‘ഇതെന്തൊരു ഔട്ട്’; ക്രിക്കറ്റിലെ അപൂർവ്വ കാഴ്ചയായി അഫ്ഗാൻ താരത്തിന്റെ റണ്ണൗട്ട്’ഇതെന്തൊരു ഔട്ട്’; ക്രിക്കറ്റിലെ അപൂർവ്വ കാഴ്ചയായി അഫ്ഗാൻ താരത്തിന്റെ റണ്ണൗട്ട്
ഷാർജ: ദക്ഷിണാഫ്രിക്ക-അഫ്ഗാനിസ്താൻ മത്സരത്തിനിടെ അപൂർവ്വമായൊരു റണ്ണൗട്ടിന് സാക്ഷിയായി ആരാധകർ. അഫ്ഗാൻ താരം റഹ്മത്ത് ഷായാണ് സ്വന്തം റണ്ണൗട്ടിന് കാരണക്കാരനായത്. അഫ്ഗാൻ ഇന്നിങ്സിലെ ഒൻപതാം ഓവറിലായിരുന്നു സംഭവം. ലുങ്കി എൻഗിഡി എറിഞ്ഞ ഓവറിലെ രണ്ടാം പന്ത് റഹ്മത്തുള്ള ഗുർബാസ് മിഡ് ഓണിലേക്ക് കളിച്ചു. തനിക്ക് നേരെയെത്തിയ പന്ത് കൈപിടിയിലൊതുക്കാൻ എൻഗിഡിക്കായില്ല. പന്ത് നോൺ സ്ട്രൈക്കിങ് എൻഡിലുണ്ടായിരുന്ന റഹ്മത്ത് ഷായുടെ ഷോൾഡറിൽ തട്ടി വിക്കറ്റിലേക്ക്. പന്തിന്റെ ഗതി മനസിലാക്കി ഒഴിഞ്ഞുമാറാനുള്ള ശ്രമം പരാജയപ്പെടുകയായിരുന്നു.Afghan
പന്ത് വിക്കറ്റിൽ തട്ടുമ്പോൾ റഹ്മത്ത് ഷാ ക്രീസിന് പുറത്തായിരുന്നു. തേർഡ് അമ്പയർ ദൃശ്യങ്ങൾ പരിശോധിച്ച ശേഷം ഔട്ട് വിധിക്കുകയും ചെയ്തു. നിർഭാഗ്യവാനായി താരം ഒരു റണ്ണുമായി പവലിയനിലേക്ക്. അപൂർവ്വമായൊരു പുറത്താകലിന് ഷാർജ ക്രിക്കറ്റ് സ്റ്റേഡിയം ഇതോടെ സാക്ഷ്യം വഹിച്ചു.
ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ഏകദിനത്തിൽ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാൻ 169 റൺസിൽ പുറത്തായിരുന്നു. റഹ്മത്തുള്ള ഗുർബാസ് 89 റൺസുമായി ടോപ് സ്കോററായി. മറുപടി ബാറ്റിങിൽ എയ്ഡൻ മാർക്രത്തിന്റെ അർധസെഞ്ച്വറി കരുത്തിൽ (67 പന്തിൽ 69) പ്രോട്ടീസ് ഏഴ് വിക്കറ്റ് വിജയം പിടിച്ചു. നേരത്തെ ആദ്യ രണ്ട് ഏകദിനങ്ങൾ വിജയിച്ച അഫ്ഗാൻ ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പര 2-1 വിജയിച്ചിരുന്നു. ചരിത്രത്തിൽ ആദ്യമായാണ് അഫ്ഗാൻ പ്രോട്ടീസ് സംഘത്തിനെതിരെ പരമ്പര സ്വന്തമാക്കുന്നത്.