യുഎപിഎ; പ്രോസിക്യൂഷൻ അനുമതിയിൽ എതിർപ്പുണ്ടെങ്കിൽ ചോദ്യം ചെയ്യാമെന്ന് സുപ്രിംകോടതി

UAPA

ന്യൂഡൽഹി: യുഎപിഎ പ്രകാരം നടപടിയെടുക്കാനുള്ള പ്രോസിക്യൂഷൻ അനുമതിയെ കുറ്റാരോപിതർക്ക് ചോദ്യം ചെയ്യാമെന്ന് സുപ്രിംകോടതി. ‘മനസിരുത്തിയല്ല പ്രോസിക്യൂഷൻ അനുമതി, അനുമതിക്ക് മതിയായ തെളിവുകൾ ഇല്ല’ തുടങ്ങിയ കാരണങ്ങൾ ഉയർത്തി പ്രോസിക്യൂഷൻ അനുമതി ചോദ്യം ചെയ്യാമെന്നു പറഞ്ഞ കോടതി, ഇത് എത്രയും വേ​ഗം ഉണ്ടാവണമെന്നും നിർദേശിച്ചു.UAPA

അസാധുവായ അനുമതി തുടരാൻ യുഎപിഎയ്ക്ക് സിആർപിസിയുടെയോ അഴിമതി നിരോധന നിയമത്തിന്റെയോ പോലുള്ള വ്യവസ്ഥകളൊന്നുമില്ലെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ സി.ടി രവികുമാർ, സഞ്ജയ് കരോൾ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിരീക്ഷണം.

അന്വേഷണ ഉദ്യോഗസ്ഥൻ ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഒരു കേസിൽ യുഎപിഎ ചുമത്താനുള്ള ശിപാർശയ്ക്കായി ബന്ധപ്പെട്ട അതോറിറ്റിക്ക് ഏഴ് ദിവസത്തെ സമയവും പ്രോസിക്യൂഷന് അനുമതി നൽകാൻ സർക്കാരിന് ഏഴ് ദിവസത്തെ സമയവുമാണ് നിയമം വ്യവസ്ഥ ചെയ്യുന്നത്. കേന്ദ്ര സർക്കാരോ സംസ്ഥാന സർക്കാരോ ആണ് ഈ അതോറിറ്റിയെ നിയമിക്കുന്നത്.

യുഎപിഎ പ്രകാരം നിർദേശിച്ചിട്ടുള്ള ഈ സമയക്രമം എക്സിക്യൂട്ടീവ് അധികാരം പരിശോധിക്കുന്നതിനും കുറ്റാരോപിതരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുമുള്ള ഒരു മാർഗമാണെന്നും അത് കർശനമായി പാലിക്കണമെന്നും സുപ്രിംകോടതി പറഞ്ഞു.

യുഎപിഎ സെക്ഷൻ 45 പ്രകാരം, തെളിവുകളുടെ ‌സ്വതന്ത്ര അവലോകനത്തിന് ശേഷമായിരിക്കും ബന്ധപ്പെട്ട അതോറിറ്റി ശിപാർശ ചെയ്യുന്നത്. ഈ അതോറിറ്റി ശിപാർശ അയച്ചുകഴിഞ്ഞാൽ, ഇവരുടെ റിപ്പോർട്ട് പരിശോധിച്ച് യുഎപിഎ അനുവദിക്കുന്നതിനെക്കുറിച്ച് കേന്ദ്ര- സംസ്ഥാന സർക്കാരുകൾ തീരുമാനിക്കുകയാണ് ചെയ്യുക.

Leave a Reply

Your email address will not be published. Required fields are marked *