെത്തിയ ക്യാമറകളും. ഡ്രസ്സിംഗ് റൂമിനുള്ളിലാണ് ക്യാമറകളുമായി കടന്നുകയറിയത്. ഈ ട്വീറ്റ് നിങ്ങൾക്ക് എത്ര വേണമെങ്കിലും ട്രോളാം”: പ്രിയങ്ക എക്‌സിൽ കുറിച്ചു.
പിന്നാലെ തൃണമൂൽ കോൺഗ്രസ് (ടിഎംസി) നേതാവും മുൻ ക്രിക്കറ്റ് താരവുമായ കീർത്തി ആസാദും മോദിയെ വിമർശിച്ച് രംഗത്തെത്തി. “എല്ലാ ടീമുകളുടെയും സങ്കേതമാണ് ഡ്രസ്സിംഗ് റൂം. കളിക്കാരും സപ്പോർട്ട് സ്റ്റാഫും ഒഴികെ ആരെയും ഈ മുറികളിൽ പ്രവേശിക്കാൻ ഐസിസി അനുവദിക്കുന്നില്ല. ടീം അംഗങ്ങളെ പ്രധാനമന്ത്രി കാണേണ്ടിയിരുന്നത് പ്രൈവറ്റ് വിസിറ്റേഴ്‌സ് ഏരിയയിലെ ഡ്രസ്സിംഗ് റൂമിന് പുറത്ത് വെച്ചായിരുന്നു. ഒരു കായികതാരം എന്ന നിലയിലാണ് ഞാനിത് പറയുന്നത്, രാഷ്ട്രീയക്കാരനല്ല”: കീർത്തി ആസാദ് എക്‌സിൽ കുറിച്ചു. തന്റെ കിടപ്പുമുറിയിലോ ഡ്രസ്സിംഗ് റൂമിലോ ടോയ്‌ലറ്റിലോ വന്ന് ആശ്വസിപ്പിക്കാനോ അഭിനന്ദിക്കാനോ നരേന്ദ്ര മോദി തന്റെ അനുയായികളെ അനുവദിക്കുമോ എന്നും അദ്ദേഹം ചോദിച്ചു. 1983 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിൽ അംഗമായിരുന്ന താരമാണ് കീർത്തി ആസാദ്.
ലോകകപ്പ് ഫൈനലിലെ പരാജയത്തിനു ശേഷമായിരുന്നു ഇന്ത്യൻ ടീമിനെ ഡ്രസ്സിങ് റൂമിലെത്തി പ്രധാനമന്ത്രി സന്ദർശിച്ചത്. ടീം മികച്ച പ്രകടനമാണ് പുറത്തെടുത്തതെന്നും ഒരുമിച്ച് ഇനിയും മുന്നേറണമെന്നും താരങ്ങളോട് അദ്ദേഹം പറഞ്ഞു. ആഭ്യന്തര മന്ത്രി അമിത് ഷായും പ്രധാനമന്ത്രിയെ അനുഗമിച്ചിരുന്നു. കോച്ച് രാഹുൽ ദ്രാവിഡ് ഉൾപ്പെടെ ഇന്ത്യൻ സംഘത്തിലെ എല്ലാവരേയും പ്രധാനമന്ത്രി അഭിനന്ദിക്കുകയും ചെയ്തു. വിക്കറ്റ് വേട്ടക്കാരിൽ ഒന്നാമനായ മുഹമ്മദ് ഷമിയെയും അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു.
ഞായറാഴ്ച നടന്ന ഫൈനലില്‍ ഓസ്ട്രേലിയയ്ക്കെതിരെ ആറു വിക്കറ്റിനാണ് ഇന്ത്യ പരാജയം ഏറ്റുവാങ്ങിയത്. ഓസീസിന്റെ ആറാം കിരീട നേട്ടമാണിത്.