പവർ ഗ്രൂപ്പിൽ സംസ്ഥാന മന്ത്രിയായ ഒരു നടൻ ഉണ്ട്, സിനിമ ചെയ്യാൻ അനുവദിക്കുന്നില്ല: വിനയൻ

There is an actor in the power group who is a state minister and is not allowed to do the film: Vinayan

 

സർക്കാർ കോൺക്ലേവിന് മുന്നിൽ പവർ ഗ്രൂപ്പ് എങ്കിൽ വലിയ പ്രതിഷേധമുണ്ടാകുമെന്ന് സംവിധായകൻ വിനയൻ. പവർ ഗ്രൂപ്പ് സ്ത്രീകൾക്ക് നേരെ മാത്രമല്ല ഉള്ളത്. പവർ ഗ്രൂപ്പുകളെ കുറിച്ച് ആദ്യം പരാമർശിച്ചത് താനെന്നും വിനയൻ വ്യക്തമാക്കി. റിപ്പോർട്ട് പുറത്തുവരാതിരിക്കാൻ ശ്രമിച്ചത് പതിനനഞ്ചംഗ പവർ ഗ്രൂപ്പ്.

പവർ ഗ്രൂപ്പിൽ സംസ്ഥാന മന്ത്രിയായ ഒരു നടൻ ഉണ്ട്. സിനിമ ചെയ്യാൻ അനുവദിക്കുന്നില്ല. പവർ ഗ്രൂപ്പ് ഇപ്പോഴും എനിക്ക് പിന്നാലെ. ഹേമ കമ്മിറ്റിയുടെ ശിപാർശകൾ നടപ്പിലാക്കണം. മാക്ടയെ തകർത്തത് ഒരു നടൻ, 40 ലക്ഷം അഡ്വാൻസ് വാങ്ങി സിനിമ ചെയ്‌തില്ല. സിനിമയിലെ ചിലര്‍ ചേര്‍ന്ന് മാക്‌ട ഫെഡറേഷനെ തകര്‍ത്തതാണെന്നും അതിന്‍റെ തിക്‌ത ഫലങ്ങളാണ് സിനിമ മേഖല ഇപ്പോള്‍ അനുഭവിക്കുന്നതെന്നും വിനയന്‍ പറഞ്ഞു.

എന്നെ തകര്‍ക്കാന്‍ ശ്രമിച്ച വീരന്‍മാരാണ് ഇന്ന് സമൂഹത്തിന്റെ മുന്നില്‍ ഉടുതുണി ഇല്ലാതെ നില്‍ക്കുന്നത്, ഇത് കാലത്തിന്റെ കാവ്യ നീതിയെന്നും വിനയന്‍ തന്റെ ഫേസ്ബുക്കിൽ കുറിച്ചിരുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വെളിയില്‍ വന്നിരിക്കുന്ന ഈ സാഹചര്യത്തില്‍ മലയാള സിനിമയെ ഇന്നും നിയന്ത്രിക്കുന്ന പ്രമുഖരേ, ദയവായി നിങ്ങളുടെ മനസ്സാക്ഷിയുടെ കണ്ണാടിയിലേക്കൊന്നു നോക്കൂ എന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്.

ഫേസ്ബുക്ക് പോസ്റ്റ് :

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വെളിയില്‍ വന്നിരിക്കുന്ന ഈ സാഹചര്യത്തില്‍ മലയാള സിനിമയെ ഇന്നും നിയന്ത്രിക്കുന്ന പ്രമുഖരേ.. ദയവായി നിങ്ങളുടെ മനസ്സാക്ഷിയുടെ കണ്ണാടിയിലേക്കൊന്നു നോക്കൂ…. നിങ്ങളുടെ മുഖം വികൃതമല്ലേ…?

സിനിമയോടുള്ള ആഗ്രഹം കൊണ്ട് ആ രംഗത്തേക്കു കടന്നു വരുന്ന സ്ത്രീകളെ ചൂഷണം ചെയ്യുന്നതില്‍ നിന്നും അവര്‍ക്കു സംരക്ഷണം കൊടുക്കേണ്ടതിന്റെ പ്രഥമ കടമ സംഘടനകള്‍ക്കാണ്..
അതിലവര്‍ എടുക്കുന്ന നിലപാടുകള്‍ ഏമാനെ സുഖിപ്പിക്കുന്നതാകരുത്.

സ്ത്രീ സുരക്ഷ പോലെ തന്നെ ഗൌരവതരമാണ് സിനിമയിലെ തൊഴില്‍ വിലക്കിന്റെ മാഫിയാ വല്‍ക്കരണം.ആ ഉമ്മാക്കിയാണല്ലോ ഈ പീഢനങ്ങളുടെ എല്ലാം ബ്‌ളാക്‌മെയില്‍ തന്ത്രം.

വൈരവിര്യാതന ബുദ്ധിയും പ്രതികാരവും നിറഞ്ഞ നിങ്ങളുടെ ക്രൂര വിനോദത്തിനു വിധേയനായ ഒരാളാണല്ലോ ഞാനും.. നിങ്ങളെ വിമര്‍ശിച്ചതിന്റെ പേരില്‍, മുഖത്തു നോക്കി കാര്യങ്ങള്‍ തുറന്നു പറഞ്ഞതിന്റെ പേരില്‍ എന്റെ പന്ത്രണ്ടോളം വര്‍ഷം വിലക്കി നശിപ്പിച്ചവരാണു നിങ്ങള്‍..

ഏതു പ്രമുഖന്റെയും മുഖത്തു നോക്കി കാര്യങ്ങള്‍ തുറന്നു പറയാന്‍ ഏതു ജൂണിയര്‍ ആര്‍ട്ടിസ്റ്റിനും ധൈര്യം കൊടുക്കുന്ന ഒരു സംഘടന മലയാളസിനിമയില്‍ ഉണ്ടായതിന്റെ രണ്ടാം വര്‍ഷം നിങ്ങള്‍ അതിനെ തകര്‍ത്ത് നിങ്ങളുടെ ചൊല്‍പ്പടിക്കു നില്‍ക്കുന്ന ഒരു സംഘടന ഉണ്ടാക്കിയത് എന്തിനാണ്?

അവിടെ നിന്നല്ലേ ഈ തെമ്മാടിത്തരങ്ങളുടേയും ആധുനിക സിനിമാ ഗുണ്ടയിസത്തിന്റെയും വേലിയേറ്റം മലയാള സിനിമയേ കൂടുല്‍ മലീമസമാക്കാന്‍ തുടങ്ങിയത്?

2008 ജൂലൈയില്‍ എറണാകുളം സരോവരം ഹോട്ടലില്‍ നിങ്ങള്‍ സിനിമാ തമ്പുരാക്കന്‍മാര്‍ എല്ലാം ഒത്തു ചേര്‍ന്ന് തകര്‍ത്തെറിഞ്ഞ ”മാക്ട ഫെഡറേഷന്‍”എന്ന സംഘടനയുടെ സ്ഥാപക ജനറല്‍ സെക്രട്ടറി ആയിരുന്നു ഞാന്‍. സംഘടന തകര്‍ത്തിട്ടും വൈരാഗ്യം തീരാഞ്ഞ നിങ്ങള്‍ എന്നെയും വിലക്കി.. നേരത്തേ നിങ്ങളുടെ കണ്ണിലെ കരടായിരുന്ന തിലകന്‍ ചേട്ടന്‍ വിനയന്റെ ഭാഗത്താണ് ന്യായം എന്നു പറഞ്ഞതോടെ അദ്ദേഹത്തെയും നിങ്ങള്‍ വിലക്കി പുറത്താക്കി. അദ്ദേഹത്തിന്റെ മരണശേഷം ഞാന്‍ നിങ്ങടെ വിലക്കിനെതിരെ കോടതിയില്‍ പോയി..കോമ്പറ്റീഷന്‍ കമ്മീഷന്‍ നിങ്ങള്‍ക്കെതിരെ വിധിച്ചു.. കോടികള്‍ മുടക്കി നിങ്ങള്‍ സുപ്രീം കോടതി വരെ പോയി കേസു വാദിച്ചപ്പോള്‍ എതിര്‍ഭാഗത്ത് ഞാന്‍ ഒറ്റപ്പെട്ടു പോയിരുന്നു.. പക്ഷേ സത്യം എന്റെ ഭാഗത്തായിരുന്നു.. അമ്മ സംഘടനയ്ക്കു നാലു ലക്ഷം രൂപയാണ് ഫൈന്‍ അടിച്ചത്..

ഫെഫ്കയുള്‍പ്പടെ മറ്റു സംഘടനകള്‍ക്കും പല പ്രമുഖര്‍ക്കും പിഴ അടക്കേണ്ടി വന്നു ചില പ്രമുഖ നടന്‍മാര്‍ ശിക്ഷയില്‍ നിന്നും സാങ്കേതികത്വം പറഞ്ഞ് രക്ഷ പെട്ടു എന്നത് സത്യമാണ്.വീണ്ടും തെളിവുകളുമായി അവരുടെ പുറകേ പോകാനൊന്നും ഞാന്‍ നിന്നില്ല.എനിക്ക് എന്റെ ഭാഗം സത്യമാണന്ന് ജനങ്ങളെ അറിയിക്കണമെന്നേ ഉണ്ടായിരുന്നുള്ളു..

പക്ഷേ തൊഴില്‍ വിലക്കിനും സിനിമയിലെ മാഫിയാ വല്‍ക്കരണത്തിനും എതിരെ വന്ന ആ സുപ്രീം കോടതി വിധി അന്ന് നമ്മുടെ മീഡിയകള്‍ ഒന്നും വേണ്ട വിധത്തില്‍ ചര്‍ച്ച ചെയ്തില്ല എന്നത് എന്നെ അത്ഭുതപ്പെടുത്തിയിരുന്നു. സിനിമയിലെ പ്രമുഖര്‍ക്ക് അന്നു മീഡിയകളെ കുറച്ചുകൂടി കൈപ്പിടിയില്‍ ഒതുക്കുവാന്‍ കഴിഞ്ഞിരുന്നു എന്നതാണ് സത്യം..

വിമര്‍ശിക്കുന്നതിന്റെ പേരില്‍ ഫാന്‍സുകാരെക്കൊണ്ട് we Hate Vinayan എന്ന online അക്കൗണ്ട് ഉണ്ടാക്കി എന്നെ തകര്‍ക്കാന്‍ ശ്രമിച്ച വീരന്‍മാരാണ് ഇന്നു സമൂഹത്തിന്റെ മുന്നില്‍ ഉടുതുണി ഇല്ലാതെ നില്‍ക്കുന്നത്.. ഇതു കാലത്തിന്റെ കാവ്യ നീതിയാണ്..

മാക്ട ഫെഡറേഷന്‍ അന്ന് ഉണ്ടാക്കിയപ്പോള്‍ പ്രധാനമായും ഉണ്ടാക്കിയ യൂണിയന്‍ ജൂണിയര്‍ ആര്‍ട്ടിസ്‌ററുകള്‍ക്കു വേണ്ടി ആയിരുന്നു.. അവിടെ സ്ത്രീകളായ ആര്‍ട്ടിസ്റ്റുകള്‍ക്ക് പ്രത്യേക പരിരക്ഷക്ക് തീരുമാനങ്ങള്‍ എടുത്തിരുന്നു..

ജുണിയര്‍ ആര്‍ട്ടിസ്റ്റുകളെ സിനിമയില്‍ എത്തിക്കുന്ന ഏജന്റുമാര്‍ക്ക് കര്‍ശന നിര്‍ദ്ദേശങ്ങള്‍ കൊടുത്തിരുന്നു.
ചെറിയ ആര്‍ട്ടിസ്റ്റുകളേയും തൊഴിലാളികളേയും അനാവശ്യമായി ബുദ്ധിമുട്ടിക്കുന്ന താരങ്ങളേയും സംവിധായകരേയും പരസ്യമായി മാക്ട ഫെഡറേഷന്‍ വിമര്‍ശിക്കുമായിരുന്നു.

അങ്ങനെ ഒരു സംഘടന ഇവിടുത്തെ താരപ്രമുഖര്‍ക്കും സൂപ്പര്‍ സംവിധായകര്‍ക്കും അവരുടെ ഉപജാപകവൃന്ദത്തില്‍ പെട്ട നിര്‍മ്മാതാക്കള്‍ക്കും കണ്ണിലെ കരടായി.. അങ്ങനെ അവരെല്ലാം എറണാകുളം സരോവരം ഹോട്ടലില്‍ ഒത്തു ചേര്‍ന്ന് ആ സംഘടനയെ ആവേശത്തോടെ തകര്‍ത്തെറിഞ്ഞു..
എന്നിട്ട് ഇപ്പോ നടക്കുന്നതു പോലെ അവര്‍ക്ക് ഇഷ്ടാനിഷ്ടം പെരുമാറാന്‍ കൂട്ടുനില്‍ക്കുന്ന ഒരു സംഘടനയേ അവരു തന്നെ കാശുകൊടുത്ത് സ്‌പോണ്‍സര്‍ ചെയ്ത് ഉണ്ടാക്കി..

ഇതല്ലായിരുന്നോ സത്യം..?

നമ്മുടെ സിനിമാ പ്രമുഖര്‍ക്ക് നെഞ്ചത്തു കൈവച്ച് ഇതു നിഷേധിക്കാന്‍ പറ്റുമോ?
ക്രിമിനല്‍ പച്ഛാത്തലമുള്ള ഡ്രൈവര്‍മാരും പിണിയാളുകളുമൊക്കെ എങ്ങനെ സിനിമയില്‍ നുഴഞ്ഞു കേറി എന്ന് നമ്മുടെ സിനിമാ പ്രമുഖര്‍ ഇനിയെന്‍കിലും സത്യ സന്ധമായി ഒന്നു ചിന്തിക്കുമോ?

Leave a Reply

Your email address will not be published. Required fields are marked *