വൈഭവിന് സിക്സറിൽ ‘സെഞ്ച്വറി’ റെക്കോഡ്! നേട്ടം കൈവരിക്കുന്ന പ്രായംകുറഞ്ഞ, അതിവേഗ താരം

ജയ്പൂർ: ക്രിക്കറ്റിലെ കൗമാര വിസ്മയം വൈഭവ് സൂര്യവംശി പുതിയ റെക്കോഡുകൾ കുറിച്ചാണ് ഓരോ മത്സരവും പൂർത്തിയാക്കുന്നത്. ഐ.പി.എല്ലിൽ അതിവേഗ സെഞ്ച്വറി നേടുന്ന ഇന്ത്യൻ താരം എന്ന റെക്കോഡ് നേരത്തെ തന്നെ സ്വന്തമാക്കിയ താരം, 40 പന്തിൽ താഴെ രണ്ട് ഐ.പി.എൽ സെഞ്ച്വറികൾ നേടുന്ന ആദ്യ താരം കൂടിയാണ്.
ശനിയാഴ്ച ഗുജറാത്ത് ടൈറ്റൻസിനെതിരെ കളത്തിലിറങ്ങിയ താരം പുതിയൊരു റെക്കോഡ് കുറിച്ചാണ് ഗ്രൗണ്ട് വിട്ടത്. മുഹമ്മദ് സിറാജിന്‍റെ ആദ്യ പന്ത് തന്നെ സിക്സർ പറത്തിയ താരം, ട്വന്‍റി20 ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 100 സിക്സുകൾ കുറിക്കുന്ന താരമായി മാറി. ട്വന്‍റി20 ക്രിക്കറ്റിൽ 20 വയസ്സിനുള്ളിൽ സിക്സറിൽ സെഞ്ച്വറി കുറിക്കുന്ന ആദ്യ താരം കൂടിയാണ്. വെറും 514 പന്തുകളിൽനിന്നാണ് ഈ 15കാരൻ സിക്സറുകളിൽ ‘സെഞ്ച്വറി’ പൂർത്തിയാക്കിയത്.
വെസ്റ്റിൻഡീസ് സൂപ്പർതാരം കീരൺ പൊള്ളാർഡിന്‍റെ ദീർഘകാലമായുള്ള റെക്കോഡാണ് താരം മറികടന്നത്. 843 പന്തിലാണ് വിൻഡീസ് താരം 100 സിക്സുകളെന്ന നേട്ടത്തിലെത്തിയത്. നേരത്തെ ഒരു ഐ.പി.എൽ ഇന്നിങ്സിൽ ഏറ്റവും കൂടുതൽ സിക്സുകൾ പറത്തിയ താരത്തിന്റെ റെക്കോഡും സ്വന്തം പേരിലാക്കിയിരുന്നു വൈഭവ്. സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ 12 സിക്സുകളാണ് താരത്തിന്റെ ബാറ്റിൽനിന്നു പിറന്നത്. ഒരു ഐ.പി.എൽ സീസണിൽ പവർപ്ലേയിൽ ഏറ്റവും കൂടുതൽ സിക്സുകൾ നേടുന്ന താരം കൂടിയാണ് വൈഭവ്. 29 ഇന്നിങ്സുകളിൽനിന്നാണ് വൈഭവ് നൂറു സിക്സുകളെന്ന റെക്കോഡിലെത്തിയത്.
വൈഭവിന്‍റെ റെക്കോഡ് പ്രകടനത്തിലും ഗുജറാത്തിനെതിരായ മത്സരത്തിൽ രാജസ്ഥാൻ 77 റൺസിന് തോറ്റു. ഗുജറാത്ത് വെച്ചുനീട്ടിയ 230 റൺസ് വിജയലക്ഷ്യത്തിന് അടുത്തെത്താനാകാതെ രാജസ്ഥാൻ 16.3 ഓവറിൽ 152 റൺസിന് എല്ലാവരും പുറത്തായി. ഓപണർമാരായ ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലും (44 പന്തിൽ 84 റൺസ്) സായി സുദർശനും (36 പന്തിൽ 55) അടിച്ചുതകർത്തപ്പോൾ ഗുജറാത്ത് റൺമല കയറി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്തിനായി ഗില്ലും സായിയും ഉജ്ജ്വല തുടക്കം നൽകി. 11ാം ഓവറിൽ സായിയെ പുറത്താക്കി യാഷ് രാജ് പുഞ്ച ഈ കൂട്ടുകെട്ട് ഭേദിക്കുമ്പോൾ സ്കോർ ബോർഡിൽ 118. ജോസ് ബട്ട്ലറുടെ സംഭാവന 13ൽ ഒതുങ്ങി.
ഏഴ് റൺസെടുത്ത ജേസൺ ഹോൾഡറെ ബ്രിജേഷ് പുറത്താക്കി. 20 പന്തിൽ 37 റൺസുമായി അപരാജിതനായി നിന്ന വാഷിങ്ടൺ സുന്ദറിന്റെ വെടിക്കെട്ടാണ് സ്കോർ 200ന് മുകളിലെത്തിച്ചത്. മറുപടി ബാറ്റിങ്ങിൽ രാജസ്ഥാൻ വൈഭവ് സൂര്യവൻശിയുടെ (16 പന്തിൽ 36) വെടിക്കെട്ട് ബാറ്റിങ് കരുത്തിൽ ഉജ്ജ്വലമായാണ് തുടങ്ങിയത്. മൂന്നാം ഓവറിൽ സൂര്യവൻശി വീണതോടെ ഇന്നിങ്സ് താളം തെറ്റി. പത്ത് പന്തിൽ 24 റൺസെടുത്ത ധ്രുവ് ജുറേലും 25 പന്തിൽ 38 റൺസെടുത്ത രവീന്ദ്ര ജഡേജയും മികച്ച പ്രകടനം നടത്തി. ഗുജറാത്തിനായി റാഷിദ് ഖാൻ നാലും ജേസൻ ഹോൾഡർ മൂന്നും കഗിസോ റബാദ രണ്ടും മുഹമ്മദ് സിറാജ് ഒന്നും വിക്കറ്റ് വീഴ്ത്തി. പരിക്കേറ്റ റിയാൻ പരാഗിനുപകരം യശസ്വി ജയ്സ്വാളാണ് രാജസ്ഥാനെ നയിച്ചത്.
