ആറ് വിവാഹം നടത്തി പണവും ആഭരണങ്ങളുമായി മുങ്ങിയ വധു ഏഴാം വിവാഹത്തിനുള്ള ഒരുക്കത്തിനിടെ പിടിയിൽ

arrested

യുപി: ആറ് യുവാക്കളെ വിവാഹം കഴിച്ച് പണവും ആഭരണങ്ങളുമായി കടന്ന യുവതിയും കൂട്ടാളികളും പിടിയിൽ. രണ്ടു സ്ത്രീകളും രണ്ട് പുരുഷൻമാരുമടങ്ങുന്ന തട്ടിപ്പ് സംഘമാണ് യുപി ബന്ധയിൽ പിടിയിലായത്.arrested

പൊലീസിന്റെ റിപ്പോർട്ട് പ്രകാരം സംഘത്തിലെ രണ്ട് പുരുഷന്മാരും അവിവാഹിതരായ യുവാക്കളെ കണ്ടെത്തുകയും തങ്ങൾ വിവാഹ ഏജന്റുമാരാണെന്ന് പറഞ്ഞ് പരിചയപ്പെടുകയും ചെയ്യും. യുവാക്കളിൽ നിന്നോ കുടുംബങ്ങളിൽ നിന്നോ പണം വാങ്ങുന്ന പുരുഷന്മാർ തുടർന്ന് തങ്ങൾക്ക് പരിചയമുള്ള ഒരു പെൺകുട്ടി ഉണ്ടെന്ന് പറഞ്ഞ് തട്ടിപ്പുസംഘത്തിലെ രണ്ട് സ്ത്രീകളെയും ഇവർക്ക് പരിചയപ്പെടുത്തിക്കൊടുക്കുന്നു. തട്ടിപ്പുസംഘത്തിലെ പൂനം മിശ്ര എന്ന യുവതി വധു എന്ന നിലയിലും സഞ്ജന ഗുപ്ത എന്ന സ്ത്രീ വധുവിന്റെ അമ്മ എന്ന നിലയിലുമായിരിക്കും യുവാവിനെയും കുടുബത്തെയും പരിചയപ്പെടുക. തുടർന്ന ചെറിയ രീതിയിൽ വിവാഹവും നടത്തുന്നു. പ്രതിശ്രുത വരന്റെ വീട്ടിലെത്തുന്ന പൂനം മിശ്ര വീട്ടിലെ പണവും ആഭരണങ്ങളും കണ്ടെത്തുകയും ഇത് മോഷ്ടിച്ച് അവിടെ നിന്ന് മുങ്ങുകയുമാണ് തട്ടിപ്പുരീതി.

ആറ് തട്ടിപ്പുകൾ വിജയകരമായി നടത്തിയ സംഘത്തെ ഏഴാമത്തെ തട്ടിപ്പ് ശ്രമത്തിനിടെയാണ് പിടികൂടിയത്.

ശങ്കർ ഉപാധ്യായ് എന്ന യുവാവിനെയായിരുന്നു തട്ടിപ്പ് സംഘം പുതിയ തട്ടിപ്പിന് ഇരയാക്കാൻ ശ്രമിച്ചത്. ഏറെ നാൾ ഒരു വധുവിനായി അന്വേഷിച്ചുകൊണ്ടിരുന്ന ശങ്കറിനോട് ഒന്നര ലക്ഷം രൂപ തന്നാൽ ഒരു വധുവിനെ കണ്ടെത്തിത്തരാമെന്ന് പറഞ്ഞ് തട്ടിപ്പുസംഘം സമീപിക്കുകയായിരുന്നു. എന്നാൽ തനിക്ക് വധുവിനെ കാണിച്ചു തന്ന ശേഷം മാത്രമേ താൻ പണം നൽകുകയുള്ളെന്ന് യുവാവ് വ്യാജ ഏജന്റുമാരോട് പറഞ്ഞു.

ഒടുവിൽ യുവാവിന്റെ ആവശ്യപ്രകാരം വ്യാജ വധുവിനെയും അമ്മയേയും തട്ടിപ്പുസംഘം പരിചയപ്പെടുത്തിക്കൊടുക്കുകയായിരുന്നു. ഉടൻ തന്നെ വ്യാജ ഏജന്റുകൾ യുവാവിനോട് പണം ആവശ്യപ്പെട്ടു. എന്നാൽ സംഭവത്തിൽ പന്തികേട് തോന്നിയ യുവാവ് വധുവിനോടും അമ്മയോടും അവരുടെ ആധാർ കാർഡ് ആവശ്യപ്പെടുകയായിരുന്നു.

എന്നാൽ ഇത് യുവാവിന് കൊടുക്കാൻ തട്ടിപ്പുസംഘം വിസമ്മതിക്കുകയായിരുന്നു. ഒടുവിൽ യുവാവ് താൻ ഈ വിവാഹത്തിന് തയ്യാറല്ലെന്ന് ഏജന്റുമാരോട് പറഞ്ഞു. എന്നാൽ യുവാവിനോട് വിവാഹം കഴിക്കണമെന്നും ഇല്ലെങ്കിൽ കൊല്ലുമെന്നും വ്യാജ കേസുകൾ കൊടുത്ത് കുടുക്കുമെന്നും സംഘം ഭീഷണിപ്പെടുത്തി. താൻ ഒന്നാലോചിച്ച് മറുപടി തരാമെന്ന് പറഞ്ഞ് യുവാവ് തന്റെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു.

എന്നാൽ മടങ്ങിയ ഉടൻ തന്നെ യുവാവ് തനിക്കുണ്ടായ അനുഭവത്തെക്കുറിച്ച് പൊലീസിൽ പരാതിപ്പെട്ടു. സമാനമായ ആറ് കേസുകളിൽ തുമ്പ് ലഭിക്കാതെ വലഞ്ഞിരുന്ന പൊലീസിന് തെളിവുകളുടെ അടിസ്ഥാനത്തിൽ തട്ടിപ്പുസംഘത്തെക്കുറിച്ച് വ്യക്തത വരുത്താനായി. ഉടൻ തന്നെ പൊലീസ് അന്വേഷണമാരംഭിക്കുകയും സംഘത്തെ പിടികൂടുകയുമായിരുന്നു. കേസിൽ തുടർനടപടികൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *