മാസപ്പടി വിവാദത്തിൽ തിരിച്ചടി ; മുഖ്യമന്ത്രി ഉൾപ്പെടെ 12 പേർക്ക് ഹൈകോടതി നോട്ടീസ് അയച്ചേക്കും.

Vigilance probe in Masapadi controversy

 

മാസപ്പടി വിവാദത്തിൽ നിർണായക നീക്കവുമായി ഹൈക്കോടതി. മുഖ്യമന്ത്രി ഉൾപ്പെടെയുള്ള എതിർകക്ഷികൾക്ക് ഹൈക്കോടതി നോട്ടീസ് അയക്കും. വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജിയിലാണ് കോടതി നടപടി. കേസിൽ സ്വമേധയാ കക്ഷി ചേർന്ന കോടതി എതിർകക്ഷികളെ കൂടി കേൾക്കാതെ തീരുമാനമെടുക്കാനാകില്ലെന്ന് അറിയിച്ചു.

മുഖ്യമന്ത്രി, മകൾ, വീണാ വിജയൻ, മുൻ പ്രതിപക്ഷ നേതാവും കോൺഗ്രസ് നേതാവുമായ രമേശ് ചെന്നിത്തല, മുസ്‌ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി തുടങ്ങി 12 പേരാണ് കേസിൽ എതിർകക്ഷികൾ. ഇവരുടെ വാദം കൂടി കേൾക്കുമെന്ന് ജസ്റ്റിസ് കെ. ബാബു അറിയിച്ചു. ഇവരുടെ വിശദീകരണം കേൾക്കാനായി ഹരജി നീട്ടി. എതിർകക്ഷികളെ കൂടി കേട്ടശേഷമായിരിക്കും ഇക്കാര്യത്തിൽ വിജിലൻസ് അന്വേഷണം വേണമോയെന്ന കാര്യത്തിൽ കോടതി ഒരു തീരുമാനമെടുക്കുക.

അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി മൂവാറ്റുപുഴ വിജിലൻസ് കോടതി തള്ളിയത് ചോദ്യം ചെയ്ത് ഗിരീഷ് ബാബു നൽകിയ ഹരജിയിലാണ് ഹൈക്കോടതിയുടെ നിര്‍ണായക നീക്കം. വിജിലൻസ് കോടതി ഉത്തരവ് തെറ്റെന്ന് ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറി നേരത്തെ അറിയിച്ചിരുന്നു.

കേസിൽ തെളിവില്ലെന്ന വിജിലൻസ് കോടതി കണ്ടെത്തൽ പ്രഥമദൃഷ്ട്യാ ശരിയല്ലെന്നും രാഷ്ട്രീയ നേതാക്കൾക്ക് പണം നൽകിയെന്നതിന് സാക്ഷിമൊഴികൾ ഉള്ള സാഹചര്യത്തിൽ പ്രാഥമിക അന്വേഷണത്തിന് ഉത്തരവിടാമായിരുന്നുവെന്നുമാണ് അമിക്കസ് ക്യൂറിയുടെ റിപ്പോർട്ട്.

ഹരജിക്കാരനായ ഗിരീഷ് ബാബുവിന്റെ മരണത്തെ തുടർന്നാണ് കേസിൽ കോടതി അമിക്കസ് ക്യൂറിയെ നിയോഗിച്ചത്. കരിമണൽ കമ്പനിയിൽ നിന്നും പണം കൈപ്പറ്റിയതിൽ മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ വീണ, രമേശ് ചെന്നിത്തല, കുഞ്ഞാലിക്കുട്ടി എന്നിവരടക്കമുള്ളവർക്കെതിരെ വിജിലൻസ് അന്വേഷണം വേണമെന്നാണ് ഹരജിയിലെ ആവശ്യം.  Vigilance probe in Masapadi controversy

Leave a Reply

Your email address will not be published. Required fields are marked *