ഡി.കെ ശിവകുമാറിനെതിരായ അന്വേഷണം തുടരാൻ അനുമതി തേടിയുള്ള സി.ബി.ഐ ഹരജി ഹൈക്കോടതി തള്ളി

investigation

ബെംഗളൂരു: അനധികൃത സ്വത്ത് സമ്പാദന കേസിൽ കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറിനെതിരായ അന്വേഷണം തുടരാൻ അനുമതി തേടി സി.ബി.ഐ നൽകിയ അപേക്ഷ കർണാടക ഹൈക്കോടതി തള്ളി. കഴിഞ്ഞ വർഷം നവംബറിൽ ശിവകുമാറിനെതിരായ സി.ബി.ഐ അന്വേഷണത്തിന് നൽകിയ അനുമതി കർണാടക സർക്കാർ പിൻവലിച്ചിരുന്നു. ബി.എസ് യെദിയൂരപ്പ സർക്കാരിന്റെ കാലത്താണ് സി.ബി.ഐ അന്വഷണത്തിന് അനുമതി നൽകിയത്.investigation

ഹരജികൾ ഈ കോടതിയുടെ അധികാരപരിധിയിൽ വരില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഹരജി തള്ളിയത്. സി.ബി.ഐക്ക് സുപ്രിംകോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി. സമാന ആവശ്യവുമായി ബി.ജെ.പി നേതാവ് ബസനഗൗഡ യത്‌നാൽ നൽകിയ ഹരജിയും കോടതി തള്ളി.

നിലവിൽ സംസ്ഥാന ലോകായുക്തയാണ് കേസ് അന്വേഷിക്കുന്നത്. 2017ൽ ആദായനികുതി വകുപ്പ് നടത്തിയ പരിശോധനക്ക് പിന്നാലെയാണ് ഡി.കെ ശിവകുമാറിനെതിരെ കേസെടുത്തത്. 2013-2018 കാലയളവിൽ ശിവകുമാറും കുടുംബവും 74.93 കോടി രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചെന്നായിരുന്നു ഇ.ഡിയുടെ കണ്ടെത്തൽ. ഡൽഹിയിൽ ചോദ്യം ചെയ്യലിന് ഹാജരായ ശിവകുമാറിനെ ഇ.ഡി അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *