വമ്പൻ ട്വിസ്റ്റ്; സൽമാൻ ഖാനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയത് അടുത്ത ചിത്രത്തിലെ ഗാനരചയിതാവ്, അറസ്റ്റ്‌

The Big Twist; Salman Khan's next film's lyricist, Arrested, threatened to kill him

 

സൽമാൻ ഖാന് നേരെ വന്നൊരു വധ ഭീഷണി സന്ദേശത്തില്‍ സിനിമാ കഥപോലെ വൻ ട്വിസ്റ്റ്. സൽമാൻ ഖാന്റെ അടുത്ത ചിത്രമായ സിക്കന്ദറിന് വേണ്ടിയൊരു പാട്ടെഴുതിയ സൊഹൈൽ പാഷയാണ് നവംബർ ഏഴിലെ ഭീഷണി സന്ദേശത്തിന് പിന്നിലെന്ന് പൊലീസ് കണ്ടെത്തി.

തന്റെ പാട്ട് ഹിറ്റ് ആകാന്‍ വേണ്ടി ഒപ്പിച്ച പണിയാണിതെന്നാണ് യൂട്യൂബര്‍ കൂടിയായ സൊഹൈൽ പറഞ്ഞതായി പൊലീസ് വ്യക്തമാക്കുന്നത്. കർണാടകയിലെ റായ്ചൂരില്‍ നിന്നാണ് സൊഹൈലിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

നവംബർ ഏഴിനാണ് മുംബൈ ട്രാഫിക് കണ്‍ട്രോള്‍ റൂം വാട്‌സ്ആപ്പ് നമ്പറിലേക്ക് ഭീഷണി സന്ദേശം വന്നത്. അഞ്ച് കോടി തന്നില്ലെങ്കിൽ സൽമാൻ ഖാനെയും ‘മേം സിക്കന്ദർ ഹും’ എന്ന പാട്ടെഴുതിയ ആളെയും കൊലപ്പെടുത്തുമെന്നായിരുന്നു ഭീഷണി. ഇനി പാട്ടെഴുതാൻ പറ്റാത്ത രീതിയിലാകും അദ്ദേഹത്തിന്റെ അവസ്ഥയെന്നും ധൈര്യമുണ്ടെങ്കിൽ സൽമാൻ ഖാൻ രക്ഷിക്കട്ടേയെന്നും സന്ദേശത്തിൽ വ്യക്തമാക്കിയിരുന്നു. ലോറൻസ് ബിഷ്‌ണോയ് സംഘത്തിന്റെ പേരിലായിരുന്നു സന്ദേശം. സൊഹൈൽ തന്നെയാണ് ഭീഷണി സന്ദേശം അയച്ചതെന്ന് പൊലീസ് പറയുന്നു.

പാട്ട് ഹിറ്റാകാനും തന്നെ നാലാൾ അറിയാനും വേണ്ടിയാണ് സൊഹൈൽ പണിയൊപ്പിച്ചതെന്ന് പൊലീസ് പറയുന്നു. രാഷ്ട്രീയ നേതാവ് ബാബ സിദ്ദീഖി കൊല്ലപ്പെട്ടതിന് പിന്നാലെ ലോറൻസ് ബിഷ്‌ണോയ് സംഘത്തിന്റെ പേരിൽ സൽമാൻ ഖാന് ഇടയ്ക്കിടെ ഭീഷണി സന്ദേശങ്ങൾ വരുന്നുണ്ട്. അതിനാൽ സുരക്ഷ ശക്തമാക്കി ഗൗരവത്തോടെയാണ് ഒരോ സന്ദേശങ്ങളെയും പൊലീസ് കണ്ടിരുന്നത്. ഈ സന്ദേശം വന്നത് കർണാടകയിലെ റായ്ചൂരിൽ നിന്നാണെന്ന് ക്രൈംബ്രാഞ്ച് ആദ്യം കണ്ടെത്തി. ഫോണിന്റെ ഉടമയെ കണ്ടെത്താൻ പ്രത്യേക ടീമിനെ തന്നെ പൊലീസ് കർണാടകയിലേക്ക് വിട്ടു.

അവിടെ എത്തിയ പൊലീസ്, ഉടമയായ വെങ്കടേഷ് നാരായണനെ ചോദ്യം ചെയ്തപ്പോൾ ആദ്യം ഞെട്ടി. ഇന്റർനെറ്റ് പോലും ഉപയോഗിക്കാൻ പറ്റാത്ത ഫോണായിരുന്നു വെങ്കിടേഷിന്റെ കയ്യിൽ. ഫോൺ വിശദമായി പരിശോധിച്ചപ്പോഴാണ് മറ്റൊരു രഹസ്യം മനസിലായത്. വാട്‌സ്ആപ്പ് ഇൻസ്റ്റാൾ ചെയ്യാനായി ഈ ഫോണിലേക്കൊരു സന്ദേശം വന്നിരിക്കുന്നു. ഇക്കാര്യം പൊലീസ് ചോദിച്ചപ്പോൾ നവംബർ മൂന്നിന് മാർക്കറ്റിൽ പോയിരുന്നുവെന്നും അവിടെ വെച്ചൊരാൾ ‘കോൾ’ ചെയ്യാനായി തന്റെ ഫോൺ വാങ്ങിയിരുന്നുവെന്നും വെങ്കടേഷ് പൊലീസിനോട് പറഞ്ഞു.

ഇതോടെയാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്. വെങ്കടേഷിന്റെ നമ്പൻ ഉപയോഗിച്ച് വാട്സ്ആപ്പ് ഇൻസ്റ്റാൾ ആക്കിയാണ് സന്ദേശം വന്നതെന്ന് മനസിലാക്കിയ പൊലീസ് തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സൊഹൈലിലേക്ക് എത്തിയത്. റായ്ച്ചൂരിനടത്തുള്ള മാനവി ഗ്രാമത്തിൽവെച്ച് തന്നെയാണ് സൊഹൈലിന് പൊലീസ് പിടികൂടിയത്. പിന്നാലെ സൊഹൈലിനെ മുംബൈ കോടതിയില്‍ ഹാജരാക്കി. രണ്ട് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു.

ഒക്ടോബറില്‍, സൽമാൻ ഖാനെതിരെ നാല് വധ ഭീഷണി സന്ദേശങ്ങളെങ്കിലും മുംബൈ ട്രാഫിക് പൊലീസ് ഹെൽപ്പ് ലൈനിൽ ലഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *