‘അടുത്ത തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഏക സിവിൽകോഡ് നടപ്പാക്കും’; സുരേഷ് ഗോപി
രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കുമെന്ന് ബിജെപി നേതാവ് സുരേഷ് ഗോപി. ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കും. കേരളത്തിലെ അധമസര്‍ക്കാരിന് മേല്‍ ഇടിത്തീ വീഴട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു. സംസ്ഥാന സര്‍ക്കാരിനെതിരായ ആരോപണങ്ങള്‍ കേട്ടാല്‍ പെറ്റതള്ള സഹിക്കില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.
കെ റെയില്‍ വരും കേട്ടോ എന്ന് പറയുന്നത് പോലെയല്ല യുസിസി രാജ്യത്ത് വന്നിരിക്കുമെന്ന് സുരേഷ് ഗോപി പറഞ്ഞു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നയിക്കുന്ന സംസ്ഥാന പദയാത്രയുടെ ഭാഗമായി കണ്ണൂരില്‍ സംഘടിപ്പിച്ച പൊതുസമ്മേളനത്തില്‍ സംസാരിക്കവെയാണ് സുരേഷ് ഗോപി നിലപാട് വ്യക്തമായത്. തുല്യതയുടെ ഭാഗമാണ് ഏകീകൃത സിവില്‍ കോഡെന്നും ബിജെപി നേതാവ് പറഞ്ഞു.
‘യൂണിഫോം സിവിൽ കോഡിന് വേണ്ടി നിലകൊള്ളുന്നൊരു സർക്കാരാണ്. അത് അടുത്ത് ഇലക്ഷൻ മാനിഫെസ്റ്റോയിൽ വാഗ്ദാനമായി വരുമെങ്കിൽ അത് നടപ്പിലാക്കിയെടുക്കുമെങ്കിൽ പിന്നെ എവിടെയാണ് ജാതിക്ക് സ്ഥാനം. നമ്മളെല്ലാം ആഗ്രഹിക്കുന്നതും അതല്ലേ. ഒരു പ്രത്യേക വിഭാഗത്തെ നശിപ്പിക്കാനോ വിഷമിപ്പിക്കാനോ ആണതെന്ന് ആരും കരുതണ്ട, അതുകൊണ്ട് ഏറ്റവും കൂടുതൽ ഉപകാരം ഉണ്ടാകാൻ പോകുന്നത് ആ വിഭാഗത്തിനാണ് എന്ന് കണ്ണൂരിന്‍റെ മണ്ണിൽ നിന്ന് ഞാൻ ഉറപ്പിച്ച് പറയും’- സുരേഷ് ഗോപി.