സംസ്ഥാനത്ത് മത്സരച്ചിത്രം തെളിഞ്ഞു; ആകെ 194 സ്ഥാനാർഥികൾ, സ്ത്രീകൾ 25 പേർ
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ മത്സരച്ചിത്രം തെളിഞ്ഞു. 20 മണ്ഡലങ്ങളിൽ ജനവിധി തേടുന്നത് ആകെ 194 സ്ഥാനാർഥികളാണ്. ഇതിൽ 25 പേരാണു സ്ത്രീകളായുള്ളത്. ഏറ്റവും കൂടുതൽ സ്ഥാനാർഥികൾ അങ്കത്തിനിറങ്ങുന്നത് കോട്ടയം മണ്ഡലത്തിൽ. അതിനിടെ, കോട്ടയത്തെ യു.ഡി.എഫ് സ്ഥാനാർഥി ഫ്രാൻസിസ് ജോർജിന് ഓട്ടോറിക്ഷ ചിഹ്നം ലഭിച്ചു.
നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന ദിവസമായിരുന്നു ഇത്. ഇന്ന് പത്തുപേർ പത്രിക പിൻവലിച്ചു. 14 പേരാണ് കോട്ടയത്തുനിന്ന് ജനവിധി തേടുന്നത്. അഞ്ചുപേർ മാത്രമുള്ള ആലത്തൂർ മണ്ഡലത്തിലാണ് ഏറ്റവും കുറവ് സ്ഥാനാർഥികൾ. ഏറ്റവുമധികം വനിതാ സ്ഥാനാർഥികളുള്ളത് വടകരയിലാണ്. നാലു വനിതകളാണ് മണ്ഡലത്തിൽ ജനവിധി തേടുന്നത്.
കോഴിക്കോട്-13, കണ്ണൂർ, തിരുവനന്തപുരം, കൊല്ലം-12, ചാലക്കുടി, ആലപ്പുഴ-11, വടകര, പാലക്കാട്, എറണാകുളം-10, കാസർകോട്, തൃശൂർ, മാവേലിക്കര, വയനാട്-ഒൻപത്, മലപ്പുറം, പൊന്നാനി, പത്തനംതിട്ട-എട്ട്, ഇടുക്കി, ആറ്റിങ്ങൽ-ഏഴ് എന്നിങ്ങനെയാണ് മറ്റു മണ്ഡലങ്ങളിലെ സ്ഥാനാർഥികളുടെ കണക്ക്.