‘2006 വരെ ക്ഷേത്രം തുറന്നിരുന്നു’; സംഭലിൽ അധികൃതരുടെ വാദങ്ങൾ പൊളിച്ച് ഹിന്ദു സമൂഹം

Sambhal

ലഖ്നൗ: ഉത്തർ പ്രദേശിലെ സംഭലിൽ പൂട്ടിയ ക്ഷേത്രം കണ്ടെത്തിയ സംഭവത്തിൽ ജില്ലാ അധികൃതരുടെ വാദങ്ങൾ നിഷേധിച്ച് ഹിന്ദു സമൂഹം. വർഗീയ കലാപത്തെ തുടർന്നല്ല ക്ഷേത്രം പൂട്ടിയതെന്ന് പ്രദേശവാസികൾ പറയുന്നു.Sambhal

1978ലെ വർഗീയ കലാപത്തെ തുടർന്ന് പൂട്ടിയ പുരാതന ക്ഷേ​ത്രം കഴിഞ്ഞ ദിവസം കണ്ടെത്തി തുറന്നുനൽകിയെന്നാണ് ജില്ലാ ഭരണകൂടം പറഞ്ഞിരുന്നത്. അധികൃതരുടെ നേതൃത്വത്തിൽ ക്ഷേത്രം തുറന്ന് പൂജകൾ ആരംഭിക്കുകയും ചെയ്തു. ക്ഷേത്രം മതിൽ കെട്ടി​ കൈയേറിയിരുന്നുവെന്നും ഇവർ ആരോപിച്ചിരുന്നു.

എന്നാൽ, ഹിന്ദു സമൂഹം ക്രമേണ ഇവിടെനിന്ന് മാറിയെങ്കിലും തങ്ങളുടെ കൈവശം തന്നെയായിരുന്നു ക്ഷേത്രമെന്ന് നാട്ടുകാർ പറയുന്നു. 2006 വരെ ക്ഷേത്രം പ്രവർത്തിച്ചിരുന്നുവെന്ന് പ്രദേശവാസിയായ ധർമേന്ദ്ര രാസ്തോഗി പറഞ്ഞു. ഇദ്ദേഹത്തിന്റെ കുടുംബമാണ് ക്ഷേത്രം പൂട്ടിയ​തും സംരക്ഷണ മതിൽ സ്ഥാപിച്ചതും.

പ്രാദേശിക മുസ്‍ലിംകളിൽനിന്ന് ഒരിക്കലും ഭീഷണിയുണ്ടായിരുന്നില്ലെന്ന് ധർമേന്ദ്രയുടെ മകനും വ്യക്തമാക്കുന്നു. ക്ഷേത്രം വളരെ നല്ലരീതിയിലാണ് പരിപാലിക്കപ്പെട്ടത്. ഒരിക്കലും കൈയേറ്റങ്ങൾ ഉണ്ടായിട്ടില്ല. ക്ഷേത്രത്തിനോട് ചേർന്നുള്ള മുറി ഗോഡൗണായിട്ട് തങ്ങൾ നിർമിച്ചതാണ്. പൊലീസ് ആവശ്യപ്പെട്ടപ്പോൾ അതിന്റെ ചാവി കൈമാറിയെന്നും അദ്ദേഹം വ്യക്തമാക്കി.

കലാപത്തെ തുടർന്ന് ഖഗ്ഗു സരായിയിലെ തങ്ങളുടെ വീടുകൾ വിറ്റെങ്കിലും ക്ഷേത്രത്തിൽ വരുന്നതിന് മുസ്‍ലിംകൾ ഒരിക്കലും തടസ്സം നിന്നിരുന്നില്ലെന്ന് നഗരത്തിലെ ഹിന്ദു സഭയുടെ രക്ഷാധികാരിയായ വിഷ്ണു ശരൺ രസ്തോഗി പറഞ്ഞു. പൂജാരിമാർക്ക് ഇവിടെ താമസിക്കാൻ കഴിയാത്തതിനാൽ ക്ഷേത്രം അടച്ചിടുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ക്ഷേത്രത്തിന്റെ താക്കോൽ മോഹൻ രാസ്തോഗിയുടെ പക്കലായിരുന്നുവെന്ന് നാട്ടുകാരനായ മുഹമ്മദ് സൽമാനും പറയുന്നു. ക്ഷേത്രം പരിപാലിക്കാനും പുറത്ത് പെയിന്റടിക്കാനുമെല്ലാം മുസ്‍ലിംകളും സഹായിക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

1998നും 2006നും ഇടയിൽ ആളുകൾ വ്യക്തിപരമായ കാരണങ്ങളാലാണ് ഇവിടെനിന്ന് പോയതെന്ന് നാട്ടുകാരനായ മുഹമ്മദ് സുഹൈബ് പറഞ്ഞു. അതല്ലാ​തെ സാമുദായിക ​പ്രശ്നങ്ങളോ കലാപമോ അല്ല കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നവംബർ 24ന് സംഭലിൽ മസ്ജിദ് സർവേക്കിടെയുണ്ടായ സംഘർഷത്തിനിടെ പൊലീസ് വെടിവെപ്പിൽ നാലുപേർ വെടി​യേറ്റ് മരിച്ചിരുന്നു. ഇതിന് ശേഷം വലിയ പ്രതികാര നടപടികളാണ് അധികൃതർ ഇവിടെ സ്വീകരിക്കുന്നത്. കൈയേറ്റങ്ങളാണെന്ന് ആരോപിച്ച് വീടുകളിലേക്കുള്ള പടികളടക്കം ​ബുൾഡോസർ ഉപയോഗിച്ച് നീക്കുകയാണ്. കൂടാതെ അനധികൃതി വൈദ്യുതി കണക്ഷനാണെന്ന് ആരോപിച്ച് കോടികൾ പിഴയും ചുമത്തുന്നുണ്ട്.

അനധികൃത വൈദ്യുത കണക്ഷൻ പരിശോധിക്കുന്നതിനിടെ​ ക്ഷേത്രം കണ്ടെത്തിയെന്നാണ് അധികൃതരുടെ വാദം. ജില്ലാ മജിസ്ട്രേറ്റ് രാജേന്ദർ പെൻസിയയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ‘ക്ഷേത്രത്തിൽനിന്ന് ശിവലിം​ഗവും ഹനുമാൻ പ്രതിമയും കണ്ടെടുത്തു. ക്ഷേത്ര കവാടങ്ങൾ തുറക്കുകയും വൃത്തിയാക്കുകയും ചെയ്തു. തൊട്ടടുത്തുള്ള കിണറും വൃത്തിയാക്കി. 500 വർഷത്തിലേറെ പഴക്കമുള്ള ക്ഷേത്രമാണിത്. ക്ഷേത്രത്തിനു സമീപത്തെ കൈയേറ്റങ്ങൾ പരിശോധിച്ചു വരുകയാണ്. വേണ്ട നടപടി സ്വീകരിക്കും’ -എന്നായിരുന്നു ജില്ല മജിസ്ട്രേറ്റ് പറഞ്ഞിരുന്നത്.

അതേസമയം, 1978ലെ സംഭൽ കലാപം വീണ്ടും അന്വേഷിക്കാൻ ഒരുങ്ങുകയാണ് യോഗി സർക്കാർ. രണ്ട് മാസത്തിലേറെ നീണ്ട കലാപത്തിൽ 184 ഹിന്ദുക്കൾ കൊല്ലപ്പെട്ടുവെന്ന് യോഗി തിങ്കളാഴ്ച യുപി നിയമസഭയിൽ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കലാപം വീണ്ടും അന്വേഷിക്കാൻ ആലോചിക്കുന്നത്. കലാപവുമായി ബന്ധപ്പെട്ട ഫയലുകൾ സംഭൽ ഭരണകൂടത്തോട് സമർപ്പിക്കാൻ ആവശ്യപ്പെട്ടതായാണ് വിവരം. അക്രമവുമായി ബന്ധപ്പെട്ട് 169 കേസുകൾ രജിസ്റ്റർ ചെയ്തിരുന്നുവെന്നാണ് വിവിധ വൃത്തങ്ങൾ പറയുന്നത്. ശരിയായ രീതിയിലാണോ അന്വേഷണം നടന്നത്, കൃത്യമായി നടപടി സ്വീകരിച്ചിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് അന്വേഷിക്കുക.

Leave a Reply

Your email address will not be published. Required fields are marked *