രാജ്യത്ത് ബുൾഡോസർ രാജ് തടഞ്ഞ് സുപ്രിംകോടതി

The Supreme Court stopped the bulldozer raj in the country

 

ന്യൂഡൽഹി: രാജ്യത്ത് ബുൾഡോസർ രാജ് തടഞ്ഞ് സുപ്രീംകോടതി. സുപ്രിംകോടതിയുടെ അനുമതിയില്ലാതെ ബുൾഡോസർ രാജ് നടപ്പാക്കരുതെന്നാണ് നിർദേശം. പൊതു റോഡുകൾ, റെയിൽവേ ലൈനുകൾ, നടപ്പാതകള്‍, ജലാശയങ്ങൾ എന്നി കൈയേറ്റങ്ങൾക്ക് ഉത്തരവ് ബാധകമല്ല.

ജസ്റ്റിസുമാരായ ബി.ആർ ഗവായ്, കെ.വി വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചിന്റെതാണ് തീരുമാനം. കോടതിയുടെ അനുമതിയില്ലാതെ വീടുകൾ പൊളിക്കരുതെന്ന് ഉത്തരവിൽ പറയുന്നുണ്ട്. കൂടാതെ ഒക്ടോബർ ഒന്നുവരെ ഇത്തരം നടപടികൾ നിർത്തിവെക്കാനും കോടതി നിര്‍ദേശമുണ്ട്. അതേസമയം ബുൾഡോസർ രാജിനെതിരായ ഹരജികൾ ഒക്ടോബർ ഒന്നിന് വീണ്ടും പരിഗണിക്കും.

കുറ്റാരോപിതരായ വ്യക്തികളുടെ കെട്ടിടങ്ങൾ ശിക്ഷാനടപടിയായി ചില സംസ്ഥാന സർക്കാരുകൾ ബുൾഡോസർ ഉപയോ​ഗിച്ച് പൊളിച്ചുനീക്കുന്നതിനെതിരെ നൽകിയ ഹരജികളിലാണ് കോടതിയുടെ നടപടി. ഉത്തർപ്രദേശിലടക്കം ചില സംസ്ഥാനങ്ങളിൽ കുറ്റകൃത്യത്തിലേർപ്പെട്ടവരുടെ വീടുകളും വസ്തുക്കളും സംസ്ഥാന സർക്കാർ ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചടുക്കിയ സംഭവം ഉണ്ടായിരുന്നു.

അതേസമയം ബുൾഡോസർ രാജിനെതിരെ മുമ്പും കടുത്ത പരാമർശങ്ങൾ സുപ്രിംകോടതി നടത്തിയിരുന്നു. ഏതെങ്കിലും കേസിൽ പ്രതിയായതുകൊണ്ട് മാത്രം കുറ്റാരോപിതരുടെ കെട്ടിടം പൊളിക്കാൻ പാടില്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. ബുൾഡോസർ രാജിൽ മാർഗനിർദേശം പുറത്തിറക്കുമെന്നും കോടതി അറിയിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *