ട്രെയിനുകളിൽ ഇനി പ്ലാസ്റ്റിക് പാക്കറ്റിൽ ഭക്ഷണ വിതരണം വേണ്ട -ഹൈകോടതി
കൊച്ചി: ട്രെയിനുകളിൽ പ്ലാസ്റ്റിക് പാക്കറ്റുകളിലുള്ള ഭക്ഷണ വിതരണം ഒഴിവാക്കണമെന്ന് ഹൈകോടതി. വന്ദേ ഭാരത് അടക്കം ട്രെയിനുകളിൽ ഭക്ഷണം വിതരണം ചെയ്യുന്ന പാക്കറ്റുകളടക്കം വൻ തോതിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉൽപാദിപ്പിക്കപ്പെടുന്നത് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ്, ജസ്റ്റിസ് പി. ഗോപിനാഥ് എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ചിന്റെ നിർദേശം. സംസ്ഥാനത്തെ മാലിന്യ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് സ്വീകരിച്ച സ്വമേധയ ഹരജി പരിഗണിക്കുകയായിരുന്നു കോടതി.
ഭക്ഷണം പ്ലാസ്റ്റിക് പാക്കറ്റുക്കളിൽ നൽകുന്നതിന് പകരം ജൈവ വസ്തുക്കൾ കൊണ്ട് നിർമിച്ച പാക്കറ്റുകൾ ഐ.ആർ.സി.ടി.സി പരിഗണിക്കണമെന്ന് കോടതി നിർദേശിച്ചു. ട്രെയിനുകളിൽ ലഘുഭക്ഷണങ്ങളും മറ്റ് സാധനങ്ങളും വിതരണം ചെയ്യുന്ന കരാറുകാർ ജൈവവിഘടനം സംഭവിക്കുന്ന കവറുകൾ മാത്രമേ ഉപയോഗിക്കുന്നുള്ളൂവെന്ന് ഉറപ്പുവരുത്താൻ ഐ.ആർ.സി.ടി.സിക്ക് കഴിയും. വലിയ അളവിൽ സാധനങ്ങൾ വാങ്ങുന്ന സ്ഥാപനം എന്ന നിലയിൽ ഐ.ആർ.സി.ടി.സിക്ക് ഇത്തരം നിബന്ധനകൾ മുന്നോട്ടുവെക്കാം.
ട്രെയിനുകളിൽ നിലവിലെ പോലെ ബയോ ടോയ്ലറ്റുകൾ സ്ഥാപിക്കാൻ ഹൈകോടതിയിലെത്തിയ റിട്ട് ഹരജി കാരണമായിട്ടുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇതേ തുടർന്ന് റെയിൽവേ നടത്തിയ ഗവേഷണ ഫലമാണ് ഇതെന്നും കോടതി പറഞ്ഞു. കൊച്ചി നഗരപരിധി കടന്നാൽ കോഴിക്കോട് ഭാഗത്തേക്കുള്ള റെയിൽവേ ട്രാക്കുകളുടെ ഇരുവശത്തും വൻതോതിൽ മാലിന്യം കുമിഞ്ഞുകൂടുകയാണ്.
അവിടെ നിന്ന് ഇത് നീക്കം ചെയ്യാത്ത സ്ഥിതിയാണ്. റെയിൽപാളങ്ങളിലെ മാലിന്യം നീക്കം ചെയ്യുന്നതിൽ റെയിൽവേ സ്വമേധയാ നടപടികൾ സ്വീകരിക്കുന്നില്ലെങ്കിൽ കർശനമായ ഉത്തരവുകൾ പുറപ്പെടുവിക്കേണ്ടി വരുമെന്നും കോടതി വ്യക്തമാക്കി
