‘സജി ചെറിയാനെതിരായ കേസില്‍ സിസിടിവി ദൃശ്യങ്ങളും പെൻഡ്രൈവും പരിശോധിക്കാതെ അന്തിമ റിപ്പോർട്ട് തയാറാക്കി’; പൊലീസ് വീഴ്ചകൾ എണ്ണിപ്പറഞ്ഞ് ഹൈക്കോടതി

Saji Cheriyan

കൊച്ചി: മന്ത്രി സജി ചെറിയാനെതിരെയുള്ള കേസ് അവസാനിപ്പിച്ച പൊലീസ് നടപടിക്കെതിരെ ഹൈക്കോടതി. പൊലീസിന്റെ വീഴ്ചകൾ എണ്ണിപ്പറഞ്ഞാണ് ഹൈക്കോടതി വിമർശിച്ചത്. അന്തിമ അന്വേഷണ റിപ്പോർട്ടിന്റെ ഭാഗമായി സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടുത്തിയില്ലെന്നും സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാൻ മജിസ്ട്രേറ്റിന് പൊലീസ് അവസരം നൽകിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.Saji Cheriyan

ഭരണഘടനാവിരുദ്ധ പരാമർശത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടാണു കോടതിയുടെ നിരീക്ഷണങ്ങൾ. ഭരണഘടനാവിരുദ്ധ പരാമർശത്തിൽ പൊലീസ് അന്വേഷണം കാര്യക്ഷമമായില്ലെന്നാണു കോടതി വിലയിരുത്തിയത്. കേസിൽ മാധ്യമപ്രവർത്തകർ ഉൾപ്പെടെയുള്ളവരെ പൊലീസ് സാക്ഷികളാക്കിയില്ല. മൊഴിയെടുക്കുന്നതിൽ പൊലീസിനും ഇക്കാര്യം പരിശോധിക്കുന്നതിൽ മജിസ്ട്രേറ്റിനും വീഴ്ച പറ്റിയെന്നും കോടതി പറഞ്ഞു.

പരിപാടിയിൽ പങ്കെടുത്തവരുടെ മാത്രം മൊഴി അടിസ്ഥാനമാക്കിയുള്ള പൊലീസ് റിപ്പോർട്ട് സുതാര്യമല്ല. പരിപാടിയിൽ പങ്കെടുത്തവർക്ക് പ്രസ്തുത പാർട്ടിയോട് ബന്ധമുള്ളതിനാൽ മൊഴികളിൽ മുൻവിധി ഉണ്ടാകാനുള്ള സാധ്യതയുണ്ട്. സിസിടിവി ദൃശ്യങ്ങളും പെൻഡ്രൈവും പരിശോധിക്കാതെയാണ് പൊലീസ് അന്തിമ റിപ്പോർട്ട് തയാറാക്കിയതെന്നും ഹൈക്കോടതി പറഞ്ഞു.

സജി ചെറിയാനെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. അന്വേഷണം മാനദണ്ഡങ്ങൾ പാലിക്കാതെയാണെന്ന വാദങ്ങൾ കോടതി അംഗീകരിച്ചു. പ്രസംഗത്തിന്റെ സിഡി നേരത്തെ കോടതി ആവശ്യപ്പെട്ടിരുന്നു. പ്രസംഗത്തിന്റെ പൂർണരൂപം പെൻഡ്രൈവിലാക്കി സമർപ്പിക്കാനും നിർദേശിച്ചിരുന്നു. പരാമർശം ഭരണഘടനയെ അപമാനിക്കാൻ ഉദ്ദേശിച്ചുള്ളതല്ലെന്ന വാദം കോടതി തള്ളി. ഭരണഘടനയെ മാനിക്കുന്നതല്ല പരാമർശം. അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോർട്ട് നിയമപരമായി നിലനിൽക്കുന്നതല്ലെന്നും കോടതി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *