കുടിവെള്ളത്തിൽ മാലിന്യം; ബ്രഹ്മപുരത്ത് കറുപ്പണിഞ്ഞ് തിരുവോണം

കരിമുകൾ: ശുദ്ധജലത്തിനും തങ്ങളുടെ ജീവനും ആരോഗ്യത്തിനും വേണ്ടി ബ്രഹ്മപുരത്തെ ജനങ്ങൾ നടത്തുന്ന ജനകീയ സമരം 94ാം ദിവസത്തിലേക്ക് കടന്നു. തിരുവോണ നാളിൽ പരമ്പരാഗത ആഘോഷങ്ങൾ മാറ്റിവെച്ച് കറുത്ത വസ്ത്രങ്ങളണിഞ്ഞാണ് വയോധികരും അമ്മമാരും കുട്ടികളും അടങ്ങുന്ന പ്രദേശവാസികൾ സമരപ്പന്തലിൽ വേറിട്ട പ്രതിഷേധം സംഘടിപ്പിച്ചത്.

സേവ് ബ്രഹ്മപുരം ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിലായിരുന്നു പരിപാടി. ‘മാനുഷരെല്ലാരും ഒന്നുപോലെ’ വാണിരുന്ന നാട്ടിൽ, സ്വന്തം കുടിവെള്ളത്തിൽ വിഷം കലർത്തുന്ന അനീതിക്കെതിരെ പോരാടുന്ന ജനങ്ങളെ കാണാൻ പാതാളത്തിൽ നിന്നും മഹാബലി തമ്പുരാൻ സമരപ്പന്തലിലെത്തിയ രൂപത്തിലുള്ള പ്രതീകാത്മക പ്രതിഷേധം ശ്രദ്ധേയമായി.

കെന്റ് മഹൽ അപ്പാർട്ട്മെന്റിലെ മലിനജല സംസ്കരണ പ്ലാന്റിലെ വീഴ്ചകൾ മൂലം സമീപത്തെ കുടിവെള്ള കിണറുകളിൽ കക്കൂസ് മാലിന്യം കലരുന്നതിനെതിരെയാണ് കഴിഞ്ഞ 94 ദിവസമായി പ്രദേശവാസികൾ സമരം നടത്തുന്നത്. തുടർച്ചയായ മൂന്നാം മാസത്തിലേക്ക് കടന്നിട്ടും അധികാരികളും കെട്ടിട ഉടമകളും വിഷയം കണ്ടില്ലെന്ന് നടിക്കുന്നതിൽ പ്രതിഷേധിച്ചാണ് പ്രദേശവാസികൾ ഓണനാളിൽ കറുപ്പണിഞ്ഞത്. നിലവിൽ ഹൈകോടതിയുടെയും അഡ്വക്കേറ്റ് കമീഷന്റെയും പരിഗണനയിലാണ് ഈ കേസ്.

നാട്ടുകാരുടെ ആശങ്കകൾ പരിഹരിക്കപ്പെടുകയും ഫ്ലാറ്റിൽനിന്നുള്ള മാലിന്യം തള്ളൽ പൂർണമായി നിലക്കുകയും ചെയ്യുന്നത് വരെ സമരത്തിൽനിന്ന് പിന്നോട്ടില്ലെന്ന് ആക്ഷൻ കൗൺസിൽ നേതാക്കൾ വ്യക്തമാക്കി. വിഷയത്തിൽ ശാശ്വത പരിഹാരം കാണാൻ ജനപ്രതിനിധികളും ജില്ല ഭരണകൂടവും അടിയന്തരമായി ഇടപെടണമെന്നും സമരസമിതി ആവശ്യപ്പെട്ടു.