പട്ടികജാതി വിഭാഗങ്ങൾക്കെതിരായ അതിക്രമം; 97 ശതമാനവും 13 സംസ്ഥാനങ്ങളിൽ നിന്ന്, മുന്നിൽ യുപി: റിപ്പോർട്ട്
ന്യൂഡൽഹി: 2022ൽ പട്ടികജാതി (എസ്.സി) വിഭാഗങ്ങൾക്കെതിരായ അതിക്രമങ്ങളുടെ 97.7 ശതമാനവും 13 സംസ്ഥാനങ്ങളിൽ നിന്നാണെന്ന് റിപ്പോർട്ട്. എസ്.സി- എസ്.ടി നിയമത്തിന് കീഴിലുള്ള ഏറ്റവും പുതിയ സർക്കാർ റിപ്പോർട്ട് പ്രകാരം, ഇതിൽ ഉത്തർപ്രദേശ്, രാജസ്ഥാൻ, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് ഏറ്റവും മുന്നിൽ. റിപ്പോർട്ടനുസരിച്ച് പട്ടികവർഗ വിഭാഗങ്ങൾക്കെതിരായ (എസ്.ടി) ഭൂരിഭാഗം അതിക്രമങ്ങളും 13 സംസ്ഥാനങ്ങളിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. 2022ലെ മൊത്തം കേസുകളിൽ 98.91 ശതമാനമാണിത്.Violence
2022-ൽ പട്ടികജാതി നിയമപ്രകാരം രജിസ്റ്റർ ചെയ്ത 51,656 കേസുകളിൽ, ഉത്തർപ്രദേശിലാണ് ഏറ്റവും കൂടുതൽ.12,287 കേസുകളാണ് (23.78 ശതമാനം) യുപിയിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. 8651 കേസുകളുമായി (16.75 ശതമാനം) രാജസ്ഥാനും, 7,732 (14.97 ശതമാനം) കേസുകളുമായി മധ്യപ്രദേശുമാണ് പിന്നിൽ. ബിഹാർ, ഒഡീഷ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലും പട്ടികജാതി വിഭാഗങ്ങൾക്കെതിരായ അതിക്രമങ്ങളിൽ നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. മൊത്തം കേസുകളുടെ 81 ശതമാനവും ഈ ആറ് സംസ്ഥാനങ്ങളിൽ നിന്നാണ്.
സമാനമായി, പട്ടികവർഗ വിഭാഗങ്ങൾക്കെതിരായ അതിക്രമങ്ങളുടെ ഭൂരിഭാഗവും 13 സംസ്ഥാനങ്ങളിൽ നിന്നുതന്നെയാണ്. രാജ്യത്ത് രജിസ്റ്റർ ചെയ്ത 9,735 കേസുകളിൽ 2,979 എണ്ണവും മധ്യപ്രദേശിലാണ് റിപ്പോർട്ട് ചെയ്തത്. 30.61 ശതമാനം വരുമിത്. 25.66 ശതമാനവുമായി കേസുകളുടെ എണ്ണത്തിൽ രാജസ്ഥാനാണ് രണ്ടാം സ്ഥാനത്ത്. ഒഡീഷ, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലും നിരവധി കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
രജിസ്റ്റർ ചെയ്ത കേസുകളുടെ അന്വേഷണങ്ങളെക്കുറിച്ചുള്ള വിവരങ്ങളും റിപ്പോർട്ടിലുണ്ട്. പട്ടികജാതി വിഭാഗവുമായി ബന്ധപ്പെട്ട കേസുകളിൽ 60.38 ശതമാനത്തിലും കുറ്റപത്രം സമർപ്പിച്ചു. തെറ്റായ ആരോപണങ്ങൾ, തെളിവുകളുടെ അഭാവം തുടങ്ങിയ കാരണങ്ങത്താൽ 14.78 ശതമാനം കേസുകളും അന്തിമ റിപ്പോർട്ടുകളോടെ അവസാനിച്ചു. 2022 അവസാനിക്കുമ്പോൾ 17,166 കേസുകളിൽ അന്വേഷണം പൂർത്തീകരിച്ചിട്ടില്ല. പട്ടികവർഗ വിഭാഗങ്ങളുമായി ബന്ധപ്പെട്ടതിൽ 63.32 ശതമാനം കേസുകളിൽ കുറ്റപത്രം സമർപ്പിച്ചപ്പോൾ 14.71 ശതമാനം അന്തിമ റിപ്പോർട്ടിൽ അവസാനിച്ചു. കാലയളവ് അവസാനിക്കുമ്പോൾ, 2,702 കേസുകൾ അന്വേഷണത്തിലായിരുന്നു.
കേസുകളുടെ ശിക്ഷാ നിരക്ക് കുറയുന്നുവെന്നത് റിപ്പോർട്ടിലെ ഏറ്റവും പ്രസക്തമായ ആശങ്കകളിലൊന്നാണ്. 2020ൽ 39.2 ശതമാനമായിരുന്ന ശിക്ഷാ നിരക്ക് 2022ൽ 32.4 ശതമാനമായി കുറഞ്ഞു. കേസുകൾ കൈകാര്യം ചെയ്യാൻ രൂപീകരിച്ച പ്രത്യേക കോടതികളുടെ എണ്ണം അപര്യാപ്തമാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടി. 14 സംസ്ഥാനങ്ങളിലെ 498 ജില്ലകളിൽ 194 ജില്ലകൾ മാത്രമാണ് ഈ കേസുകളിൽ വിചാരണ വേഗത്തിലാക്കാൻ പ്രത്യേക കോടതികൾ സ്ഥാപിച്ചത്.
അതിക്രമങ്ങൾക്ക് കൂടുതൽ സാധ്യതയുള്ള ജില്ലകളെപ്പറ്റിയും റിപ്പോർട്ടിൽ പറയുന്നുണ്ട്. 10 സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും മാത്രമാണ് ഇത്തരം ജില്ലകളുണ്ടെന്ന് പറയുന്നത്. ഇത്തരം അതിക്രമങ്ങൾക്ക് സാധ്യതയുള്ള ജില്ലയില്ലെന്നാണ് ബാക്കിയുള്ളവരുടെ അവകാശവാദം. അതിക്രമത്തിന് സാധ്യതയുള്ള പ്രദേശങ്ങളൊന്നുമില്ലെന്നാണ് കേസുകളുടെ എണ്ണത്തിൽ മുന്നിലുള്ള ഉത്തർപ്രദേശിൻ്റെ വാദം. ജാതി അടിസ്ഥാനത്തിലുള്ള അക്രമങ്ങൾ തടയുന്നതിനും ദുർബലരായ സമുദായങ്ങൾക്ക് ശക്തമായ സംരക്ഷണം ഉറപ്പാക്കുന്നതിനും ഈ ജില്ലകളിൽ ശക്തമായ ഇടപെടലുകളുടെ ആവശ്യകതയുണ്ടെന്നും റിപ്പോർട്ട് ഊന്നിപ്പറയുന്നു.
ആന്ധ്രാപ്രദേശ്, അസം, ബിഹാർ, ഛത്തീസ്ഗഡ്, ഗുജറാത്ത്, ഹരിയാന, കേരളം തുടങ്ങി രാജ്യത്തെ ഭൂരിഭാഗം സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും എസ്‌സി/എസ്ടി പ്രൊട്ടക്ഷൻ സെല്ലുകൾ ആരംഭിച്ചതായും റിപ്പോർട്ടിൽ പറയുന്നു. ബിഹാർ, ഛത്തീസ്ഗഡ്, ജാർഖണ്ഡ്, കേരളം, മധ്യപ്രദേശ് എന്നീ അഞ്ച് സംസ്ഥാനങ്ങൾ എസ്‌സി, എസ്ടി വിഭാഗങ്ങൾക്കെതിരായ കുറ്റകൃത്യങ്ങളുടെ പരാതികൾ രജിസ്റ്റർ ചെയ്യുന്നതിനായി പ്രത്യേക പൊലീസ് സ്റ്റേഷനുകളും സ്ഥാപിച്ചിട്ടുണ്ട്.