മെക്സിക്കോക്കും കാനഡക്കും അധിക നികുതി ചുമത്താൻ ട്രംപ്; പട്ടികയിൽ ഇന്ത്യയില്ല

Donald Trump

വാഷിങ്ടൺ: മെക്സിക്കോക്കും കാനഡക്കും മേൽ അധിക നികുതി ചുമത്തുമെന്ന് അറിയിച്ച് നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. മെക്സിക്കോയിൽനിന്നും കാനഡയിൽനിന്നും വരുന്ന ഉൽപ്പന്നങ്ങൾക്ക് 25 ശതമാനമാണ് നികുതി ചുമത്താൻ പോകുന്നത്. ജനുവരി 20നാണ് ട്രംപ് വൈറ്റ് ഹൗസിൻ്റെ ചുമതലയേൽക്കുന്നത്.Trump

അധികാരമേറ്റയുടൻ മെക്‌സിക്കോയിൽനിന്നും കാനഡയിൽനിന്നുമുള്ള എല്ലാ ഉൽപ്പന്നങ്ങൾക്കും 25 ശതമാനം അധിക നികുതി ചുമത്തുന്ന എക്‌സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവെക്കുമെന്നും ചൈനീസ് സർക്കാർ നിയന്ത്രണങ്ങൾ തടയുന്നതുവരെ ചൈനീസ് ഇറക്കുമതിക്ക് 10 ശതമാനം അധിക നികുതി ചുമത്തുമെന്നും ട്രംപ് സോഷ്യൽ മീഡിയ പോസ്റ്റിൽ പറഞ്ഞു.

അതേസമയം ട്രംപിൻ്റെ പ്രാരംഭ താരിഫ് പദ്ധതികളിൽനിന്നും ഇന്ത്യയെ ഒഴിവാക്കി. ഇന്ത്യ വലിയ രീതിയിൽ വ്യാപാരത്തെ ദുരുപയോ​ഗം ചെയ്യുന്നുവെന്ന് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ട്രംപ് ആരോപിച്ചിരുന്നു. 75 ബില്യൺ ഡോളറിലധികം മൂല്യമുള്ള ഇന്ത്യൻ കയറ്റുമതികൾക്ക് ഉയർന്ന താരിഫ് ചുമത്തി തൻ്റെ ആദ്യ ടേം മുതൽ വ്യാപാര പിരിമുറുക്കം പുതുക്കാമെന്നും അദ്ദേഹം നിർദേശിച്ചു. 2019-ൽ ജനറലൈസ്ഡ് സിസ്റ്റം ഓഫ് പ്രിഫറൻസസ് (ജിഎസ്പി) പ്രോഗ്രാമിന് കീഴിലുള്ള ഡ്യൂട്ടി ഫ്രീ ആക്‌സസ് ഇന്ത്യക്ക് നഷ്‌ടപ്പെട്ടിരുന്നു. തുടർന്ന് യുഎസിലേക്ക് ഏകദേശം 5.7 ബില്യൺ ഡോളറിൻ്റെ താരിഫ് രഹിത കയറ്റുമതി പ്രോഗ്രാം ഇന്ത്യയ്ക്കായി അനുവദിച്ചു.

തിങ്കളാഴ്ചയാണ് മെക്സിക്കോയിൽ നിന്നുള്ള ഉൽപന്നങ്ങൾക്ക് അധിക നികുതി ഏർപ്പെടുത്തുമെന്നും അനധികൃതമായി ആളുകൾ എത്തുന്നത് തടയുമെന്നും ട്രംപ് അറിയിച്ചത്. ഇതുമൂലമുണ്ടാകുന്ന പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ പരിഹരിക്കാൻ കാനഡക്കും മെക്സിക്കോക്കും അവകാശമുണ്ടെന്നും ഡോണൾഡ് ട്രംപ് കൂട്ടിച്ചേർത്തു. സ്വന്തം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു ട്രംപിന്റെ പ്രതികരണം.

‘യുഎസിലേക്ക് വൻതോതിൽ മയക്കുമരുന്ന് കടത്തുന്നതിനെക്കുറിച്ച് ഞാൻ ചൈനയുമായി നിരവധി ചർച്ചകൾ നടത്തിയിട്ടുണ്ട്. പക്ഷെ, ഫലമുണ്ടായില്ല. ഏതെങ്കിലും മയക്കുമരുന്ന് വ്യാപാരികൾ പിടിക്കപ്പെട്ടു കഴിഞ്ഞാൽ വധശിക്ഷ ഉൾപ്പെടെ പരമാവധി ശിക്ഷ നടപ്പാക്കുമെന്ന് ചൈനയുടെ പ്രതിനിധികൾ എന്നോട് പറഞ്ഞിരുന്നു. എന്നാൽ, അവർ ഒരിക്കലും അത് പാലിച്ചില്ല. അതിന്റെ ഫലമായി മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത അളവിൽ മയക്കുമരുന്ന് നമ്മുടെ രാജ്യത്തേക്ക് ഒഴുകിയെത്തുന്നു. ഇത് നിർത്തുന്നത് വരെ ചൈനയിൽനിന്ന് അമേരിക്കയിലേക്ക് പ്രവേശിക്കുന്ന ചൈനയുടെ എല്ലാ ഉൽപ്പന്നങ്ങൾക്കും നിലവിലുള്ള താരിഫുകൾക്ക് മുകളിൽ 10 ശതമാനം അധിക താരിഫ് ഈടാക്കും’ -ട്രംപ് പറഞ്ഞു.

2023ൽ മെക്സിക്കോയിൽ നിന്നുള്ള കയറ്റുമതിയുടെ 83 ശതമാനവും കാനഡയിൽ നിന്നുള്ള കയറ്റുമതിയുടെ 75 ശതമാനവും യുഎസിലേക്കായിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ചൈനക്ക് മേൽ 60 ശതമാനം നികുതി ചുമത്തുമെന്നാണ് ട്രംപ് അറിയിച്ചിരുന്നത്. മെക്സിക്കോയിൽ നിന്നുള്ള വാഹനങ്ങൾക്ക് അധിക നികുതി ചുമത്തുമെന്നും ട്രംപ് അറിയിച്ചിരുന്നു. അനധികൃതമായി അതിർത്തികടന്ന് ആളുകൾ എത്തുന്നത് തടയുമെന്നും ട്രംപ് വ്യക്തമാക്കി.

ട്രംപിന്റെ ഈ നീക്കത്തെ തുടർന്ന് കനേഡിയൻ ഡോളർ, മെക്സിക്കൻ പെസോ, യുറോ, ബ്രിട്ടീഷ് പൗണ്ട്, കൊറിയൻ വൺ, ആസ്ത്രേലിയൻ ഡോളർ എന്നിവയെല്ലാം യുഎസ് ഡോളറിനെതിരെ ഇടിഞ്ഞു. അധിക നികുതി ഏർപ്പെടുത്തിയതിന് പിന്നാലെ വാഷിങ്ടണിലെ ചൈനീസ് എംബസി പ്രതികരണവുമായി രംഗത്തെത്തി. വ്യാപാര യുദ്ധത്തിൽ ഒരു രാജ്യവും ജയിക്കില്ലെന്നായിരുന്നു ചൈനീസ് എംബസിയുടെ പ്രതികരണം.

Leave a Reply

Your email address will not be published. Required fields are marked *