അബൂദബിയിൽ രണ്ട് മലയാളികൾ വാഹനാപകടത്തിൽ മരിച്ചു

അബൂദബി : അബൂദബിയിൽ കഴിഞ്ഞദിവസമുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു. മലപ്പുറം തൃപ്പനച്ചി സ്വദേശി നാറണത്ത് ഹംസ മുസ്ലിയാർ (53) , കാസർകോട് മൗവ്വൽ സ്വദേശി മുഹമ്മദ് അഷ്റഫ് (54) എന്നിവരാണ് മരിച്ചത്. രണ്ടുപേരുടെയും മൃതദേഹങ്ങൾ അബൂദബി മഫ്റഖ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മരണത്തിനിടയാക്കിയ വാഹനാപകടത്തെ കുറിച്ച വിവരങ്ങൾ ലഭ്യമായിയിട്ടില്ല. അഞ്ജാതർ എന്ന നിലയിലാണ് ഇവരെ പൊലീസ് ആശുപത്രിയിലെത്തിച്ചത്. ഷാർജയിൽ നിന്ന് അബൂദബിയിലേക്കുള്ള യാത്രയിൽ ഇവർ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു എന്നാണ് വിവരം.

വർഷങ്ങളായി യു.എ.ഇയിൽ പ്രവാസിയാണ് മരിച്ച കാസർകോട് സ്വദേശി മുഹമ്മദ് അഷ്റഫ്. മരിച്ച ഹംസ മുസ്ലിയാർ സന്ദർശക വിസയിലായിരുന്നു. ഹംസയുടെ മൃതദേഹം നാളെ നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ഐ.സി.എഫിന്റെ സാമൂഹിക പ്രവർത്തകർ അറിയിച്ചു. ഭാര്യ: ആരിഫ ഇല്ലിയൻ. മക്കൾ: സൗദ, ആഷിഖ്, അനീസ്. മരുമകൻ: ഷാഫി. നസീമയാണ് മുഹമ്മദ് അഷ്റഫിന്റെ ഭാര്യ. മക്കൾ: മുംതാസ്, മുനീർ, നജീല, അസ്ലമിയ്യ.