ഭർത്താവിൻ്റെ ആക്രമണം തെറ്റല്ല എന്നു കരുതുന്ന പൊലീസുകാർ സേനക്ക് അപമാനം; വിമർശിച്ച് വനിതാ കമ്മീഷൻ അധ്യക്ഷ
പന്തീരാങ്കാവ് ഗാർഹിക പീഡനത്തിൽ ഭർത്താവിൻ്റെ ആക്രമണം തെറ്റല്ല എന്നു കരുതുന്ന പൊലീസുകാർ സേനക്ക് അപമാനമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി. വനിത കമ്മീഷൻ ഇന്നലെ തന്നെ പരാതി രജിസ്റ്റർ ചെയ്തു എന്നും പി സതീദേവി മാധ്യമങ്ങളോട് പ്രതികരിച്ചു. Women’s Commission
വളരെ ഗുരുതരമായ പീഡനത്തിന് പെൺകുട്ടി ഇരയായിട്ടുണ്ടെന്ന് പരാതിയിൽ നിന്ന് മനസ്സിലായി. പൊലീസ് ഉദ്യോഗസ്ഥൻ്റെ സമീപനത്തെ കുറിച്ചും പരാതിയിലുണ്ട്. ഇന്നലെ തന്നെ എസ്എച്ച്ഒയെ വിളിച്ചു. ആരോപണം ശരിയാണെന്ന് പൊലീസ് ഉദ്യോഗസ്ഥൻ്റെ സംസാരത്തിൽ നിന്ന് മനസ്സിലായി. മദ്യ ലഹരിയിലാണ് ഭർത്താവ് പെൺകുട്ടിയെ ഉപദ്രവിച്ചത്.
പൊലീസിന് നിയമങ്ങളെ കുറിച്ച് അവബോധം ഉണ്ടാകണം. പിലീസ് ട്രെയിനിംഗ് സംവിധാനം ശക്തമാക്കണം. വിവാഹത്തിന് കെട്ടുകണക്കിന് ആഭരണങ്ങൾ വേണം എന്ന ചിന്താഗതി അപമാനകരമാണ്. പെൺകുട്ടികളെ കേവലം ശരീരം മാത്രമായി കാണരുത്. നിയമങ്ങളിലും ആവശ്യമായ ഭേദഗതികൾ വരുത്തേണ്ടതുണ്ട്. സർക്കാറിന് ഇക്കാര്യത്തിൽ നിർദ്ദേശം സമർപ്പിച്ചിട്ടുണ്ട് എന്നും വനിതാ കമ്മീഷൻ അധ്യക്ഷ പറഞ്ഞു.
സ്ത്രീധനം ആവശ്യപ്പെട്ടിട്ടില്ല എന്ന് രാഹുലിൻ്റെ മാതാവ് ഉഷ പിടി 24നോട് പറഞ്ഞു. യുവതിയുടെ കാമുകൻ വിളിച്ചത് അന്ന് മോൻ കണ്ടുപിടിച്ചു. അവർ തമ്മിൽ ചാറ്റിംഗ് ആയിരുന്നു. അതായിരുന്നു പ്രശ്നമെന്നും മാതാവ് പ്രതികരിച്ചു.
യുവതി നമ്മളോട് സഹകരിച്ചില്ല. പിന്നെ എപ്പോ സ്ത്രീധനം ചോദിക്കാനാ? കാമുകൻ വിളിച്ചത് പിടിച്ചു. പലതവണ ചോദിച്ചപ്പഴാണ് പറഞ്ഞത്. അങ്ങനെയാണ് ഫോൺ എടുത്ത് മാറ്റിയത്. മോൾക്ക് മൂന്നുപേരുണ്ടെന്ന് പറഞ്ഞു. രണ്ട് പേര് വന്നപ്പോൾ ജാതകം ചേരുന്നില്ലെന്ന് കണ്ട് പറഞ്ഞുവിട്ടു. ഒന്ന് മുസ്ലിമാ. ഇതൊക്കെ രാഹുലറിഞ്ഞപ്പോ നിന്നെ ഇവിടെ എങ്ങനെ നിർത്തിയിട്ട് പോകുമെന്ന് ചോദിച്ചു.
ഞങ്ങളൊക്കെ ഒഴിവായിക്കൊടുക്കണമെന്നാണ്. അങ്ങനെയെങ്കിൽ അവൾ ഇവിടെനിൽക്കും. അല്ലെങ്കിൽ തിരുവനന്തപുരത്ത്. അന്ന് ഉന്തും തള്ളും ഉണ്ടായിരുന്നു. അന്ന് വരെ പ്രശ്നമൊന്നുമില്ലായിരുന്നു. അന്ന് ബീച്ചിൽ പോയി വന്നിട്ട് പുലർച്ചെയാണ് പ്രശ്നമുണ്ടായത്. എനിക്ക് നട്ടെല്ലിന് സുഖമില്ല. ഞാൻ കാര്യമറിഞ്ഞില്ല. അതുകൊണ്ടാണ് പോയി നോക്കാത്തത്. ഫോൺ ചാറ്റിംഗ് പിടിക്കുന്നത് വരെ ഇവർ തമ്മിൽ ഒരു പ്രശ്നവുമുണ്ടായിരുന്നില്ല. ദേഹത്ത് പാട് കണ്ടിരുന്നു. മോൻ ആശുപത്രിയിൽ കൊണ്ടുപോയിരുന്നു. ബ്ലോക്ക് ചെയ്യാൻ പറഞ്ഞിട്ട് അനുസരിക്കാത്തതിലാണ് മോന് ദേഷ്യം വന്നത്. രാഹുൽ എവിടെയാണെന്നറിയില്ല. വക്കീലിനെ കാണാനാണെന്ന് പറഞ്ഞ് ഇന്നലെ ഉച്ചക്കാണ് പോയത്. അവൾ പറഞ്ഞത് കള്ളമാണ്. മുൻപത്തെ കല്യാണത്തിൻ്റെ കാര്യമൊക്കെ ഈ കുട്ടിയോട് പറഞ്ഞതാണ് എന്നും മാതാവ് പ്രതികരിച്ചു.