കുടിവെള്ള പദ്ധതിയുടെ ടാങ്ക് നിർമ്മിക്കാൻ സൗജന്യമായി സ്ഥലം വിട്ടു നൽകി പ്രദേശവാസികൾ.
മുക്കം: ഒരു പ്രദേശത്തെ ഇരുപതോളം കുടുംബങ്ങളുടെ ആശ്രയമായ കുടിവെള്ള പദ്ധതിക്ക് ടാങ്ക് നിർമ്മിക്കാൻ സ്ഥലം സൗജന്യമായി വിട്ടു നൽകി പ്രദേശവാസികളുടെ മാതൃക. കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ ആറാം വാർഡിൽ പുതിയതായി നിർമ്മിക്കുന്ന കൈതപ്പൊയിൽ കുടിവെള്ള പദ്ധതിയുടെ ടാങ്ക് നിർമ്മിക്കുന്നതിന് വേണ്ടിയാണ് സ്ഥലം സൗജന്യമായി പഞ്ചായത്തിന് രജിസ്റ്റർ ചെയ്തു നൽകിയത്. കൈതപ്പൊയിൽ കുടിവെള്ള പദ്ധതിക്കായി തങ്കമ്മ കിളിഞ്ഞിലിക്കാട്ട്, സുഭാഷ് കിളിഞ്ഞിലിക്കാട്ട് എന്നിവരാണ് സ്ഥലം സൗജന്യമായി നൽകിയത്. ആധാരം കൊടിയത്തൂർ പഞ്ചായത്ത് പ്രസിഡണ്ട് ദിവ്യ ഷിബു ഏറ്റുവാങ്ങി. വൈസ് പ്രസിഡണ്ട് ഫസൽ കൊടിയത്തൂർ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, പ്രദേശവാസികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ഗ്രാമ പഞ്ചായത്ത് 2022 23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കിണറും പമ്പ് ഹൗസും നിർമ്മാണം പൂർത്തീകരിച്ചിട്ടുണ്ട്. 2023 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഗ്രാമപഞ്ചായത്തും ബ്ലോക്ക് പഞ്ചായത്തും സംയുക്തമായാണ് പദ്ധതി പൂർത്തീകരിക്കുന്നത്. കിണർ നിർമ്മിക്കുന്നതിനുള്ള സ്ഥലം ശിവദാസൻ മാസ്റ്റർ വടക്കുംപുറത്ത് സൗജന്യമായി നൽകിയിരുന്നു.