യുപി ഷാഹി മസ്ജിദിലെ സർവേക്കെതിരെ പ്രതിഷേധിച്ച മൂന്നുപേർ കൊല്ലപ്പെട്ടു

Masjid

ലഖ്‌നോ: ഉത്തർപ്രദേശിലെ ഷാഹി ജുമാ മസ്ജിദിലെ സർവേക്കെതിരെ പ്രതിഷേധിച്ച മൂന്നുപേർ വെടിയേറ്റു മരിച്ചു. നദീം അഹമ്മദ്, ബിലാൽ അൻസാരി എന്നിവരാണ് കൊല്ലപ്പെട്ട രണ്ടുപേർ. മൂന്നാമത്തെയാളെ തിരിച്ചറിഞ്ഞിട്ടില്ല. പൊലീസ് വെടിവെപ്പിലാണ് ഇവർ മരിച്ചതെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. എന്നാൽ സമരക്കാർക്കിടയിൽനിന്ന് വെടിവെപ്പുണ്ടായതായി പൊലീസ് പറഞ്ഞു.Masjid

ഇന്ന് രാവിലെ ഏഴ് മണി മുതലാണ് കോടതി നിയോഗിച്ച അഭിഭാഷകസംഘം സർവേക്കായി മസ്ജിദിലെത്തിയത്. ഇതിനിടെ ഒരു സംഘം പ്രതിഷേധവുമായി എത്തുകയായിരുന്നു. തുടർന്ന് അത് വലിയ സംഘർഷത്തിലേക്ക് നീങ്ങി. പൊലീസും സമരക്കാരും തമ്മിൽ പല തവണ ഏറ്റുമുട്ടലുണ്ടായി. സമരക്കാരെ പിരിച്ചുവിടാൻ ടിയർ ഗ്യാസ് പ്രയോഗവും ലാത്തിച്ചാർജും നടത്തിയെന്നാണ് പൊലീസ് പറയുന്നത്. വെടിയുതിർത്ത കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.

പ്രദേശത്ത് ഇപ്പോഴും സംഘർഷാവസ്ഥ തുടരുകയാണ്. നാലായിരത്തിലധികം ആളുകളാണ് പ്രതിഷേധവുമായി എത്തിയത്. ക്ഷേത്രം പൊളിച്ചാണ് പള്ളി നിർമിച്ചത് എന്നാരോപിച്ച് അഭിഭാഷകനായ വിഷ്ണു ശങ്കർ ജെയിൻ ആണ് കോടതിയെ സമീപിച്ചത്. ജില്ലാ കോടതിയാണ് സർവേക്ക് നിർദേശം നൽകിയത്. യുവാക്കൾ കൊല്ലപ്പെട്ട വാർത്ത പുറത്തുവന്നതിന് പിന്നാലെ സംഘർഷാവസ്ഥ കനത്തതായാണ് റിപ്പോർട്ട്. പ്രദേശത്ത് വൻ പൊലീസ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *