റിയാദ് സീസൺ അഞ്ചാം പതിപ്പ് ഒക്ടോബർ 12 ന് ആരംഭിക്കും

Riyadh

റിയാദ്: റിയാദ് സീസണിന്റെ അഞ്ചാം പതിപ്പിന് തുടക്കമാവുന്നു. ഒക്ടോബർ പന്ത്രണ്ടിനായിരിക്കും സീസൺ ആരംഭിക്കുക. ജനറൽ എന്റർടൈൻമെന്റ് അതോറിറ്റിയാണ് ഇക്കാര്യമറിയിച്ചത്. വിവിധ വിനോദ പരിപാടികൾ, വേൾഡ് ചാമ്പ്യൻ ഷിപ്പുകൾ, എക്‌സിബിഷനുകൾ എന്നിവ ഉൾപ്പെടുത്തിയാകും ഇത്തവണത്തെ റിയാദ് സീസൺ അരങ്ങേറുക.Riyadh

14 വിനോദ കേന്ദ്രങ്ങളും, 11 ലോക ചാമ്പ്യൻഷിപ്പുകളും, 10 ഫെസ്റ്റിവലുകളും, എക്‌സിബിഷനുകളും ഇത്തവണ സീസണിന്റെ ഭാഗമാകും. 72 ലക്ഷം ചതുരശ്ര മീറ്ററിലായിരിക്കും ഇവ സജ്ജീകരിക്കുക. 2100 കമ്പനികളായിരിക്കും ഇത്തവണ സീസണിന്റെ ഭാഗമാകുന്നത്. ഇതിൽ 95 ശതമാനവും പ്രാദേശിക കമ്പനികളാണ്. ഏഴ് ഇവന്റുകളാണ് സീസണിന്റെ ഭാഗമായി സംഘടിപ്പിക്കുക. റിയാദ് സീസൺ ടെന്നീസ് കപ്പ് ഇവന്റും ഇതിൽ ഉൾപെടും. എലീ സാബുമായി സഹകരിച്ച് ഉപഭോക്താക്കൾക്കായി ഫാഷൻ ഇവന്റും ഒരുക്കും.

ബൊളിവാർഡ് സിറ്റി പ്രദേശങ്ങളിലായാണ് ഇവന്റുകളിൽ ഏറിയ പങ്കും സംഘടിപ്പിക്കുക. ബൊളിവാർഡ് സിറ്റിയിലെ ഏറ്റവും വലിയ ദിനോസർ മോഡലും ഇത്തവണത്തെ സീസണിലെ പ്രധാന കാഴ്ചയാണ്. അര ദശലക്ഷം ചതുരശ്ര മീറ്റർ വിസ്തീർണ്ണത്തിലുള്ള വിന്റർ ഗാർഡനും സീസണിന്റെ മാറ്റ് കൂട്ടും. 23000 സന്ദർശകരെ ഉൾക്കൊള്ളാൻ കഴിയും വിധമാണ് ഗാർഡൻ സജ്ജീകരിക്കുക. അതി വിശാലമായ മൃഗശാലയും, 9 രാജ്യങ്ങളുടെ സംസ്‌കാരം പ്രദർശിപ്പിക്കുന്ന തിയ്യറ്ററുകളും സംവിധാനിക്കും.

ഭക്ഷണ പ്രേമികൾക്കായി സൗദി അറേബ്യയിലെ എല്ലാ പ്രദേശങ്ങളിൽ നിന്നുമുള്ള ജനപ്രിയ ഭക്ഷണങ്ങളും ഇത്തവണ ലഭ്യമാക്കും. റിയാദ് സീസണിന്റെ പ്രവേശന ടിക്കറ്റുകൾ വി ബുക്ക് ആപ്പിലൂടെ ലഭ്യമാക്കിയിട്ടുണ്ടെന്നും ജനറൽ എന്റർടൈൻമെന്റ് അതോറിറ്റി അറിയിച്ചു. വ്യാജ ടിക്കറ്റുകളിൽ വഞ്ചിതരാകാതിരിക്കാൻ ആപ്പ് വഴി മാത്രമേ ടിക്കറ്റുകൾ എടുക്കാവൂ എന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.

Leave a Reply

Your email address will not be published. Required fields are marked *