‘പീഡനാരോപണം വ്യാജം; സത്യം തെളിയിക്കാൻ ഏതറ്റം വരെയും പോവും’: നിവിൻ പോളി

'The allegation of torture is false; Will go to any lengths to prove the truth': Nivin Pauly

 

തനിക്കെതിരായ ലൈം​ഗികാരോപണം നിഷേധിച്ച് നടൻ നിവിൻ പോളി. ആരോപണങ്ങൾ വ്യാജമാണെന്നും സത്യം തെളിയിക്കാൻ ഏതറ്റം വരെയും പോവുമെന്നും നടൻ വ്യക്തമാക്കി. ഇതിനു പിന്നിൽ പ്രവർത്തിച്ചവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും നിയമപരമായി മുന്നോട്ടുപോവുമെന്നും നടൻ വിശദീകരിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് നടന്റെ പ്രതികരണം.

‘ഞാൻ ഒരു പെൺകുട്ടിയെ അപമാനിച്ചുവെന്ന തെറ്റായ വാർത്ത കണ്ടു. ഇത് പൂർണമായും അസത്യമാണ്. ഈ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് തെളിയിക്കാൻ ഞാൻ ഏതറ്റംവരെയും പോവും. ഇതിനു പിന്നിൽ പ്രവർത്തിച്ചവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കും. ഇനി നിയമപരമായി നീങ്ങാനാണ് തീരുമാനം’- നടൻ കുറിച്ചു.

Also Read : അഭിനയിക്കാൻ അവസരം വാ​ഗ്ദാനം ചെയ്ത് പീഡിപ്പിച്ചു; നടൻ നിവിൻ പോളിക്കെതിരെ കേസ്

അഭിനയിക്കാൻ അവസരം വാ​ഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്നാണ് നിവിൻ പോളിക്കെതിരായ യുവതിയുടെ പരാതി. ഇതിൽ എറണാകുളം ഊന്നുകൽ പൊലീസ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് നടനെതിരെ കേസെടുത്തത്. കഴിഞ്ഞ വർഷം നവംബറിൽ സിനിമയിൽ അഭിനയിക്കാൻ അവസരം വാഗ്ദാനം ചെയ്ത് യുവതിയോട് വിദേശത്തേക്ക് വരാൻ ആവശ്യപ്പെടുകയും വിദേശത്തെ ഹോട്ടൽ മുറിയിൽ വച്ച് നിവിൻപോളി അടക്കമുള്ളവർ ചേർന്ന് പീഡിപ്പിച്ചെന്നുമാണ് പരാതിയിൽ പറയുന്നത്.

എറണാകുളം റൂറൽ എസ്.പിക്ക് ലഭിച്ച പരാതി പിന്നീട് ഊന്നുകൽ പൊലീസിന് കൈമാറി പ്രാഥമികാന്വേഷണം നടത്തിയിരുന്നു. പ്രാഥമികാന്വേഷണം പൂർത്തിയായതോടെയാണ് നിവിനെതിരെ കേസെടുത്തത്. ആകെ ആറ് പ്രതികളാണ് ഉള്ളത്. ഇതിൽ ആറാം പ്രതിയാണ് നിവിൻ. ശ്രേയയാണ് കേസിൽ ഒന്നാം പ്രതി. നിർമാതാവ് എ.കെ സുനിലാണ് രണ്ടാം പ്രതി. ബിനു, ബഷീർ, കുട്ടൻ എന്നിവരാണ് മൂന്നും നാലും അഞ്ചും പ്രതികൾ. പ്രത്യേക അന്വേഷണസംഘം കേസ് ഏറ്റെടുക്കും.

നിർമാതാവ് അടക്കമുള്ളവർ പ്രതികളാണെന്നാണ് പുറത്തുവരുന്ന വിവരം. ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കൽ എന്നീ വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്. രണ്ട് മാസം മുമ്പാണ് യുവതി പരാതി നൽകിയത്. മലയാള സിനിമയിൽ പ്രമുഖ നടന്മാർക്കെതിരെ ലൈംഗിക പീഡന ആരോപണങ്ങൾ ഉയരുന്നതിനിടെയാണ് നിവിൻ പോളിക്കുമെതിരെ പരാതി ഉയർന്നത്.

Leave a Reply

Your email address will not be published. Required fields are marked *