​കോച്ചിന് റോളില്ല; പാക് പരിശീലകസ്ഥാനം രാജിവെച്ച് കേഴ്സ്റ്റൺ

Kirsten

ഇസ്‍ലാമാബാദ്: പാകിസ്താൻ ദേശീയ ടീമിന്റെ ഏകദിന, ട്വന്റി 20 പരിശീലക സ്ഥാനം ഗാരി കേഴ്സ്റ്റൺ രാജിവെച്ചു. ഈ വർഷം ഏപ്രിൽ മാസത്തിൽ മാസം ചുമതലേയേറ്റെടുത്ത കേഴ്സ്റ്റന്റെ സ്ഥാനചലനം പാക് ക്രിക്കറ്റിലെ അസ്വാരസ്യങ്ങൾക്കുള്ള പുതിയ തെളിവാണ്. ടെസ്റ്റ് പരിശീലകൻ ജേസൺ ഗില്ലസ്പിക്ക് പകരം ചുമതല നൽകിയിട്ടുണ്ട്.Kirsten

രാജിയുടെ കാരണം കേഴ്സ്റ്റൺ പരസ്യമായി വ്യക്തമാക്കിയില്ലെങ്കിലും പാക് ക്രിക്കറ്റിലെ വിഴുപ്പലക്കലുകളിൽ മനം മടുത്താണ് തീരുമാനമെന്നാണ് സൂചനകൾ. ബാബർ അസമിന് പകരക്കാരനായി പാക് നായകസ്ഥാനം ഏറ്റെടുത്ത മുഹമ്മദ് റിസ്‍വാൻ വാർത്ത സമ്മേളനം നടത്തുമ്പോൾ കേഴ്സ്റ്റൺ പാകിസ്താനിൽ പോലുമില്ലായിരുന്നു. റിസ്‍വാനെ നിയമിച്ചതിൽ കോച്ചിനോട് ഉപദേശം തേടിയില്ല എന്ന റിപ്പോർട്ടുകളുമുണ്ട്.

ടീം സെലക്ഷനിൽ കോച്ചിന് യാതൊരു റോളുമില്ലാത്തതും പ്രകോപനകാരണമായി കരുതുന്നു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്കിടെ ടീമിനെ ഇടക്ക് വെച്ച് മാറ്റിയതിൽ കോച്ച് ജേസൺ ഗില്ലസ്പിയും അസന്തുഷ്ടനാണ്. ഇപ്പോൾ തന്റെ റോൾ ഒരു ‘മാച്ച് അനലിസ്റ്റിന്റേത്’ മാത്രമാണെന്ന് ഗില്ലസ്പി തുറന്നടിച്ചിരുന്നു.

2008 മുതൽ 2011 വരെ ഇന്ത്യയുടെ മുഖ്യ പരിശീലകനായിരുന്ന കേഴ്സ്റ്റൺ ഇന്ത്യയെ ഏകദിന ലോകകപ്പ് വിജയിയാക്കുന്നതിൽ മുഖ്യപങ്കുവഹിച്ചിരുന്നു. ദക്ഷിണാഫ്രിക്കക്കായി 101​ ടെസ്റ്റിലും 185 ഏകദിനത്തിലും കളത്തിലിറങ്ങിയ കേഴ്സ്റ്റൺ ദക്ഷിണാഫ്രിക്കൻ ടീം, റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു, ഗുജറാത്ത് ടൈറ്റൻസ് എന്നീ ടീമുകളെയും പരിശീലിപ്പിച്ചുണ്ട്.

2023 ലോകകപ്പിലെ മോശം പ്രകടനത്തിന് പിന്നാലെ ​മുഖ്യ പരിശീലകനായ ഗ്രാൻഡ് ബ്രാൻഡ്ബേൺ, ടീം ഡയറക്ടർ മിക്കി ആർതർ അടക്കമുളള പരിശീലക സംഘത്തെ പാകിസ്താൻ പിരിച്ചുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് കേഴ്സ്റ്റണെ നിയമിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *