കവർച്ചാ രീതിയിലെ വ്യത്യസ്തത കുടുക്കി; അന്തർ സംസ്ഥാന മോഷ്ടാവ് ‘കട്ടർ റഷീദ്’ പിടിയിൽ

The difference in robbery method was trapped; Inter-state thief 'Cutter Rasheed' arrested

 

വണ്ടൂർ∙ അന്തർ സംസ്ഥാന മോഷ്ടാവ് എടവണ്ണ പെരകമണ്ണ സ്വദേശി വെള്ളാട്ടുചോല റഷീദ് (കട്ടർ റഷീദ് – 50) അറസ്റ്റിൽ. വണ്ടൂർ പൊലീസും നിലമ്പൂർ ഡാൻസാഫും ചേർന്നാണു പിടികൂടിയത്. കഴിഞ്ഞ 12നു പുലർച്ചെ വണ്ടൂർ മഞ്ചേരി റോഡിലുള്ള വ്യാപാര സ്ഥാപനത്തിന്റെ പൂട്ടു പൊളിച്ച് അകത്തു കയറി മേശവലിപ്പിലെ 52,000 രൂപ മോഷ്ടിച്ച സംഭവത്തിലാണ് കേസ്. സിസിടിവി ദൃശ്യങ്ങൾ ലഭിച്ചെങ്കിലും മുഖം മറച്ചിരുന്നതിനാൽ പ്രതിയെ തിരിച്ചറിയാൻ കഴിഞ്ഞില്ല. തുടർന്നു പൊലീസ് ഇൻസ്പെക്ടർ കെ.സലീമിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു.

തുടർന്ന് വ്യത്യസ്തമായ രീതിയിൽ കവർച്ച നടത്തുന്ന സംഘങ്ങളെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണു പ്രതിയെ കുറിച്ചു സൂചന ലഭിച്ചത്. പിടിയിലാകുമ്പോൾ പ്രതിയുടെ കൈവശം രണ്ടു ദിവസം മുമ്പ് കൂടത്തായിൽനിന്നു മോഷ്ടിച്ച ബൈക്കും ബാഗിൽ കമ്പിപ്പാരയും കയ്യുറകളും വ്യാജ നമ്പർപ്ലേറ്റും മോഷണത്തിനുള്ള സാമഗ്രികളുമുണ്ടായിരുന്നു. കേരളത്തിനകത്തും പുറത്തും കടകൾ, വീടുകൾ, പെട്രോൾ പമ്പുകൾ തുടങ്ങിയവ കുത്തിത്തുറന്നു മോഷണം നടത്തിയ കേസ്സുകളിൽ ഇയാൾ നേരത്തെയും പിടിയിലായിട്ടുണ്ട്.

വൈത്തിരി ജയിലിൽനിന്ന് ഒരു മാസം മുമ്പാണു മോചിതനായത്. മോഷ്ടിച്ച ബൈക്കിൽ പകൽ കറങ്ങി നടന്നു വീടുകൾ കണ്ടെത്തി രാത്രി മോഷണം നടത്തുന്നതാണു പ്രതിയുടെ രീതി. കേരളത്തിലെ വിവിധ പൊലീസ് സ്‌റ്റേഷനുകളിൽ പ്രതിക്കെതിരെ ജാമ്യമില്ലാ വാറന്റ് നിലവിലുണ്ട്. പ്രതിയെ പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

എസ്ഐ അബ്ദുൽ സമദ്, സീനിയർ സിപിഒ അനൂപ് കൊളപ്പാട്, അനൂപ്, ജയേഷ് എന്നിവരും ഡാൻസാഫ് അംഗങ്ങളായ എൻ.ടി. കൃഷ്ണകുമാർ, എൻ.പി. സുനിൽ, അഭിലാഷ് കൈപ്പിനി, ആശിഫ് അലി, നിബിൻദാസ്, ജിയോ ജേക്കബ് എന്നിവരും ചേർന്നാണു പ്രതിയെ പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *