‘ഞാൻ മോൻ്റെ കൂടെ പോകും, എനിക്ക് പോകണം’; ആത്മഹത്യ ചെയ്യുമെന്ന് ഷെമി
തിരുവനന്തപുരം: താനും ആത്മഹത്യ ചെയ്യുമെന്ന് വെഞ്ഞാറമൂട് കൂട്ടക്കൊലയിൽ നിന്ന് രക്ഷപ്പെട്ട അഫാന്റെ മാതാവ് ഷെമി. താൻ ഇളയമകന്റെ കൂടെ പോകുമെന്നമെന്ന് ഷെമി പറഞ്ഞതായി ബന്ധുക്കൾ പറഞ്ഞു. ആശുപത്രിയിൽ നിന്നായിരുന്നു ഷെമിയുടെ പ്രതികരണം.
ഇളയമകൻ കൊല്ലപ്പെട്ടതറിഞ്ഞ ഇന്നലെ മുതൽ ഷെമിയുടെ ആരോഗ്യനില വഷളായി. ഷെമിയെ തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റിയേക്കും. സാമ്പത്തിക കാരണങ്ങളാൽ ആശുപത്രി മാറ്റാനാണ് ബന്ധുക്കൾ ആലോചിക്കുന്നത്. നിലവിൽ സ്വകാര്യ മെഡിക്കൽ കോളജിലാണ് ഷെമി ചികിത്സയിലുള്ളത്.
അതിനിടെ കേസിലെ പ്രതി അഫാന് പൊലീസ് കസ്റ്റഡിയിലരിക്കെ ദേഹാസ്വാസ്ഥ്യമുണ്ടായി. ചോദ്യം ചെയ്യലിന് അഫാൻ സഹകരിക്കുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. അഫാനുമായി പൊലീസ് ഇന്ന് തെളിവെടുപ്പ് നടത്തും. ചോദ്യം ചെയ്യലിൽ കൂടുതലൊന്നും പറയാനില്ലന്നാണ് അഫാൻ മറുപടി നൽകുന്നത്. കസ്റ്റഡിയിൽ ലഭിച്ചശേഷം വെഞ്ഞാറമൂട് സിഐ വീണ്ടും മൊഴിയെടുക്കാൻ ശ്രമിച്ചപ്പോഴാണ് പ്രതിയുടെ നിസഹകരണം.
കൊല്ലപ്പെട്ട പിതൃമാതാവ് സൽമാബീവിയുടെ വീട്ടിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തുക. സൽമാബീവിയുടെ മാല പണയപ്പെടുത്തി പണമെടുത്ത ധനകാര്യ സ്ഥാപനത്തിലും കൊലപാതകത്തിനുള്ള ആയുധം വാങ്ങിയ കടയിലും തെളിവെടുപ്പ് നടത്താൻ പൊലീസ് ആലോചിക്കുന്നുണ്ട്. പ്രതിക്ക് നേരെ ജനങ്ങളുടെ പ്രതിഷേധം ഉണ്ടായേക്കാമെന്നത് കണക്കിലെടുത്ത് കനത്ത സുരക്ഷാസംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്.